ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ഒൻപത് മണിയാകാൻ ഇനി അര മണിക്കൂർ കൂടി. ഇന്ന് ഒഴിവാക്കാമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാ. വൈകുന്നേരം വരെ കുഴപ്പമില്ലാരുന്നു. ഈ അവസാന സമയത്ത് ഇതൊരു വല്ലാത്ത തോന്നലായിപ്പോയി. ഒന്നൂടെ ആലോചിച്ചിട്ട് പെട്ടെന്നു തന്നെ റെഡി ആയി. ബൈക്കെടുത്ത് ഹെഡ് ലൈറ്റ് ഒക്കെ ഇട്ട് റോഡിലേക്കിറക്കിയപ്പോൾ തന്നെ ബൈക്ക് ഓഫായി. കുറച്ച് കൂടുതൽ കിക്ക് അടിച്ചപ്പോളാണ് വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ആയത്. വഴിക്ക് വെച്ച് ട്രിപ്പിനെ കണ്ടു. കാണാത്ത ഭാവത്തിൽ പോകാമെന്നു കരുതിയെങ്കിലും ട്രിപ്പ് ബൈക്കിന് കുറുകെ ചാടി. പെട്ടെന്ന് ബ്രേക്ക് പിടിച്ചു വണ്ടി നിർത്തി. ട്രിപ്പ്, ഹാൻഡിലിൽ പിടിത്തമിട്ടിട്ട് 'അടുത്ത ആഴ്ച വാരണാസി പോകാം. ട്രെയിന് പോയി ചെന്നൈ ഇറങ്ങി അവിടുന്ന് ഫ്ലൈറ്റിന് പോകാം. കാശും ലാഭം, പൈസയും ലാഭം. ഒരാഴ്ച കൊണ്ട്, അവിടെ പോയി കറങ്ങി വരാം' എങ്ങനുണ്ട് ട്രിപ്പിന്റെ പുതിയ ട്രിപ്പ്, എന്ന ഭാവത്തിൽ നിക്കുന്ന ട്രിപ്പിനെ നോക്കിക്കൊണ്ട്, ബൈക്ക് ഓണാക്കി സൈഡിലേക്ക് നീക്കി 'ഉഗ്രൻ ട്രിപ്പ്‌... പ്ലാൻ ചെയ്തോ ട്രിപ്പേ... സൂപ്പറാക്കാം...' എന്നും പറഞ്ഞ് അവിടെ നിന്നും പാഞ്ഞു. "പ്ലാനിങ് മാത്രമേ ഉള്ളൂ ഈ ട്രിപ്പ്‌ രാഹുലിന്. കഴിഞ്ഞ മാസം പറഞ്ഞത് താജ്മഹൽ പോകുന്ന പ്ലാൻ ആയിരുന്നു. ഇത് വരെ ആലപ്പുഴ ജില്ലക്ക് പുറത്ത് പോയിട്ടില്ല. വല്ല കല്യാണത്തിനെങ്ങാനം പോയെങ്കിലായി" ഇങ്ങനൊക്കെ മനസ്സിൽ ആലോചിച്ച്, ഒൻപത് മണിക്ക് ഇനി മൂന്ന് മിനിറ്റും കൂടി ഉള്ളപ്പോൾ അവിടെയെത്തി. ഷോപ്പിനകത്ത് നല്ല തിരക്കുണ്ട്. ബൈക്ക് കൊണ്ട് ഒരിടത്ത് നിർത്തി. ബൈക്ക് വെച്ച സ്ഥലത്തിന്റെ നേരെ മുന്നിലായി ഒരു പലചരക്ക് കട, ചായക്കട, ഒരു ഫാൻസി കട എല്ലാം കൂടിയുള്ള ഒരു ഒറ്റ ബിൽഡിംഗ്‌ ഉണ്ട്. ഫാൻസി കടയിലുള്ള ചേച്ചി, കടയുടെ മുന്നിൽ ഒരു കസേരയിൽ ഇരുന്ന് മൊബൈൽ നോക്കുവാരുന്നു. കടയുടെ തൊട്ടടുത്ത് അല്ലെങ്കിലും, അവിടെ ബൈക്ക് വെച്ചതിൽ ചേച്ചിക്ക്, അത്ര ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തിൽ ഒരു നോട്ടം നോക്കി വീണ്ടും മൊബൈലിൽ തോണ്ടി ഇരിപ്പായി. ഇതൊന്നും കാര്യമാക്കാതെ, പെട്ടെന്ന് ബൈക്കിൽ നിന്നിറങ്ങി അപ്പുറത്തെ ഷോപ്പിലേക്ക് ഓടി. പോകുന്ന വഴി ബോംബെ മുറുക്കാൻ വിൽക്കുന്ന ഭായിയോട് "ഭായി, ദോ ചാർ സൗ ബീസ് ബനാവോ... ബനാ... സ്ട്രോങ്ങ്‌... സ്ട്രോങ്ങ്‌..." എന്നും കൂടി പറഞ്ഞു.

ഇത് കേട്ട ഭായ്, ചെറിയ ബേസിനിൽ, വെള്ളത്തിൽ ഇട്ടിരിക്കുന്ന വെറ്റകളിൽ നിന്നും രണ്ട് ചെറിയ വെറ്റില എടുത്ത് ഒരുമിച്ച് വെച്ച്, ചുണ്ണാമ്പ് ചാലിച്ച ഭരണിയിൽ നിന്നും അതിലിട്ടിരിക്കുന്ന ചെറിയ കമ്പിൽ കടുപ്പമുള്ള ചായകളറിലെ ചുണ്ണാമ്പ് തോണ്ടി വെറ്റിലയിൽ പുരട്ടി കമ്പ് കൊണ്ട് തേച്ചു വെച്ചു. അരിഞ്ഞിട്ടിരിക്കുന്ന കട്ടിയുള്ള അടക്കാ കഷണങ്ങൾ കുറച്ച് വാരി ചുണ്ണാമ്പ് തേച്ചു വെച്ച വെറ്റിലയിൽ ഇട്ടു. രണ്ട് ഡെപ്പികളിൽ നിന്നായി രണ്ട് തരം അരിഞ്ഞുണങ്ങിയ പൊയിലകൾ അല്പാല്പം വിതറി. ഒരു ഏലക്ക കൂടി വെച്ച് ചുരുട്ടി മടക്കിയിട്ട്, ഒരു ഗ്രാമ്പൂ കൂടി കുത്തി വെച്ചിട്ട് രണ്ടെണ്ണം പൊതിഞ്ഞു വെച്ചു.

ഒൻപത് മണിയും കഴിഞ്ഞ്, ഒൻപതേകാൽ വരെ ആയതും കൊണ്ടാണെന്ന് തോന്നുന്നു, ഷോപ്പ് അടച്ചു. നിന്ന് ചിണുങ്ങാതെ പോകാനെന്നും പറഞ്ഞ് ആട്ടിയും ഓടിച്ചു. ആകെ പൊളിഞ്ഞു പോയ നിരാശയിൽ, ഭായിയുടെ കൈയിൽ നിന്നും മുറുക്കാനും വാങ്ങി, പൈസയും കൊടുത്ത് ബൈക്കിനടുത്തെത്തി. ബൈക്കിൽ കീ ഇട്ട് തിരിച്ച് ഓൺ ആക്കിയപ്പോൾ തന്നെ മൊബൈലിലേക്ക് ഒരു കാൾ വന്നു. മൊബൈൽ എടുത്ത് നോക്കിയപ്പോൾ "ട്രിപ്പ്... കാളിങ്..." വലിയ താല്പര്യമില്ലാതെ കാൾ അറ്റൻഡ് ചെയ്തു. അപ്പോൾ മറുവശത്ത് നിന്ന് ട്രിപ്പ്‌ "ടാ ഞാൻ നേരത്തെ പറഞ്ഞില്ലേ... വാരണാസി പോകുന്ന കാര്യം... ഞാൻ കാണത്തില്ലളിയാ... എനിക്ക് വേറൊരു ഗോവ ട്രിപ്പ്‌ സെറ്റ് ആയിട്ടുണ്ട്... വാരണാസിയിൽ നീ ഒറ്റക്ക് പൊക്കോ...." ഇത്രയും പറഞ്ഞിട്ട് ട്രിപ്പ്‌ ഫോൺ കട്ട് ചെയ്തു. ഇത് കേട്ട് വീണ്ടും അളിഞ്ഞ് കിളി പോയി നിന്നപ്പോൾ മുന്നിലെ ഫാൻസി കടയിൽ നിന്ന് ചേച്ചി ഉച്ചത്തിൽ "എടുത്തോണ്ട് പോടാ പട്ടി, നിന്റെ ബൈക്ക്" ഇതും കൂടി കേട്ട് ആകെ തരിച്ച് അങ്ങോട്ട് നോക്കിയപ്പോൾ കലിച്ചു കൈയും ചുരുട്ടി ഇരിക്കുന്ന ചേച്ചിയെ കണ്ടു. ചേച്ചിയുടെ മുഖത്തേക്ക് ബൈക്കിന്റെ ഹെഡ് ലൈറ്റിലെ വെട്ടമടിക്കുന്നുണ്ട്. പെട്ടെന്ന് ബൈക്കിലെ താക്കോൽ തിരിച്ചു ഓഫാക്കി. ചേച്ചി കലിപ്പായി തന്നെ നോക്കുവാണ്. അൽപ നേരം നോക്കി നിന്നിട്ട്,

"മര്യാദക്ക് സംസാരിക്കണം. അറിഞ്ഞോണ്ട് മുഖത്തോട്ട് ലൈറ്റ് അടിച്ചതല്ല. മൊബൈലിൽ കാൾ വന്നത് കൊണ്ട് പറ്റിപോയതാ."

ബൈക്ക് ഉരുട്ടി മാറ്റി അതിൽ കേറി ഇരുന്നു കൊണ്ട്,

"ഒരു പെണ്ണായത് കൊണ്ടാ വേറൊന്നും പറയാതെ പോകുന്നത്."

എന്നും പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി തിരിച്ചു പോയി. ചേച്ചി കലിപ്പിൽ തന്നെ അങ്ങനെ ഇരുന്നു....

ആകെ നിരാശയും, ദേഷ്യവും വന്ന് മനസ്സ് അസ്വസ്ഥമായിട്ടാണ് വണ്ടി ഓടിക്കുന്നത്. കാതിൽ "എടുത്തോണ്ട് പോടാ പട്ടി" എന്ന വാക്കുകൾ ഇങ്ങനെ വിടാതെ പിന്തുടരുന്നു. മൊത്തത്തിൽ ദേഷ്യത്തോടെ വണ്ടി തിരിച്ചു. നേരെ വീണ്ടും ആ ഫാൻസി കടയുടെ അടുത്തേക്ക് ബൈക്ക് കൊണ്ട് നിർത്തി ഇറങ്ങി. ഫാൻസി കടയുടെ മുന്നിൽ ചേച്ചി അവിടെത്തന്നെ നിൽപ്പുണ്ട്. കൂടെ കടയിലെ സ്റ്റാഫ്‌ ഒരു പയ്യനും, പെണ്ണും, അടുത്ത കടയിലെ രണ്ടാളും ഉണ്ട്. നേരെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

"ചേച്ചി... പോടാ പട്ടി... എന്ന് പറഞ്ഞത് ശെരിയായില്ല... സോറി... പറയണം..."

ചേച്ചി കളിയാക്കി ചിരിച്ചു കൊണ്ട്...,

"ഞാനെന്തിനാ സോറി പറയുന്നേ... നീ എന്റെ കടേടെ മുന്നിൽ ബൈക്ക് കൊണ്ട് വെച്ചു. അത് പോകട്ടെ... നീ തിരിച്ചു വന്നിട്ട് എന്റെ മുഖത്തേക്ക് ബൈക്കിന്റെ ലൈറ്റ് അടിച്ചോണ്ടിരുന്നു... അതാ അങ്ങനെ പറഞ്ഞത്... പിന്നെന്തോ പണയണം..."

"ഈ കടേടെ തൊട്ട് മുന്നിലല്ലല്ലോ വണ്ടി വെച്ചത്. ദോണ്ടേ... അത്രയും ദൂരെ, അതും റോഡിന്റെ സൈഡിലാണ് വെച്ചത്. എന്നാലും... എടാ.. പോടാ... പട്ടി... എന്നൊക്കെയാണോ പറയുന്നത്. പിന്നെ മനഃപൂർവ്വം ബൈക്കിന്റെ ലൈറ്റ് മുഖത്തേക്ക് അടിപ്പിച്ചതല്ല. ബൈക്ക് ഓൺ ആക്കിയപ്പോൾ ഫോൺ വന്നു... അങ്ങനെ പറ്റിയതാ..."

ചേച്ചി വീണ്ടും ദേഷിച്ച് കൊണ്ട്...,

"മനഃപൂർവ്വം ആണോ അല്ലിയോ എന്ന് എനിക്ക് എങ്ങനെ അറിയാൻ പറ്റും... ആരായാലും ഞാൻ അങ്ങനെ പറയും.."

"മര്യാദക്ക് പറഞ്ഞാൽ പോരെ...

ബൈക്ക് എടുത്ത് മാറ്റടോ... ന്ന്... പറഞ്ഞാൽ പോരെ..."

ചേച്ചി ദേഷിച്ച്, കസേര കൈ കൊണ്ട് വലിച്ചു ഉരച്ചു നീക്കികൊണ്ട്...,

"എനിക്ക് ഇത്രക്ക് മര്യാദയൊക്കെയേ ഉള്ളൂ... ആരും എന്നെ മര്യാദ പഠിപ്പിക്കാൻ വരേണ്ടാ... കൂടുതൽ ഇവിടെ നിന്ന് അലമ്പാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും..."

അപ്പോഴേക്കും ഈ സംസാരം കേട്ട്, കുറച്ചു പേർ അങ്ങോട്ടേക്ക് വന്നു കൂടി... ചേച്ചിയുടെ ഭാഗം പിടിച്ചു കുറച്ച് കൂടുതൽ പേരുണ്ട്. ഈ ഭാഗത്ത്‌ അഞ്ചാറ് പേരെ ഉള്ളൂ. രണ്ട് പേരും വിട്ട് കൊടുക്കാതെ സംസാരം തുടരുവാണ്. ഇതിനിടക്ക് രണ്ടു പേരും ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട്. ചായക്കടക്കാരൻ കൂടി നിന്നവർക്ക് ചായയും, കടിയും ഒക്കെ കൊണ്ട് കൊടുക്കുന്നുണ്ട്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് ട്രിപ്പ്‌ എൻഫീൽഡിൽ വന്നിട്ട് ഫാൻസി കടയുടെ മുന്നിലേക്ക് വണ്ടി കൊണ്ട് നിർത്തുന്നു. കൂടി നിന്നവരെല്ലാം അങ്ങോട്ടേക്ക് നോക്കുന്നു. എൻഫീൽഡിന്റെ ഹെഡ് ലൈറ്റ് വെട്ടം ആ കൂടി നിന്നവരുടെ അടുത്തേക്ക് അടിക്കുന്നു. ചേച്ചി ഇത് കണ്ട് പല്ല് കടിക്കുന്നുണ്ട്. അൽപനേരം ട്രിപ്പ്‌ അങ്ങനെ തന്നെ ഇരുന്നിട്ട് പയ്യെ ഇറങ്ങുന്നു. വണ്ടി ഓഫാക്കുന്നു. ഹെഡ്ലൈറ്റും അണയുന്നു. ട്രിപ്പ്‌ അങ്ങോട്ടേക്ക് കേറി ചെല്ലുന്നു...

"ചേച്ചി... ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട... പോലീസും, പട്ടാളം ഒന്നും വേണ്ടാ. ഇത് ചെറിയ ട്രിപ്പ്‌ പരിപാടിയാ... സിംമ്പിൾ...

ഞാൻ ഇപ്പോൾ വണ്ടിയിൽ വന്നപ്പോൾ ആ ലൈറ്റ് ഇങ്ങോട്ട് അടിച്ചില്ലേ... ആരും ഒന്നും പറഞ്ഞില്ലല്ലോ, ചേച്ചിയും ഒന്നും പറഞ്ഞില്ല... വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ഓഫും ചെയ്തില്ലേ... ലൈറ്റും പോയില്ലേ... ഇത്രേയുള്ളൂ... ഇതിനാണ് ചേച്ചി ഇവനെ ചീത്ത പറഞ്ഞത്... അത് മോശമായില്ലേ... ഇല്ലേ..."

എല്ലാരോടുമായി ചോദിച്ചു...

"അല്ലേ... മോശമല്ലേ...."

ആരും ഒന്നും മിണ്ടുന്നില്ല.

ചേച്ചി ഇച്ചിരി മയപ്പെട്ടു കൊണ്ട്, എന്നാലും അല്പം ദേഷ്യത്തോടെയും കൂടി....

"അതിന് ഞാൻ ചീത്ത ഒന്നും പറഞ്ഞില്ലല്ലോ... പിന്നെ സോറി ഒന്നും പറയാൻ പറ്റില്ല... വേണേൽ ഒന്നൂടെ ബൈക്കിലെ ലൈറ്റ് ഇങ്ങോട്ട് അടിച്ചോണ്ട് നിൽക്ക്... അപ്പോൾ "പോടാ... പട്ടീ... എന്നൊള്ള വാക്ക് ഇല്ലാതെ വണ്ടി എടുത്ത് മാറ്റാൻ പറയാം.. പോരെ..."

അവനും, കൂടി നിന്നവരും, ട്രിപ്പും, എല്ലാരും കൂടി ഒരേ സ്വരം പോലെ...

"മതി... അത് മതി..."

കൂടി നിന്നവരൊക്കെ ഫാൻസി കടയുടെ അപ്പറവും, ഇപ്പറവും ആയി വരി വരിയായി നിന്നു. കേട്ടറിഞ്ഞു വേറെയും ആളുകൾ വരിക്കൊപ്പം കൂടി. റോഡിലൂടെ പോയവർ ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി കാര്യം അന്വേഷിച്ചിട്ട്, വണ്ടികൾ അവടവിടെയായി പാർക് ചെയ്ത്, ഓടി കൂടി വരികളിൽ സ്ഥാനം പിടിച്ചു. കൈക്കുഞ്ഞുള്ള അമ്മമാർ പലചരക്കു കടയുടെയും, ചായക്കടയുടെയും മുന്നിലെ വരാന്തയിൽ കേറി നിൽപ്പായി.

ചേച്ചി, കസേരയിൽ ഫാൻസി കടയുടെ മുന്നിൽ ഇരിക്കുന്നു. നേരത്തെ ഷോപ്പിലേക്ക് പോകാൻ വേണ്ടി അവൻ ബൈക്ക് എങ്ങനെയാണോ വെച്ചത് അത് പോലെ ബൈക്ക് വെച്ചിട്ട് അവൻ ഷോപ്പിലേക്ക് പോകുന്നപോലെ നടക്കുന്നു... ഒരു വശത്തെ വരിക്കിടയിലൂടെ അവന് നടന്നു പോകാനുള്ള സ്ഥലം ആൾക്കാർ മാറി മാറി കൊടുക്കുന്നു. അവൻ നടന്നു ഭായിടെ ബോംബെ മുറുക്കാൻ കടയിൽ പോയി നിൽക്കുന്നു. ഭായ് അവിടെയില്ല... ആ ആൾക്കൂട്ടത്തിലെവിടെയോ വരിയിൽ നിൽപ്പുണ്ട്. അവൻ ബൈക്കിനടുത്തേക്ക് തിരിച്ചു നടന്നു വന്നു. ചേച്ചി ഒരു ശാന്തമായ ചിരിയോടെ ഇരിക്കുന്നു. ഒഴിഞ്ഞ ഗ്ലാസുകളുമായി ചായക്കടക്കാരൻ ചേച്ചിയുടെ അല്പം മാറി നിൽപ്പുണ്ട്. അവൻ താക്കോൽ എടുത്ത് ബൈക്ക് ഓൺ ആക്കുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടം ആ ആൾക്കൂട്ടത്തിന്റെ വരികളിലിടയിലൂടെ കടന്ന് ചെന്ന് ചേച്ചിയുടെ മുഖത്തും, ചുറ്റുമായി പതിക്കുന്നു. എങ്ങും നിശബ്ദത. ചേച്ചി മിണ്ടുന്നില്ല... ചേച്ചി തല കുനിച്ചു അൽപ നിമിഷം കണ്ണടച്ചു ആലോചിച്ചു.... എന്നിട്ട് കസേരയിൽ നിന്നും ചാടി എണീറ്റിട്ട്...

"എടുത്തോണ്ട് പോടാ തെണ്ടി പട്ടികളേ... നിന്റെയൊക്കെ വണ്ടിയും, ലൈറ്റും..."

എന്നിട്ട് ആൾക്കൂട്ടത്തിനോടായി...

"ആരെ കെട്ടിക്കുവാൻ നിക്കുവാടാ... നാറികളേ.... എന്റെ കടേടെ മുന്നിൽ നിന്നും പോയിനെടാ... ശവങ്ങൾ..."

ചായക്കടക്കാരന്റെ കൈയിൽ നിന്നും ഒഴിഞ്ഞ ഗ്ലാസുകൾ താഴേക്ക് പതിക്കുന്നു...

- Preji. PK

   16.07.july. 2022, Saturday. 05:00 pm

Comments

Tiyan Prasanth said…
എന്നാലും .... ആ ചേച്ചി... പോടാ പട്ടി... എന്ന് പറഞ്ഞത് ശെരിയായില്ല... സോറി... പറയണം...

Good one Preji Sir...
വിട്ട് പൊക്കോ...... ദേ ചേച്ചി ഓടി വരുന്നുണ്ടേ...
Preji PK said…
താങ്ക്സ് പ്രശാന്ത് സർ 👍🌟❤️💪👍
Anonymous said…
👍 good
Prem said…
ബൈക്കിന്റെ ലൈറ്റ് ഡിം അടിക്കാമായിരുന്നു...... എന്നാലും എന്റെ ചേച്ചി ��
Shuhana said…
രസകരമായിരുന്നു.
ഇനിയും ഇത്പോലെ ഉള്ള ചെറുകഥകൾ പ്രതീക്ഷിക്കുന്നു.

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ചൊറിയൻ പുഴു