Friday, November 21, 2014

വാട്സ് ആപ്പ്

ഭർത്താവിന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ വാട്സ് ആപ്പ് ചാറ്റ്‌ നിർത്തി ഭാര്യ പ്രസന്നവതിയായി
ഭർത്താവിനെ വീട്ടിലേക്ക് ആനയിച്ചു. ഭർത്താവ് ജോലി തിരക്കിന്റെ പിരി മുറുക്കത്തിൽ കിടക്കയിലേക്ക് ചാഞ്ഞു. ഭാര്യ വീണ്ടും ഒളിച്ച് വാട്ട്‌സ് ആപ്പ് ചാറ്റിംഗ് തുടർന്നു. മുഖം കഴുകാനായി
ഭർത്താവ് വന്നപ്പോൾ ഭാര്യ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പതുങ്ങി. ജനാലയുടെ കർട്ടനിൽ
വിരലോടിച്ചും, ഇടയ്ക്ക് കർട്ടന്റെ തുമ്പ് കെട്ടുകയും, അഴിക്കുകയും, കടിക്കുകയും ചെയ്ത് കൊണ്ട്
ഭാര്യ ചാറ്റിംഗ് തുടർന്നു. ഭാര്യയുടെ ഇടതു തോളിൽ കൈ വെച്ച് പയ്യെ തന്നിലേക്ക്
തിരിച്ച് ഫോണ്‍ വാങ്ങി ചാറ്റ് ചെയ്ത ആളിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് ഭർത്താവ് സംസാരിക്കുന്നു.

"ഞാൻ ഭർത്താവ് യു .ഡി ക്ലാർക്കായി വില്ലേജ് ഓഫീസിൽ വർക്ക്‌ ചെയ്യുന്നു. വീട് വെയ്ക്കാനായി 6 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്. മുടക്കമില്ലാതെ അടക്കുന്നുണ്ട്. ഒരു ഹീറോഹോണ്ടാ സപ്ലെൻഡർ ബൈക്കുണ്ട്. വല്ലപ്പോഴും രണ്ട് ലാർജ് കഴിയ്ക്കും. ഇടയ്ക്ക് ഭാര്യയെ സിനിമയ്ക്കും,ഷോപ്പിങ്ങിനും കൊണ്ട് പോകും. വർഷത്തിൽ ഒരിക്കൽ മൂന്ന് ദിവസത്തെ ടൂറിന് പോകും. ഇടയ്ക്ക് ഭാര്യയുടെ വീട്ടിലും പോകും. ചില സൗന്ദര്യ പ്പിണക്കങ്ങളും ഇടയ്ക്കുണ്ടാകും.

നിങ്ങൾ കല്യാണം കഴിച്ച ആളാണെങ്കിൽ വിവാഹ മോചനത്തെകുറിച്ച്  ചിന്തിച്ച് തുടങ്ങുക. നിങ്ങൾ   കല്യാണം കഴിക്കാത്ത ആളാണെങ്കിൽ കല്യാണം കഴിഞ്ഞ്  ജീവിതവുമായി ആഞ്ഞു നടക്കുമ്പോൾ മനസ്സിലാക്കി കൊളളും."
 
സംസാരം നിർത്തി ഭർത്താവ് ഫോണ്‍ ഭാര്യയുടെ കൈയിൽ ഏൽപ്പിച്ച് താഴത്തെ നിലയിലേക്ക് നടന്നിറങ്ങി.
   

Wednesday, November 19, 2014

ചൊറിയൻ പുഴു


Paying guest  ആയി ഒരു രണ്ടു നില വീടിന്റെ മുകളിലത്തെ നിലയാണ്  അവന്റെ താമസം. ഉറങ്ങാൻ കിടക്കാൻ താമസിച്ചെങ്കിലും പതിവില്ലാതെ അവൻ നേരത്തേ ഉണർന്നു. എന്നത്തേയും
പോലെ അന്നും അവൻ ആദ്യം മുഖം കഴുകി തോർത്തി. അൽപനേരം ഇരുന്നതിനു ശേഷം അടുത്തുള്ള കടയിൽ നിന്നും പുട്ടും കടലയും കഴിക്കാനായി ഗോവണിപടിയിലൂടെ താഴേക്കു ഇറങ്ങി. രണ്ട്, മൂന്ന് പടി ഇറങ്ങികഴിഞ്ഞപ്പോൾ എന്തോ കണ്ടതു പോലെ അവൻ നിന്നു. അത് ഒരു ചൊറിയൻ പുഴു ആയിരുന്നു. അവൻ പതിയെ കാലിലിട്ടിരുന്ന ചെരുപ്പിന്റെ മുൻ ഭാഗം കൊണ്ട് ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് ചൊറിയൻ പുഴുവിനെ തള്ളിയിട്ടു. ചൊറിയൻ പുഴു ഉരുണ്ടുരുണ്ട്  ഒരു വശത്ത് ചെന്നു വീണു. വളരെയധികം കഷ്ടപ്പെട്ട്‌ വീണ്ടും അത്  ഇഴഞ്ഞു തുടങ്ങി.അവൻ ചൊറിയൻ പുഴുവിനെ ഒന്നു കൂടി ഇരുത്തി നോക്കി. എന്നിട്ട് ചുറ്റിനും ഒന്നു കണ്ണ് ഓടിച്ചു എന്തോ തിരയുന്നതു പോൽ. അവിടെ കിടന്ന ഒരു ഈർക്കിൽ എടുത്ത് പതിയെ ചൊറിയൻ പുഴുവിന്റെ വാലിൽ കുത്തിക്കൊണ്ടിരുന്നു. വേദന കൊണ്ട് ചൊറിയൻ പുഴു വെപ്രാളത്തോടെ പാഞ്ഞു. ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് മറിഞ്ഞും ഇഴഞ്ഞും ഉരുണ്ട പുഴുവിനെ ഈർക്കിൽ കൊണ്ട് കുത്തി താഴേക്ക് ഇട്ടു. താഴേ മണ്ണിൽ ചികഞ്ഞു കൊണ്ടിരുന്ന കോഴി ചൊറിയൻ പുഴുവിനെ കണ്ടിട്ട് ഓടി വന്ന് കൊത്തി തെറിപ്പിച്ച്‌ തിന്നാൻ ഭാവിച്ചു. ഇത് കണ്ട അവൻ പടികൾ ഇറങ്ങി ഓടി കോഴിയെ ആട്ടിപ്പായിച്ചു.

"വയറും വാലും പൊട്ടി ചലവും വെള്ളവും കൊണ്ട് നിറഞ്ഞ ദ്രാവകത്തിൽ തല മാത്രം ഇളക്കി കൊണ്ട് ചൊറിയൻ പുഴു ഇഴ
യാൻ ശ്രമിക്കുന്നത് അവൻ അൽപനേരം നോക്കി നിന്നു."
 വിശപ്പ്‌ അവനെ കാർന്നു തിന്നുന്നതിനാൽ അവൻ പെട്ടന്നു നടന്നു നീങ്ങി. അവന്റെ ചെരുപ്പിന്റെ
അടിയിൽ പറ്റിപ്പിടിച്ചിരുന്ന ചൊറിയൻ പുഴുവിന്റെ ജഡം ആ റോഡിൽ അങ്ങിങ്ങായി പറ്റിച്ചേർന്നു.

**************************

ശനിയും ഞായറും ഓഫീസ് അവധി ആയതിനാൽ അതി രാവിലെ തന്നെ അവൻ വീട്ടിലേക്ക്

ബസ്സ്‌ കയറി. വീട്ടിലെത്തിയപ്പോൾ ആദ്യം യാത്ര ക്ഷീണം മാറ്റാനായി BathRoom- ൽ കയറി
മുഖം നല്ലതു പോലെ കഴുകുകയും, നെഞ്ചും കൈയ്യും വെള്ളം കൊണ്ട് തുടയ്ക്കുകയും ചെയ്തു.

തുടയ്ക്കാനായ് തോർത്ത് നോക്കിയിട്ട് BathRoom- ൽ ഇല്ലായിരുന്നു. അവിടെ നിന്നും ഇറങ്ങി

നടന്നപ്പോൾ കിണറിനരികിലുള്ള രണ്ട് മരത്തിലായി കെട്ടിയിരുന്ന അശയിൽ ഒരു തോർത്ത്‌
കണ്ടു. അവൻ ആ തോർത്തെടുത്ത് വിശാലമായി തന്നെ മുഖവും, കൈയ്യും, നെഞ്ചും തുടച്ചു. തോർത്ത് അവിടെത്തന്നെ ഇട്ടിട്ട് വീടിന്റെ തിണ്ണക്ക് കയറി കണ്ണാടി എടുത്ത് സൗന്ദര്യം ആസ്വദിച്ചു. മനസ്സിനും ശരീരത്തിനും എന്തോ ഒരു സുഖം അവൻ അനുഭവിച്ചു. പക്ഷെ ആ സുഖം ഒരു കുളിർമപോലെയോ, രോമാഞ്ചo പോലെയോ,കോരിത്തരിപ്പ് പോലെയോ അവന്റെ മുഖത്തും നെഞ്ചത്തും അരിച്ചിറങ്ങി. പതിയെ പതിയെ അവൻ ചൊറിഞ്ഞു തുടങ്ങി. മുഖത്തും കൈയിലും നെഞ്ചത്തും കുഞ്ഞ് കുഞ്ഞ് പാടുകൾ കണ്ടു തുടങ്ങി. നിമിഷ നേരം കൊണ്ട് ആ പാടുകൾ വലുതായി വ്യാപിച്ചു തുടങ്ങി. അവൻ ചൊറിച്ചിൽ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. അടുക്കളയിൽ കയറി വെളിച്ചെണ്ണ കുപ്പി എടുത്ത് ഇടതു കൈതണ്ടയിലേക്ക് കുടു കൂടെ എണ്ണ ഒഴിച്ചിട്ട് മുഖത്തും നെഞ്ചത്തും, കൈയിലും തേച്ചു. എന്നിട്ടും ചൊറിച്ചിലിന് ഒരു വ്യത്യാസവുമില്ല. പാടുകൾ വലുതായിമുഖം ഒരു മാതിരി വികൃതമായി വീർത്തു. അവന്റെ കഷ്ടപ്പാടു കണ്ടിട്ട് അയൽ പക്കത്തെ ചേച്ചി ഒരു പൊടി കൈയുമായി എത്തി.

"ചുമ്മന്നഉള്ളി നല്ലതു പോലെ ചതച്ചരച്ചിട്ട് ചൊറിച്ചലും, പാടും ഉള്ള ഭാഗത്ത് തേച്ചാൽ മതി."

ചുമന്നഉള്ളി പാട്ട തട്ടി മറിച്ചിട്ട് കുറെ വാരിയെടുത്ത് അതിന്റെ തൊലി കടിച്ചും, പിച്ചാത്തിയ്ക്ക്

ചീകിയും കളഞ്ഞ് ഒരു സ്റ്റീൽ ഗ്ലാസ്സിലിട്ട് ചപ്പാത്തി പരത്തിയെടുക്കുന്ന തടി കൊണ്ട്  ഗ്ലാസ്സിൽ
ഇട്ടു ഇടിച്ച് ചതച്ച് വാരി നെഞ്ചത്തും, മുഖത്തും, കൈയിലും തേച്ചു. ചെറിയ രീതിയിൽ ഉള്ള പൊള്ളൽ അനുഭവിച്ചറിഞ്ഞെങ്കിലും ഒരു മാറ്റവും വന്നില്ല. കുറെ മണിക്കുറുകൾ പല മാസങ്ങൾ കടന്നു നീങ്ങിയെടുക്കുന്നതു പോലെ കഴിഞ്ഞപ്പോൾ അവന് ചെറിയ ആശ്വാസം വന്നു.

എങ്ങനെ? എവിടെ വെച്ച് ? എന്ത് ?

സംഭവിച്ചതെന്തെന്ന് അവൻ ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു നടന്നു. എന്തോ ഉത്തരം കിട്ടിയതു
പോൽ അവൻ പയ്യെ കിണറിന്റെ അരികിലേക്ക് നടന്നു. തോർത്ത്‌ പഴയതു പോലെ അശയിൽ
കിടപ്പുണ്ട്. അവൻ അശയിൽ നിന്നും തോർത്തെടുത്ത് നിവർത്തി നോക്കി ...

"വയറും വാലും പൊട്ടി ചലവും വെള്ളവും കൊണ്ട് നിറഞ്ഞ ദ്രാവകത്തിൽ തല മാത്രം ഇളക്കി കൊണ്ട് ചൊറിയൻ പുഴു ഇഴയാൻ ശ്രമിക്കുന്നത് അവൻ അൽപനേരത്തേക്ക് ചൊറിഞ്ഞു കൊണ്ട് നോക്കി നിന്നു."

 

Tuesday, November 18, 2014

ഒരു ഇന്റർവ്യൂം

ബൈക്ക് ഓടിച്ചു കൊണ്ട് പോകുകയായിരുന്നെങ്കിലും അവന്റെ ചിന്ത വേറെവിടെയോ ആണെന്ന് മുഖത്തെ നർമ്മവികാരത്തിൽ നിന്നും മനസ്സിലാക്കാം. വണ്ടി നിർത്തി അടുത്ത കടയിൽനിന്നും സിഗരറ്റ് വാങ്ങി, പുകചുരുൾ ഊതി വിടുമ്പോഴും അതേ അവസ്ഥയിൽ ആയിരുന്നു. കുറച്ച് സമീപത്തായി രണ്ട്, മൂന്ന് ആളുകളും, ഒരു പശുവും ഉള്ള സംഘം കലപില കൂട്ടുന്നുണ്ടായിരുന്നു.
പശുവിനെ കച്ചവടമാക്കുന്നതിനുള്ള ചെറിയ സമ്മേളനമായിരുന്നു അത്. പശുവിനെ കൊടുക്കുന്ന ആൾ അതിന്റെ ഗുണ ഗണങ്ങൾ വർണ്ണിക്കുന്നു. വാങ്ങാൻ വന്ന ആൾ ആ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പശുവിന് ചുറ്റും നടന്ന് തൊട്ടും, തടകിയും നോക്കുന്നു. സിഗരറ്റിൽ നിന്നും ആഞ്ഞ് പുക ഉള്ളിലേക്ക് വലിച്ച്  പരിഹാസ ചിരിയോടെ കഴിഞ്ഞുപോയ രണ്ടു സംഭവങ്ങൾ സംയോജിപ്പിച്ച് കൊണ്ട് അവൻ ഓർക്കുന്നു.

ഒരു ജോലി ഉണ്ടെങ്കിലും കുറച്ചും കൂടി ശമ്പളം ഉള്ള ഒരു ജോലിക്കായി പോയ ഇന്റർവ്യൂവും, തൊട്ടു മുൻപ് പോയിട്ടുവന്ന ഒരു പെണ്ണുകാണൽ ചടങ്ങും സംയോജിപ്പിച്ച് കൊണ്ടാണ് ഓർമ്മയിൽ പുക ചുരുളാക്കുന്നത്.

കൃത്യമായി വഴി അറിയാത്തതിനാൽ രണ്ട് സ്ഥലത്തേക്കും ചോദിച്ച്, ചോദിച്ചാണ് പോയത്. ഇന്റർവ്യൂവിന് ചെന്നിരുന്നതും പെണ്ണ് കാണലിന് ചെന്നിരുന്നതും ഏകദേശം ഒരു പോലെ തന്നെ ആയിരുന്നു. കമ്പനിയിൽ HR executive-ന്റെ മുൻപിലും, പെണ്ണിന്റെ അച്ചന്റെ മുൻപിലും ചെറിയ പരിഭ്രമത്തോടെ ആണ് അവൻ ഇരുന്നത്.

"Tell me about yourself " എന്ന HR ന്റെ ചോദ്യത്തിനും; പെണ്ണിന്റെ അച്ചന്റെ ആ ചോദ്യത്തിനും ഉള്ള   മറുപടിയും ഒന്നായിരുന്നു. ചെയ്യുന്ന വർക്കും, കമ്പനിയേയും കുറിച്ചുള്ള പെണ്ണിന്റെ അച്ചന്റെ 
അടുത്ത ചോദ്യത്തിനും; HR ന്റെ അടുത്ത ചോദ്യത്തിനും ഉള്ള ഉത്തരം കുഴപ്പമില്ലാതെ പറഞ്ഞു തീർത്തു.

പെണ്ണിന്റെ അച്ചന്റെ പിന്നീടുള്ള ചോദ്യങ്ങളും, പെണ്ണിനെ കണ്ടതും, കമ്പനിയിലെ റിട്ടേണ്‍ ടെസ്റ്റും കഴിഞ്ഞ് അവസാനം രണ്ടിടത്തും നിന്നുള്ള ഫലം ഒന്നായിരുന്നു. "ശരി, വിളിച്ചറിയിക്കാം"

കത്തി തീരാറായ സിഗരറ്റിന്റെ തീയുടെ ചൂട് അവനെ ഓർമ്മയിൽ നിന്നും ഉണർത്തി.

പറഞ്ഞ ഗുണ ഗണങ്ങൾ ഇല്ല എന്ന കാരണത്താൽ പശുവിനെ വാങ്ങാത്തതിലും, കച്ചവടം മുടങ്ങിയതിലും ഉള്ള ദേഷ്യം കച്ചവടക്കാരൻ പശുവിന്റെ മുതുകത്ത് തല്ലിയും, പിറുപിറുത്തും കൊണ്ട്  അവന്റെ അരികിലൂടെ നടന്ന് നീങ്ങി...

Sunday, November 9, 2014

പാലപ്പൂമഴ

"പാലപ്പൂവും, പൂഴിമണ്ണും, മൂക്കിലും, വായിലും കുമിഞ്ഞിറങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും  കുട്ടിക്കാലത്ത്  മുത്തശ്ശി പാടിത്തന്ന ആ ഈരടികൾക്ക് കാതോർത്തു...

"പാതിരാവായതും, പാല പൂത്തതും പാണനാർ പാടിയതും പാഴായില്ല
ഗന്ധർവൻ വന്നതും, പാല ഉണർന്നതും പൂമെത്ത ആയതും പാഴായില്ല
 ഗന്ധർവൻ കൂടിയ പാലമരത്തിലെ പച്ചില തെന്നലും പാഴായില്ല
ഉണ്ണി ഉറങ്ങുവാ, ഗന്ധർവാ പോകല്ലേ, ഉണ്ണി ഉണരോളം കാത്തിരിക്ക് "

 മുത്തശ്ശി ഈരടികൾ ചൊല്ലുമ്പോൾ ഗന്ധർവൻ പോകുന്നുണ്ടോ എന്ന് കുഞ്ഞി കണ്‍പീലി ഇളക്കി ഇടക്കിടക്ക് ഞാൻ പാലമരത്തിലേക്ക് നോക്കും. അങ്ങനെ നോക്കി നോക്കി മുത്തശ്ശീടെ മടിയിൽ കിടന്നുറങ്ങും. നല്ല ഉറക്കമാകുമ്പോൾ പാലമരത്തിൽ അള്ളി കേറുന്നതും, മറിഞ്ഞു വീഴുന്നതും; അവിടെ കിടന്നു കരയുന്നതും സ്വപ്നം കാണും. സ്വപ്നത്തിലും, അല്ലാതെയും മുത്തശ്ശിയെ അമ്മ വഴക്ക് പറയുന്നത് കേൾക്കാം. "എന്തിനാണമ്മേ ഉണ്ണിയോട് ഗന്ധർവന്റെം, പാലേടെം മറ്റും പാട്ടും, കഥേം പറഞ്ഞു കൊടുക്കന്നത്‌,... കുഞ്ഞു മനസ്സല്ലേ... വല്ല ദീനോം വന്നു കൂടീല്ലേ...?"  അതു കേട്ട് മുത്തശ്ശി വായിൽ കിടന്ന മുറുക്കാൻ ഒതുക്കി കൊണ്ട്  "അങ്ങനെ ദീനോം ഒന്നും വരില്ലടോ... അവനിവടെ വാഴോണ്ടവനല്ലേ... ഇതൊക്കെ കേട്ട് വളരട്ടടോ" മുത്തശ്ശി ഒന്ന് നീട്ടി തുപ്പി. അമ്മ പിന്നെ തർക്കിക്കാൻ നിന്നില്ല. "വരുത്തു പോക്ക്  ഉള്ള ഇടമാണെന്നാണ് പറയുന്നത്... ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ..." മുത്തശ്ശി അതൊന്നും കാര്യമാക്കാതെ എന്നെ ചേർത്ത് പിടിച്ച്
പാടി കൊണ്ടേ ഇരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് എന്നേയും മടിയിൽഇരുത്തി പാലമരത്തിലേക്ക് നോക്കി ഇരുന്ന് "പാതിരാവായതും, പാല പൂത്തതും "പാടുവായിരുന്നു.' ഗന്ധർവൻ കൂടി' എന്ന വരി  മുഴുമിക്കാതെ  മുത്തശ്ശി പെട്ടെന്ന്  പാട്ട് നിർത്തി. എന്റെ  തോളിലെ  പിടുത്തവും മുറുകി. അമ്മയും അയലത്തുകാരും  കൂടി കുറെ പാടുപെട്ടാണ്  എന്നെ മുത്തശ്ശിയിൽ  നിന്നും വിടുവിച്ചത്. മുത്തശ്ശിയെ കുഴിലിട്ട് മണ്ണ്  വാരിപ്പൊത്തി ശ്വാസം മുട്ടിച്ചപ്പോൾ  ഞാൻ ഓടിച്ചെന്ന്  പാലമരത്തെ  കെട്ടിപ്പിടിച്ച് ഒരുപാടുകരഞ്ഞു. അമ്മേടെ കരച്ചിൽ കൂടുന്നതും കേൾക്കാമായിരുന്നു. 

പാല പൂത്തും, കൊഴിഞ്ഞും, തളിർത്തും കൊണ്ടേ ഇരുന്നു.

മറ്റു കുട്ടികൾ  എന്നെ  കളിയ്ക്കാൻ കൂട്ടില്ലായിരുന്നു. അപ്പോഴൊക്കെ  ഞാൻ പാലേടെ  ചുവട്ടിൽ വന്നിരിക്കും. കുറെ തവണ അമ്മ  വന്ന്  വഴക്ക്‌  പറഞ്ഞ്  കൊണ്ടു പോകും. പിന്നെ പിന്നെ അമ്മയും മടുത്തു. ഒരിക്കൽ അമ്മേടെ മടിയിലിരിക്കുമ്പോൾ ഞാൻ ചോദിച്ചു ...."മുത്തശ്ശിയെ  ഗന്ധർവൻ കൊണ്ടുപോയതാണോമ്മേ". അപ്പോൾ അമ്മ എന്നെ  കെട്ടിപ്പിടിച്ച് കൊണ്ട്  വാവിട്ടുകരഞ്ഞു...

പിന്നെ അമ്മ കരഞ്ഞത് എന്റെ  കല്ല്യാണ ദിവസമോ, അതിന്റെ  പിറ്റേന്നോ ആണെന്ന് തോന്നുന്നു.

ഒരു പാവം പെണ്ണായിരുന്നു അവൾ. പൂർണചന്ദ്രന്റെ   നിലാവുള്ള രാത്രി ആയിരുന്നു അന്ന്. പാല പൂത്ത് തളിർത്ത് പെയ്യുന്ന സമയം. അവളുടെ ഇടതുർന്ന മുടിയിൽ എനിക്ക് പാലപ്പൂകൊരുത്തിടുവാൻ തോന്നി.  നാണം തുളുബുന്ന അവളുടെ കണ്‍പീലികളിൽ പാലയുടെ ഇലകളിലൂടെ ഒഴുകി വരുന്ന മഞ്ഞു കണങ്ങൾ വീഴുത്തുവാൻ തോന്നി. തൊട്ടാൽ ചെമക്കുന്ന അവളുടെ തളിർ മേനിയിലൂടെ പത്തി വിടർത്തിയ നാഗത്തേപ്പോൽ ഞാൻ ഇഴഞ്ഞിറങ്ങി. അർദ്ധബോധാവസ്ഥയായ  അവളെ കോരി എടുത്ത് കൊണ്ട് പാലയുടെ ചുവട്ടിലേക്ക്‌ നടന്നു. വെട്ടിത്തിളങ്ങുന്ന നിലാവിൽ പാലപ്പൂ മഴ പോലെ വിഴുകയായിരുന്നു. മുത്തശ്ശിടെ പാട്ട് അങ്ങിങ്ങായി അലയടിയ്ക്കുന്നതായി തോന്നി .
"പാതിരാവായതും,......... പാല പൂത്തതും............ പാഴായില്ല"
അവളെ ഞാൻ പാലമരത്തിന്റെ ചുവട്ടിൽ കിടത്തി. പാലപ്പൂക്കൾ  അവളുടെ മേനിയിൽ പൂമെത്തയായി മാറി. താഴേക്ക് പതിക്കുന്ന പാലപ്പൂക്കൾ  കൈയിൽ  ഒതുക്കി അവളുടെ മുടിയിൽ ചാർത്തി. പാലപ്പൂക്കൾ കൊണ്ട് നിറഞ്ഞ് അവൾ നാഗകന്യകയേപ്പോൽ പുളയുകയാണ്. അവളുടെ മേനി അറിയാതെ പാല പ്പൂക്കൾ ഓരോന്നായി വഴുതിമാറ്റി. അവസാനം അവളെ എന്റെ കൈക്കുള്ളിലാക്കി. സാവധാനം അവൾ കൈകളാൽ എന്നെ വരിഞ്ഞു മുറുക്കി. കാലുകൾ കോർത്തിണക്കി ചുറ്റിപ്പിണഞ്ഞ് എന്നെയും കൊണ്ടവൾ പാലയ്ക്ക് ചുറ്റും ഉരുണ്ട് മറിഞ്ഞിഴഞ്ഞു. ഒടുവിൽ അവൾ എന്നെ വിടുവിച്ച് എഴുന്നേറ്റു. ഉഗ്രരൂപിയായ അവൾ വലതുകാലിലെ തള്ളവിരൽ കൊണ്ട് എന്റെ കാൽ വെള്ളയിൽ കോറി വരച്ചിട്ട്‌ പാല മരത്തിലേക്ക് ഇഴഞ്ഞ് കയറി.........

  "പാലപ്പൂവും, പൂഴിമണ്ണും, മൂക്കിലും, വായിലും കുമിഞ്ഞിറങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും  കുട്ടിക്കാലത്ത്  മുത്തശ്ശി പാടിത്തന്ന ആ ഈരടികൾക്ക് കാതോർത്തു...