വാവിന് വന്ന അപ്പൂപ്പന്റെ ആത്മാവ് - Vavinu Vanna Appooppante Athmavu



അപ്പൂപ്പനെ പോലെ എല്ലാ ആത്മാക്കളും കാത്തിരിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ കറുത്ത വാവ്. കർക്കിടക വാവ്‌. കാരണം, ഭൂമിയിലെ ഒരു വർഷം എന്നത് ആത്മാക്കൾക്ക് ഒരു ദിവസം ആണ്.  അന്ന് മാത്രമേ ആത്മാക്കൾക്ക് അവരുടെ ഇടം വിട്ട് പുറത്ത് പോകാൻ പറ്റൂ. ആ ദിവസമേ ആത്മാവിന് ഒരു രൂപം കിട്ടുകയുള്ളൂ. കറുത്ത രൂപം. കാക്കയുടെ രൂപം. ആ രൂപത്തിലേ പോകാൻ കഴിയൂ. ഭൂമിയിലുള്ള ബന്ധുക്കൾ ആത്മാക്കളെ കുറിച്ച് ഒരു വർഷത്തിൽ എപ്പോഴെങ്കിലും 7 തവണ സ്നേഹത്തോടെ ഓർത്തെങ്കിൽ  മാത്രമേ ആ രൂപം കിട്ടുകയുള്ളൂ. ഒരു തവണ പോലും സ്നേഹത്തോടെ ആരും ഓർക്കാതെ കറുത്ത രൂപം ആകുന്നതും കാത്ത് ഓരോരോ  ആത്മാക്കൾ ഉറ്റവരെ കാണാനായി കൊതിച്ചിരിക്കുകയാണ്. ആ ആത്മാക്കളുടെ ഇടയിൽ വന്നപ്പോളാണ് അപ്പൂപ്പന് ആ പേടി വന്നത്. തന്നെ ആരെങ്കിലും സ്നേഹത്തോടെ ഓർക്കുന്നുണ്ടാകുമോ. ഭാര്യ, രണ്ട് ആൺ മക്കൾ, അവരുടെ ഭാര്യമാർ. കൊച്ചു മക്കൾ, അനിയൻ, പെങ്ങൾ, അവരുടെ കുടുംബം, സുഹൃത്തുക്കൾ, അയൽക്കാർ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ആൾക്കാർ ഉള്ള അപ്പൂപ്പനാ. അതും എല്ലാർക്കും ജീവിക്കാനും സമ്പാദിക്കാനും ഉള്ള വക ഉണ്ടാക്കി കൊടുത്തും വീതം വെച്ചും സമാധാനപരമായി സന്തോഷത്തോടെ ജീവിച്ച അപ്പൂപ്പന് ആ പേടി. അങ്ങനെ ആലോചിച്ചു നടന്ന് നീങ്ങിയപ്പോൾ ഒരു അമ്മൂമ്മ ആത്മാവ് കരഞ്ഞുകൊണ്ട് പറയുന്നു. ജീവിച്ചിരുന്നപ്പോൾ ആർക്കും സൗര്യം കൊടുക്കാതെ ശല്യമായിരുന്ന എന്നെ ആരും സ്നേഹത്തോടെ ഓർക്കില്ലല്ലോ, പോയത് കാര്യമായി എന്ന്‌ കരുതും എന്ന്‌ പറഞ്ഞ് തീർന്നതും അമ്മൂമ്മ ആത്മാവ് കറുത്ത രൂപം വന്ന് കാക്കയായി പറന്ന് പോയി. അപ്പൂപ്പന് പേടി കൂടി. തിരക്കിൽ നിന്നും നീങ്ങി മാറി ആലോചിച്ചു നോക്കി, തനിക്ക് എന്തെങ്കിലും ആഗ്രഹം ബാക്കി ഉണ്ടായിരുന്നോ എന്ന്‌. അപ്പോഴാണ് അപ്പൂപ്പന് ഒരു കാര്യം ബോധ്യമായത്. സമ്പാദ്യം മുഴുവനും എല്ലാർക്കും കൊടുത്തെങ്കിലും ഉള്ളിലുള്ള സ്നേഹം എല്ലാർക്കും വേണ്ട രീതിയിൽ വീതം വെച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്‌. കൊച്ചു മക്കളേ വേണ്ട രീതിയിൽ മടിയിൽ ഇരുത്തി കൊഞ്ചിക്കാൻ കൂടി കഴിഞ്ഞില്ലല്ലോ എന്ന്‌ ഓർത്തത്‌. കൊച്ചുമക്കളെ കാണാൻ അപ്പൂപ്പന് കൊതി കൂടി. അപ്പൂപ്പൻ വേഗത്തിൽ ഓടാൻ തുടങ്ങി. പക്ഷെ ആ പരിധി വലയം കഴിഞ്ഞ്  ഓരോ അടി പോകുന്തോറും പതിന്മടങ്ങു് ശക്തിയിൽ തിരികെ അകത്തേക്ക് അപ്പൂപ്പൻ  പിൻവലിഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് വേറൊരു കാര്യം അപ്പൂപ്പൻ ശ്രദ്ധിച്ചത്. കൂടുതൽ ആത്മാക്കളും ഇതേ പോലെ ഓടി പരാജിതരായി ആണ് കരയുന്നതെന്ന്. യഥാർത്ഥത്തിൽ അപ്പൂപ്പന് 6 സ്നേഹത്തോടെയുള്ള ഓർമ്മകൾ കിട്ടിയിട്ടുണ്ട്. ഇനി ഒരെണ്ണം കൂടി കിട്ടിയാൽ ഈ വാവിന് അപ്പൂപ്പന്റെ ആത്മാവിന് കറുത്ത രൂപം കിട്ടി കൊച്ചുമക്കളെയും മറ്റെല്ലാവരെയും കാണാൻ പോകാം.

ഇതേ സമയം അപ്പൂപ്പന്റെ വീട്ടിൽ പട്ടടയുടെ ചുറ്റും എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്. പൂജാ കർമ്മങ്ങൾ ചെയ്യാൻ പ്രത്യേകിച്ച് ആചാര്യൻ ഒന്നുമില്ല. മൂത്ത മകന് ചെറിയ രീതിയിൽ ചില ക്രിയകൾ അറിയാവുന്നവനാണ്. ഒരു വാഴയിലയിൽ കരിക്ക് വെട്ടി മോന്ത കളഞ്ഞ് ദ്വാരം വെച്ച് കരിക്കിൻവെള്ളം തുളുമ്പനെ ആക്കി വെച്ചിട്ടുണ്ട്. ഇലയുടെ ഒരറ്റത്ത് ഉമിക്കരിയും ഒരു  പച്ചീർക്കൽ ചീകിയതും ഇരിപ്പുണ്ട്. വേറൊരു ഇലയിൽ എള്ള്, അരി, പുഷ്പങ്ങൾ, കർപ്പൂരം എന്നിവയും, വെള്ളം നിറച്ച കിണ്ടിയും വിളക്കും കത്തിച്ചു വെച്ചിട്ടുണ്ട്. ചെറിയ ഒരു തൂശനിലയിൽ ഏഴ് ദർഭ പുല്ലുകൾ വൃത്തിയായി കെട്ടി വെച്ചിരിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ മൂത്ത മകനിൽ ആണ്. അയാൾ കിണ്ടിയിൽ നിന്നും വെള്ളം തളിച്ച് അരിയും എള്ളും ഒരുമിപ്പിച്ചു കൊണ്ട് വിളക്കിനടുത്തു നിന്നും നീക്കി വെച്ചിട്ട് എല്ലാവരോടും മാറി നിൽക്കാൻ പറഞ്ഞു. എന്നിട്ട് ഉച്ചത്തിൽ കൈ കൊട്ടാൻ തുടങ്ങി. കുറെ കൊട്ടിയിട്ടു മാറി നിന്നു. എല്ലാവരും ആ വരവിനായി കാത്തിരിപ്പായി. പക്ഷെ ആരും അപ്പൂപ്പനെ സ്നേഹത്തോടെ വിളിച്ചില്ല. സ്നേഹത്തോടെ ഓർത്തില്ല. 

അൽപ നിമിഷത്തിലെ കാത്തിരുപ്പിനെ വകഞ്ഞു മാറ്റി കൊണ്ട് ചില പിറു പിറുപ്പുകൾ ചുണ്ടനക്കി തുടങ്ങി. പെണ്ണുങ്ങളിൽ ചിലർ വീട്ടിനകത്തേക്ക് കേറി പോയി. ആണുങ്ങൾ ചില നാട്ടു വർത്താനങ്ങളിലേക്ക് ശ്രദ്ധ കൊടുത്തു. അമ്മൂമ്മ കാരണ പരാതികൾ പുലമ്പിക്കൊണ്ടു. മുതിർന്ന കുട്ടികൾ മൊബൈലിൽ തോണ്ടൽ കൊടുത്തു. കൊച്ചു കുട്ടികൾ പുതിയ കളി തേടി പട്ടട മാറി ഓടിപ്പോയി.  ഇളയ മകൻ ഒരു കസേര കൊണ്ടു വന്നിരുപ്പായി. പക്ഷെ മൂത്ത മകൻ അതേ നിൽപ്പ് തുടർന്നു. പക്ഷെ ആരും അപ്പൂപ്പനെ സ്നേഹത്തോടെ വിളിച്ചില്ല. സ്നേഹത്തോടെ ഓർത്തില്ല.

ഈ സമയം കുട്ടികളുടെ കളി കൂട്ടത്തിൽ നിന്നും ഒരു കൊച്ചു മോൻ വീടിനകത്തേക്ക് ഓടി കയറിപ്പോയി. അപ്പൂപ്പന്റെ ഫോട്ടോയിൽ നോക്കി നിൽപ്പായി. കൊറേ നേരം നോക്കി നിന്നിട്ട് അവൻ പയ്യെ പറഞ്ഞു. "ള്ളാരോടും... പ്പൂപ്പന്‌ ദേശിയാ... അതാ... പ്പൂപ്പൻ ബരാത്തെ  ന്ന്  കോലമ്പാപ്പി പറയ്ന്ന്.... ന്താ പ്പൂപ്പൻ ബരാത്തെ!!! ന്റെ പ്പൂപ്പനല്ലേ!!! മോൻ പോയി കയ്യടിചാം!!! പ്പൂപ്പൻ വരണേ!!!" തിരികെ ഓടി കൊണ്ട് പട്ടടയുടെ മുന്നിലേക്ക്‌ അണച്ചെത്തി മൂത്ത മോനെ തട്ടി ഒരു വശത്തേക്ക് വീഴാൻ പോയിട്ട് വീഴാതെ വാഴയിലയുടെ ഒരു  വശത്തേക്ക് നിന്നിട്ട് കണ്ണടച്ച് കയ്യടിച്ചു കൊണ്ട്...
"പ്പൂപ്പാ!!! മോന്റെ അടുത്തേക്ക് ഓടി ബാ....യോ!!!!"

!!!കറുത്ത രൂപം പടർന്നു കേറി ചിറക് വിടർത്തി അടിച്ച് ആ പരിധി വലയം ഭേദിച്ച്‌ അപ്പൂപ്പന്റെ ആത്മാവ് താഴേക്ക്‌ പറന്നിറങ്ങി!!!

Comments

Shahna K Rajesh said…
Jeevichirikumbol kodukatha sneham marana shesham tirichu agrahichitu karyamillaaa.....gud story....
Rejani Dil said…
കൊള്ളാം ... .
Unknown said…
പോയാലെ പോകുന്നവരുടെയും പോയവരുടെയും ബാക്കിയായവരുടെയും വ്യഥയറിയൂ..
Anonymous said…
അകാശത്തലയുന്ന അപ്പൂപ്പന്മാരിലൂടെ വായിച്ചെടുത്തത് ഭൂമിയില്‍ അലയുന്ന അപ്പുപ്പന്മാരെയും അമ്മുമ്മമാരെയും അമ്മമാരെയും അച്ചന്മാരെയുമാണ്. മനോഹരമായ എഴുത്ത് .
Preji PK said…
Thanks for the read comment. 😍
Preji PK said…
Thanks for the read comment. 😍
Preji PK said…
Thanks for the read comment. 😍
Preji PK said…
Thanks for the read comment. 😍
Preji PK said…
Thanks for the read comment. 😍

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു