ഒരു ഇന്റർവ്യൂം

ബൈക്ക് ഓടിച്ചു കൊണ്ട് പോകുകയായിരുന്നെങ്കിലും അവന്റെ ചിന്ത വേറെവിടെയോ ആണെന്ന് മുഖത്തെ നർമ്മവികാരത്തിൽ നിന്നും മനസ്സിലാക്കാം. വണ്ടി നിർത്തി അടുത്ത കടയിൽനിന്നും സിഗരറ്റ് വാങ്ങി, പുകചുരുൾ ഊതി വിടുമ്പോഴും അതേ അവസ്ഥയിൽ ആയിരുന്നു. കുറച്ച് സമീപത്തായി രണ്ട്, മൂന്ന് ആളുകളും, ഒരു പശുവും ഉള്ള സംഘം കലപില കൂട്ടുന്നുണ്ടായിരുന്നു.
പശുവിനെ കച്ചവടമാക്കുന്നതിനുള്ള ചെറിയ സമ്മേളനമായിരുന്നു അത്. പശുവിനെ കൊടുക്കുന്ന ആൾ അതിന്റെ ഗുണ ഗണങ്ങൾ വർണ്ണിക്കുന്നു. വാങ്ങാൻ വന്ന ആൾ ആ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പശുവിന് ചുറ്റും നടന്ന് തൊട്ടും, തടകിയും നോക്കുന്നു. സിഗരറ്റിൽ നിന്നും ആഞ്ഞ് പുക ഉള്ളിലേക്ക് വലിച്ച്  പരിഹാസ ചിരിയോടെ കഴിഞ്ഞുപോയ രണ്ടു സംഭവങ്ങൾ സംയോജിപ്പിച്ച് കൊണ്ട് അവൻ ഓർക്കുന്നു.

ഒരു ജോലി ഉണ്ടെങ്കിലും കുറച്ചും കൂടി ശമ്പളം ഉള്ള ഒരു ജോലിക്കായി പോയ ഇന്റർവ്യൂവും, തൊട്ടു മുൻപ് പോയിട്ടുവന്ന ഒരു പെണ്ണുകാണൽ ചടങ്ങും സംയോജിപ്പിച്ച് കൊണ്ടാണ് ഓർമ്മയിൽ പുക ചുരുളാക്കുന്നത്.

കൃത്യമായി വഴി അറിയാത്തതിനാൽ രണ്ട് സ്ഥലത്തേക്കും ചോദിച്ച്, ചോദിച്ചാണ് പോയത്. ഇന്റർവ്യൂവിന് ചെന്നിരുന്നതും പെണ്ണ് കാണലിന് ചെന്നിരുന്നതും ഏകദേശം ഒരു പോലെ തന്നെ ആയിരുന്നു. കമ്പനിയിൽ HR executive-ന്റെ മുൻപിലും, പെണ്ണിന്റെ അച്ചന്റെ മുൻപിലും ചെറിയ പരിഭ്രമത്തോടെ ആണ് അവൻ ഇരുന്നത്.

"Tell me about yourself " എന്ന HR ന്റെ ചോദ്യത്തിനും; പെണ്ണിന്റെ അച്ചന്റെ ആ ചോദ്യത്തിനും ഉള്ള   മറുപടിയും ഒന്നായിരുന്നു. ചെയ്യുന്ന വർക്കും, കമ്പനിയേയും കുറിച്ചുള്ള പെണ്ണിന്റെ അച്ചന്റെ 
അടുത്ത ചോദ്യത്തിനും; HR ന്റെ അടുത്ത ചോദ്യത്തിനും ഉള്ള ഉത്തരം കുഴപ്പമില്ലാതെ പറഞ്ഞു തീർത്തു.

പെണ്ണിന്റെ അച്ചന്റെ പിന്നീടുള്ള ചോദ്യങ്ങളും, പെണ്ണിനെ കണ്ടതും, കമ്പനിയിലെ റിട്ടേണ്‍ ടെസ്റ്റും കഴിഞ്ഞ് അവസാനം രണ്ടിടത്തും നിന്നുള്ള ഫലം ഒന്നായിരുന്നു. "ശരി, വിളിച്ചറിയിക്കാം"

കത്തി തീരാറായ സിഗരറ്റിന്റെ തീയുടെ ചൂട് അവനെ ഓർമ്മയിൽ നിന്നും ഉണർത്തി.

പറഞ്ഞ ഗുണ ഗണങ്ങൾ ഇല്ല എന്ന കാരണത്താൽ പശുവിനെ വാങ്ങാത്തതിലും, കച്ചവടം മുടങ്ങിയതിലും ഉള്ള ദേഷ്യം കച്ചവടക്കാരൻ പശുവിന്റെ മുതുകത്ത് തല്ലിയും, പിറുപിറുത്തും കൊണ്ട്  അവന്റെ അരികിലൂടെ നടന്ന് നീങ്ങി...

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു