Sunday, November 9, 2014

പാലപ്പൂമഴ

"പാലപ്പൂവും, പൂഴിമണ്ണും, മൂക്കിലും, വായിലും കുമിഞ്ഞിറങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും  കുട്ടിക്കാലത്ത്  മുത്തശ്ശി പാടിത്തന്ന ആ ഈരടികൾക്ക് കാതോർത്തു...

"പാതിരാവായതും, പാല പൂത്തതും പാണനാർ പാടിയതും പാഴായില്ല
ഗന്ധർവൻ വന്നതും, പാല ഉണർന്നതും പൂമെത്ത ആയതും പാഴായില്ല
 ഗന്ധർവൻ കൂടിയ പാലമരത്തിലെ പച്ചില തെന്നലും പാഴായില്ല
ഉണ്ണി ഉറങ്ങുവാ, ഗന്ധർവാ പോകല്ലേ, ഉണ്ണി ഉണരോളം കാത്തിരിക്ക് "

 മുത്തശ്ശി ഈരടികൾ ചൊല്ലുമ്പോൾ ഗന്ധർവൻ പോകുന്നുണ്ടോ എന്ന് കുഞ്ഞി കണ്‍പീലി ഇളക്കി ഇടക്കിടക്ക് ഞാൻ പാലമരത്തിലേക്ക് നോക്കും. അങ്ങനെ നോക്കി നോക്കി മുത്തശ്ശീടെ മടിയിൽ കിടന്നുറങ്ങും. നല്ല ഉറക്കമാകുമ്പോൾ പാലമരത്തിൽ അള്ളി കേറുന്നതും, മറിഞ്ഞു വീഴുന്നതും; അവിടെ കിടന്നു കരയുന്നതും സ്വപ്നം കാണും. സ്വപ്നത്തിലും, അല്ലാതെയും മുത്തശ്ശിയെ അമ്മ വഴക്ക് പറയുന്നത് കേൾക്കാം. "എന്തിനാണമ്മേ ഉണ്ണിയോട് ഗന്ധർവന്റെം, പാലേടെം മറ്റും പാട്ടും, കഥേം പറഞ്ഞു കൊടുക്കന്നത്‌,... കുഞ്ഞു മനസ്സല്ലേ... വല്ല ദീനോം വന്നു കൂടീല്ലേ...?"  അതു കേട്ട് മുത്തശ്ശി വായിൽ കിടന്ന മുറുക്കാൻ ഒതുക്കി കൊണ്ട്  "അങ്ങനെ ദീനോം ഒന്നും വരില്ലടോ... അവനിവടെ വാഴോണ്ടവനല്ലേ... ഇതൊക്കെ കേട്ട് വളരട്ടടോ" മുത്തശ്ശി ഒന്ന് നീട്ടി തുപ്പി. അമ്മ പിന്നെ തർക്കിക്കാൻ നിന്നില്ല. "വരുത്തു പോക്ക്  ഉള്ള ഇടമാണെന്നാണ് പറയുന്നത്... ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ..." മുത്തശ്ശി അതൊന്നും കാര്യമാക്കാതെ എന്നെ ചേർത്ത് പിടിച്ച്
പാടി കൊണ്ടേ ഇരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് എന്നേയും മടിയിൽഇരുത്തി പാലമരത്തിലേക്ക് നോക്കി ഇരുന്ന് "പാതിരാവായതും, പാല പൂത്തതും "പാടുവായിരുന്നു.' ഗന്ധർവൻ കൂടി' എന്ന വരി  മുഴുമിക്കാതെ  മുത്തശ്ശി പെട്ടെന്ന്  പാട്ട് നിർത്തി. എന്റെ  തോളിലെ  പിടുത്തവും മുറുകി. അമ്മയും അയലത്തുകാരും  കൂടി കുറെ പാടുപെട്ടാണ്  എന്നെ മുത്തശ്ശിയിൽ  നിന്നും വിടുവിച്ചത്. മുത്തശ്ശിയെ കുഴിലിട്ട് മണ്ണ്  വാരിപ്പൊത്തി ശ്വാസം മുട്ടിച്ചപ്പോൾ  ഞാൻ ഓടിച്ചെന്ന്  പാലമരത്തെ  കെട്ടിപ്പിടിച്ച് ഒരുപാടുകരഞ്ഞു. അമ്മേടെ കരച്ചിൽ കൂടുന്നതും കേൾക്കാമായിരുന്നു. 

പാല പൂത്തും, കൊഴിഞ്ഞും, തളിർത്തും കൊണ്ടേ ഇരുന്നു.

മറ്റു കുട്ടികൾ  എന്നെ  കളിയ്ക്കാൻ കൂട്ടില്ലായിരുന്നു. അപ്പോഴൊക്കെ  ഞാൻ പാലേടെ  ചുവട്ടിൽ വന്നിരിക്കും. കുറെ തവണ അമ്മ  വന്ന്  വഴക്ക്‌  പറഞ്ഞ്  കൊണ്ടു പോകും. പിന്നെ പിന്നെ അമ്മയും മടുത്തു. ഒരിക്കൽ അമ്മേടെ മടിയിലിരിക്കുമ്പോൾ ഞാൻ ചോദിച്ചു ...."മുത്തശ്ശിയെ  ഗന്ധർവൻ കൊണ്ടുപോയതാണോമ്മേ". അപ്പോൾ അമ്മ എന്നെ  കെട്ടിപ്പിടിച്ച് കൊണ്ട്  വാവിട്ടുകരഞ്ഞു...

പിന്നെ അമ്മ കരഞ്ഞത് എന്റെ  കല്ല്യാണ ദിവസമോ, അതിന്റെ  പിറ്റേന്നോ ആണെന്ന് തോന്നുന്നു.

ഒരു പാവം പെണ്ണായിരുന്നു അവൾ. പൂർണചന്ദ്രന്റെ   നിലാവുള്ള രാത്രി ആയിരുന്നു അന്ന്. പാല പൂത്ത് തളിർത്ത് പെയ്യുന്ന സമയം. അവളുടെ ഇടതുർന്ന മുടിയിൽ എനിക്ക് പാലപ്പൂകൊരുത്തിടുവാൻ തോന്നി.  നാണം തുളുബുന്ന അവളുടെ കണ്‍പീലികളിൽ പാലയുടെ ഇലകളിലൂടെ ഒഴുകി വരുന്ന മഞ്ഞു കണങ്ങൾ വീഴുത്തുവാൻ തോന്നി. തൊട്ടാൽ ചെമക്കുന്ന അവളുടെ തളിർ മേനിയിലൂടെ പത്തി വിടർത്തിയ നാഗത്തേപ്പോൽ ഞാൻ ഇഴഞ്ഞിറങ്ങി. അർദ്ധബോധാവസ്ഥയായ  അവളെ കോരി എടുത്ത് കൊണ്ട് പാലയുടെ ചുവട്ടിലേക്ക്‌ നടന്നു. വെട്ടിത്തിളങ്ങുന്ന നിലാവിൽ പാലപ്പൂ മഴ പോലെ വിഴുകയായിരുന്നു. മുത്തശ്ശിടെ പാട്ട് അങ്ങിങ്ങായി അലയടിയ്ക്കുന്നതായി തോന്നി .
"പാതിരാവായതും,......... പാല പൂത്തതും............ പാഴായില്ല"
അവളെ ഞാൻ പാലമരത്തിന്റെ ചുവട്ടിൽ കിടത്തി. പാലപ്പൂക്കൾ  അവളുടെ മേനിയിൽ പൂമെത്തയായി മാറി. താഴേക്ക് പതിക്കുന്ന പാലപ്പൂക്കൾ  കൈയിൽ  ഒതുക്കി അവളുടെ മുടിയിൽ ചാർത്തി. പാലപ്പൂക്കൾ കൊണ്ട് നിറഞ്ഞ് അവൾ നാഗകന്യകയേപ്പോൽ പുളയുകയാണ്. അവളുടെ മേനി അറിയാതെ പാല പ്പൂക്കൾ ഓരോന്നായി വഴുതിമാറ്റി. അവസാനം അവളെ എന്റെ കൈക്കുള്ളിലാക്കി. സാവധാനം അവൾ കൈകളാൽ എന്നെ വരിഞ്ഞു മുറുക്കി. കാലുകൾ കോർത്തിണക്കി ചുറ്റിപ്പിണഞ്ഞ് എന്നെയും കൊണ്ടവൾ പാലയ്ക്ക് ചുറ്റും ഉരുണ്ട് മറിഞ്ഞിഴഞ്ഞു. ഒടുവിൽ അവൾ എന്നെ വിടുവിച്ച് എഴുന്നേറ്റു. ഉഗ്രരൂപിയായ അവൾ വലതുകാലിലെ തള്ളവിരൽ കൊണ്ട് എന്റെ കാൽ വെള്ളയിൽ കോറി വരച്ചിട്ട്‌ പാല മരത്തിലേക്ക് ഇഴഞ്ഞ് കയറി.........

  "പാലപ്പൂവും, പൂഴിമണ്ണും, മൂക്കിലും, വായിലും കുമിഞ്ഞിറങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും  കുട്ടിക്കാലത്ത്  മുത്തശ്ശി പാടിത്തന്ന ആ ഈരടികൾക്ക് കാതോർത്തു...


No comments: