Wednesday, November 19, 2014

ചൊറിയൻ പുഴു


Paying guest  ആയി ഒരു രണ്ടു നില വീടിന്റെ മുകളിലത്തെ നിലയാണ്  അവന്റെ താമസം. ഉറങ്ങാൻ കിടക്കാൻ താമസിച്ചെങ്കിലും പതിവില്ലാതെ അവൻ നേരത്തേ ഉണർന്നു. എന്നത്തേയും
പോലെ അന്നും അവൻ ആദ്യം മുഖം കഴുകി തോർത്തി. അൽപനേരം ഇരുന്നതിനു ശേഷം അടുത്തുള്ള കടയിൽ നിന്നും പുട്ടും കടലയും കഴിക്കാനായി ഗോവണിപടിയിലൂടെ താഴേക്കു ഇറങ്ങി. രണ്ട്, മൂന്ന് പടി ഇറങ്ങികഴിഞ്ഞപ്പോൾ എന്തോ കണ്ടതു പോലെ അവൻ നിന്നു. അത് ഒരു ചൊറിയൻ പുഴു ആയിരുന്നു. അവൻ പതിയെ കാലിലിട്ടിരുന്ന ചെരുപ്പിന്റെ മുൻ ഭാഗം കൊണ്ട് ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് ചൊറിയൻ പുഴുവിനെ തള്ളിയിട്ടു. ചൊറിയൻ പുഴു ഉരുണ്ടുരുണ്ട്  ഒരു വശത്ത് ചെന്നു വീണു. വളരെയധികം കഷ്ടപ്പെട്ട്‌ വീണ്ടും അത്  ഇഴഞ്ഞു തുടങ്ങി.അവൻ ചൊറിയൻ പുഴുവിനെ ഒന്നു കൂടി ഇരുത്തി നോക്കി. എന്നിട്ട് ചുറ്റിനും ഒന്നു കണ്ണ് ഓടിച്ചു എന്തോ തിരയുന്നതു പോൽ. അവിടെ കിടന്ന ഒരു ഈർക്കിൽ എടുത്ത് പതിയെ ചൊറിയൻ പുഴുവിന്റെ വാലിൽ കുത്തിക്കൊണ്ടിരുന്നു. വേദന കൊണ്ട് ചൊറിയൻ പുഴു വെപ്രാളത്തോടെ പാഞ്ഞു. ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് മറിഞ്ഞും ഇഴഞ്ഞും ഉരുണ്ട പുഴുവിനെ ഈർക്കിൽ കൊണ്ട് കുത്തി താഴേക്ക് ഇട്ടു. താഴേ മണ്ണിൽ ചികഞ്ഞു കൊണ്ടിരുന്ന കോഴി ചൊറിയൻ പുഴുവിനെ കണ്ടിട്ട് ഓടി വന്ന് കൊത്തി തെറിപ്പിച്ച്‌ തിന്നാൻ ഭാവിച്ചു. ഇത് കണ്ട അവൻ പടികൾ ഇറങ്ങി ഓടി കോഴിയെ ആട്ടിപ്പായിച്ചു.

"വയറും വാലും പൊട്ടി ചലവും വെള്ളവും കൊണ്ട് നിറഞ്ഞ ദ്രാവകത്തിൽ തല മാത്രം ഇളക്കി കൊണ്ട് ചൊറിയൻ പുഴു ഇഴ
യാൻ ശ്രമിക്കുന്നത് അവൻ അൽപനേരം നോക്കി നിന്നു."
 വിശപ്പ്‌ അവനെ കാർന്നു തിന്നുന്നതിനാൽ അവൻ പെട്ടന്നു നടന്നു നീങ്ങി. അവന്റെ ചെരുപ്പിന്റെ
അടിയിൽ പറ്റിപ്പിടിച്ചിരുന്ന ചൊറിയൻ പുഴുവിന്റെ ജഡം ആ റോഡിൽ അങ്ങിങ്ങായി പറ്റിച്ചേർന്നു.

**************************

ശനിയും ഞായറും ഓഫീസ് അവധി ആയതിനാൽ അതി രാവിലെ തന്നെ അവൻ വീട്ടിലേക്ക്

ബസ്സ്‌ കയറി. വീട്ടിലെത്തിയപ്പോൾ ആദ്യം യാത്ര ക്ഷീണം മാറ്റാനായി BathRoom- ൽ കയറി
മുഖം നല്ലതു പോലെ കഴുകുകയും, നെഞ്ചും കൈയ്യും വെള്ളം കൊണ്ട് തുടയ്ക്കുകയും ചെയ്തു.

തുടയ്ക്കാനായ് തോർത്ത് നോക്കിയിട്ട് BathRoom- ൽ ഇല്ലായിരുന്നു. അവിടെ നിന്നും ഇറങ്ങി

നടന്നപ്പോൾ കിണറിനരികിലുള്ള രണ്ട് മരത്തിലായി കെട്ടിയിരുന്ന അശയിൽ ഒരു തോർത്ത്‌
കണ്ടു. അവൻ ആ തോർത്തെടുത്ത് വിശാലമായി തന്നെ മുഖവും, കൈയ്യും, നെഞ്ചും തുടച്ചു. തോർത്ത് അവിടെത്തന്നെ ഇട്ടിട്ട് വീടിന്റെ തിണ്ണക്ക് കയറി കണ്ണാടി എടുത്ത് സൗന്ദര്യം ആസ്വദിച്ചു. മനസ്സിനും ശരീരത്തിനും എന്തോ ഒരു സുഖം അവൻ അനുഭവിച്ചു. പക്ഷെ ആ സുഖം ഒരു കുളിർമപോലെയോ, രോമാഞ്ചo പോലെയോ,കോരിത്തരിപ്പ് പോലെയോ അവന്റെ മുഖത്തും നെഞ്ചത്തും അരിച്ചിറങ്ങി. പതിയെ പതിയെ അവൻ ചൊറിഞ്ഞു തുടങ്ങി. മുഖത്തും കൈയിലും നെഞ്ചത്തും കുഞ്ഞ് കുഞ്ഞ് പാടുകൾ കണ്ടു തുടങ്ങി. നിമിഷ നേരം കൊണ്ട് ആ പാടുകൾ വലുതായി വ്യാപിച്ചു തുടങ്ങി. അവൻ ചൊറിച്ചിൽ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. അടുക്കളയിൽ കയറി വെളിച്ചെണ്ണ കുപ്പി എടുത്ത് ഇടതു കൈതണ്ടയിലേക്ക് കുടു കൂടെ എണ്ണ ഒഴിച്ചിട്ട് മുഖത്തും നെഞ്ചത്തും, കൈയിലും തേച്ചു. എന്നിട്ടും ചൊറിച്ചിലിന് ഒരു വ്യത്യാസവുമില്ല. പാടുകൾ വലുതായിമുഖം ഒരു മാതിരി വികൃതമായി വീർത്തു. അവന്റെ കഷ്ടപ്പാടു കണ്ടിട്ട് അയൽ പക്കത്തെ ചേച്ചി ഒരു പൊടി കൈയുമായി എത്തി.

"ചുമ്മന്നഉള്ളി നല്ലതു പോലെ ചതച്ചരച്ചിട്ട് ചൊറിച്ചലും, പാടും ഉള്ള ഭാഗത്ത് തേച്ചാൽ മതി."

ചുമന്നഉള്ളി പാട്ട തട്ടി മറിച്ചിട്ട് കുറെ വാരിയെടുത്ത് അതിന്റെ തൊലി കടിച്ചും, പിച്ചാത്തിയ്ക്ക്

ചീകിയും കളഞ്ഞ് ഒരു സ്റ്റീൽ ഗ്ലാസ്സിലിട്ട് ചപ്പാത്തി പരത്തിയെടുക്കുന്ന തടി കൊണ്ട്  ഗ്ലാസ്സിൽ
ഇട്ടു ഇടിച്ച് ചതച്ച് വാരി നെഞ്ചത്തും, മുഖത്തും, കൈയിലും തേച്ചു. ചെറിയ രീതിയിൽ ഉള്ള പൊള്ളൽ അനുഭവിച്ചറിഞ്ഞെങ്കിലും ഒരു മാറ്റവും വന്നില്ല. കുറെ മണിക്കുറുകൾ പല മാസങ്ങൾ കടന്നു നീങ്ങിയെടുക്കുന്നതു പോലെ കഴിഞ്ഞപ്പോൾ അവന് ചെറിയ ആശ്വാസം വന്നു.

എങ്ങനെ? എവിടെ വെച്ച് ? എന്ത് ?

സംഭവിച്ചതെന്തെന്ന് അവൻ ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു നടന്നു. എന്തോ ഉത്തരം കിട്ടിയതു
പോൽ അവൻ പയ്യെ കിണറിന്റെ അരികിലേക്ക് നടന്നു. തോർത്ത്‌ പഴയതു പോലെ അശയിൽ
കിടപ്പുണ്ട്. അവൻ അശയിൽ നിന്നും തോർത്തെടുത്ത് നിവർത്തി നോക്കി ...

"വയറും വാലും പൊട്ടി ചലവും വെള്ളവും കൊണ്ട് നിറഞ്ഞ ദ്രാവകത്തിൽ തല മാത്രം ഇളക്കി കൊണ്ട് ചൊറിയൻ പുഴു ഇഴയാൻ ശ്രമിക്കുന്നത് അവൻ അൽപനേരത്തേക്ക് ചൊറിഞ്ഞു കൊണ്ട് നോക്കി നിന്നു."

 

No comments: