അടപ്പ്












സത്യത്തിൽ ഇപ്പോഴും അവളുടെ പേര് അറിയില്ല. കഫറ്റേരിയയിൽ ബോട്ടിലിൽ വെള്ളം നിറക്കാൻ നിന്നപ്പോഴും, സ്റ്റെപ് കയറുമ്പോഴും ഒക്കെ അവളെ ഒറ്റയ്ക്ക് കണ്ടിട്ടുണ്ട്. ചോദിക്കാൻ അവസരവും ഉണ്ടായിരുന്നു. എന്നിട്ടും ചോദിച്ചില്ല. കാരണം അവൾ ഇത് വരെയും മുഖത്തിനു നേരെ നോക്കിയിട്ടില്ല. ഒരു സൂചന പോലും തന്നിട്ടില്ല. Who are you ? എന്ന് തിരിച്ചു ചോദിച്ചാൽ തീർന്നില്ലേ. പക്ഷെ ഇത് നല്ല അവസരം ആണ്. വേറെ ആരെങ്കിലും വലിഞ്ഞു കേറി സഹായത്തിനു എത്തും മുൻപ് ചാടി വീണേക്കാം. ആകെ വിയർത്ത മട്ടാണ് അവൾ. മുഖഭാവം കണ്ടാൽ ഇതൊക്കെ എന്ത് എന്നാണ്. പക്ഷെ ഒരു ചമ്മൽ ഉള്ളിൽ ഓടി കളിക്കുന്നുണ്ട്. കാരണം ആ ഹാളിലുള്ള പത്തു മുപ്പത്തഞ്ചോളം വരുന്ന തീറ്റഭ്രാന്തന്മാർ + തീറ്റഭ്രാന്തിമാർ, അൽപനേരം തീറ്റ നിർത്തി അവളെ തന്നെ നോക്കി ഇരുപ്പാണ്. അവളുടെ കൂടെ ഉള്ളവര് പോലും സഹായത്തിനു ചെന്നിട്ടില്ല. ഇതിന് മുൻപ് ഇതേ പോലെ സംഭവിച്ചിട്ടുള്ളതായിരുന്നു. കൈ കഴുകാനായി വാഷിംഗ്‌ റൂമിൽ നിന്നപ്പോൾ ആയിരുന്നു അവൾ അങ്ങോട്ടേക്ക് കയറി വന്നത്. അവിടെ ക്ലീനിങ് ചേച്ചിമാരും ഉണ്ടായിരുന്നു. അവൾ ആ ചേച്ചിമാരിൽ ഒരാളെ കൊണ്ടാണ് ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ട് വന്ന ലഞ്ച് ബോക്സ്‌ തുറപ്പിച്ചത്. കഴിക്കാൻ ഇരുന്നടുത്ത് വെച്ച് ഒത്തിരി ശ്രമിച്ചിട്ടും തുറക്കാൻ പറ്റിയില്ലായിരുന്നു. പ്ലാസ്റ്റിക് ആയിരുന്നേൽ easy ആയിരുന്നേനേം. ഇത് അലുമിനിയത്തിന്റെ അല്ലേ തട്ടം. ചേച്ചി കൂളായിട്ടു തുറന്നു കൊടുത്തില്ലേ. ഇത് അത് പോലെ അല്ലെന്നു തോന്നുന്നു. അവൾ കഴിക്കാൻ ഇരുന്നിടത്തു, കൂട്ടിനു തടി മാടന്മാർ ഉണ്ടായിരുന്നു. കൂടെ തോഴിമാരും. അവൾ ശെരിക്കും ബലമെടുത്തു തുറക്കാൻ നോക്കി. ഒരു രക്ഷയുമില്ല. കൂടെ ഉള്ളവർ ചോറ് പാത്രോം തുരന്നു ടേബിളും മാന്തി തിന്നു കൊണ്ടിരിക്കുവാ. അപ്പോഴാ കൂടെ ഉള്ള ഒരുത്തിയുടെ തട്ടം. അവൾ തല ചായ്ച്ചു വാഷ് റൂമിലേക്ക്‌ വട്ടം നോക്കി. അവിടെ ക്ലീനിങ് ചേച്ചിമാർ ഇല്ലായിരുന്നു. അവൾ അടപ്പിലേക്കു വിരലുകൾ അമർത്തി തുറക്കാൻ നോക്കി കൊണ്ടേയിരുന്നു. ഇടയ്ക്കു മടിയിലേക്കു ചേർത്ത് പയ്യെ ഇടിച്ചു തുറക്കാൻ ശ്രമിച്ചു. അവസാനം ദേഷ്യത്തിൽ താഴെ തറയിൽ പല തവണ ഇടിച്ചു കൊണ്ടിരുന്നു. അത് വരെ കഫറ്റേരിയ ഹാളിൽ കഴിക്കാൻ വന്നവരുടെ ചിലപ്പും, കോർണറിലായി ഫുഡിന്റെ കരാറുകാരുടെ വിളമ്പലിന്റെ ഒച്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശബ്ദങ്ങളെ ഒരു വശത്തേക്ക് തള്ളി നീക്കി ചോറ് പാത്രം തറയിൽ ഇടിപ്പിക്കുന്ന ശബ്ദം മുഴങ്ങി കേട്ടു. ഒരു രക്ഷയുമില്ലല്ലോ. എന്നാൽ പിന്നെ അത് അവിടെ വെച്ചിട്ട് കാശ് കൊടുത്തു ഒരു ഊണ് വാങ്ങി കഴിച്ചാൽ പോരേ. പാവം... എന്തായാലും തട്ടം തുറക്കാൻ ശ്രമിച്ചു ആകെ വല്ലാത്ത അവസ്ഥയിൽ ആയിക്കാണും. പിന്നെ ഇത്തിരി വാശിയും. എങ്ങനെങ്കിലും തുറന്നേ... എന്നുള്ള വാശി. അതായിരിക്കും സ്വയം ശ്രമം ഉപേക്ഷിച്ചിട്ട് ഫുഡ്‌ സപ്ലൈ ചെയ്യുന്ന ചേട്ടന്മാരോട് സഹായം ചോദിച്ചത്. സുന്ദരിയായ പെൺകുട്ടികളെ സഹായിക്കാൻ ജീവൻ വരെ കൊടുക്കും എന്ന രീതിയിൽ ഒരുത്തൻ തട്ടം വാങ്ങി തുറക്കാൻ ശ്രമിക്കുന്നു. ഒരു രക്ഷയുമില്ല. അവനും തറയിൽ ഇടിച്ചു നോക്കി. അപ്പോഴേക്കും എല്ലാവരുടെയും ശ്രദ്ധ അവളിലായി. വല്ലാതെ വിയർക്കുന്നുണ്ട്. എങ്ങനെങ്കിലും അവളെ സഹായിച്ചേ പറ്റൂ. പോയി സമാധാനിപ്പിച്ചാലോ... വേണ്ട കരഞ്ഞാൽ പണി പാളും. എങ്ങനെങ്കിലും അത് തുറന്നു കൊടുത്താൽ അതു വഴി മുട്ടാം. പണ്ട് ജിമ്മിന് അങ്ങോട്ട് കാശ് കൊടുത്തു പണിയെടുത്ത ഇച്ചിരി മസില് ബാക്കി ഉണ്ട്. അതു ഉരുട്ടി കേറ്റി ഒന്ന് ശ്രമിച്ചു നോക്കാം. ഇത് വരെയും വേറെ ഒരാളും സഹായിക്കാൻ എത്തിയിട്ടില്ല. തട്ടം തുറക്കാൻ നോക്കുന്ന ചെറുക്കനും, അവളും ഇടയ്ക്കിടയ്ക്ക് ദയനീയമായി പരസ്പരം നോക്കുന്നുണ്ട്. അവനെ വളർത്തികൂടാ... ഊണ് പകുതിയാക്കി, വേഗം പോയി കൈ കഴുകി, ഉള്ള മസിലും പെരുപ്പിച്ചു ചെറുക്കന്റെ കൈയിൽ നിന്നും തട്ടം വാങ്ങി. അവളെ ഒന്ന് നോക്കി. ഇപ്പോൾ ആ ഹാളിൽ ഉള്ളവര് മുഴുവനും അങ്ങോട്ട്‌ നോക്കി ഇരുപ്പാണ്. എല്ലാവരും കൈയടിച്ചു ആർപ്പു വിളിച്ച് ആവേശം കൊള്ളിക്കുന്ന പോലെ ഒരു തോന്നൽ. ഉരുണ്ടു കേറിയ ഇച്ചിരി മസില് കൈകളിലേക്ക് ആവാഹിച്ച്‌, കണ്ണ് തള്ളി, ഞരമ്പ് മുറുക്കി, ചുണ്ടും കടിച്ചു പിടിച്ചു പണ്ട് സ്കൂളിൽ പഠിപ്പിച്ച ഡ്രിൽ മാഷെ മനസ്സിൽ ധ്യാനിച്ചു ഒറ്റ ശ്രമം. അടപ്പ് ഇടത് കൈയിലും, ബാക്കി പാത്രവും ചോറും കറിയും തറയിലേക്ക് സ്ലോ മോഷനിൽ തെറിച്ചു വീണു. സ്ലോ മോഷനിൽ തന്നെ തറയിൽ നിന്നും ചോറും കറിയും മിക്സ്‌ ആയി അവളുടെ ദേഹത്തും, ചോറിനകത്തു തിരുകി വെച്ചിരുന്ന ഒരു പുഴുങ്ങിയ മുട്ട തട്ടം തുറക്കാൻ നോക്കിയ ചെറുക്കന്റെ വായിലും ചെന്നിരുന്നു. കൈയിൽ നിന്നും അവശേഷിച്ച അടപ്പ് താഴേക്ക്‌ ഊർന്നു....
- PREJI.PK

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു