ഖുത്തബ് മിനാറിന്റെ ഒരിടത്ത് - Qutub Minarinte Oridathu


ഖുത്തബ് മിനാറിന്റെ തലമണ്ടയിലൂടെ പക്ഷികൾ പ്രഭാതഭേരി മുഴക്കിക്കൊണ്ട് വട്ടം പറക്കുന്നു. രാവിലത്തെ സവാരിക്ക് പട്ടിയോടൊപ്പം അതിന്റെ  ചങ്ങലയിൽ പിടിച്ചു കൊണ്ട് തിരക്കിട്ട് പണക്കാരായി  തോന്നുന്നവരും അല്ലാത്തവരും ആ ചടങ്ങ് തീർക്കാനായി  നടന്നു പോകുന്നു.  രാവിലെ 7 മണി കഴിഞ്ഞതിനാൽ വാഹനങ്ങളുടെ  ദയനീയമായ കരച്ചിൽ കുറവാണ്.  റോഡിലെ പൊടി  പടർത്തികൊണ്ട്  ഒരു മധ്യവയസ്ക  റോഡരിക് തൂത്തു വൃത്തിക്കേടാക്കുന്നു. ലാഡൂസറായിലെ ആ ബസ്റ്റോപിന് അരികിലെ തിട്ടയിൽ നല്ല മഞ്ഞനിറത്തിലുള്ള പഴങ്ങളുടെ പടലകൾ കൂട്ടമായി അടുക്കി വെച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അതിനു  പിറകിൽ ക്ഷീണിച്ച അവശയായ ഒരു സ്ത്രീയേയും അരികിൽ മുഷിഞ്ഞ ഒരു  തടിപെട്ടിയും (പണപ്പെട്ടി) കുറച്ചു കവറുകളും കാണാം. തൊട്ടരുകിൽ തന്നെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും, ഹിന്ദി പത്രങ്ങളും അടുക്കി നിരത്തി വെച്ചിരിക്കുന്നു. ആ പ്രഭാതത്തിലെ സ്റ്റോപ്പിൽ കൂലി പണിക്കാരിയായ ആളുകളാണ് ബസ് കയറാൻ കൂടുതലും നിൽക്കുന്നത്. ബസ്‌സ്റ്റോപ്പിന്റെ അരികിലുള്ള മതിലിന്റെ വശത്തു നിന്നും വേസ്റ്റ് ഉം മൂത്രവും കലർന്ന ദുർഗന്ധം വമിക്കുന്നുണ്ട്. ഇതെല്ലാം കാണാനായി ഖുത്തബ് മിനാർ തല പൊക്കിത്തന്നെ അവിടെ നിൽപ്പുണ്ട്. ചൂട് ചായയുടെ ആവി പറത്തി കൊണ്ട് കുറച്ച് ആളുകൾ മാറി ഇരുന്ന് കുശലം പറയുന്നു,  ചിരിക്കുന്നു. ഒരു ഉന്തു വണ്ടിയിൽ, ഒരു സൈഡിൽ അടുപ്പും ചായപ്പാത്രവും, മറ്റേ വശത്തു പല തരത്തിലുള്ള പലഹാരങ്ങൾ നിറച്ച കുപ്പികളും വെച്ചിട്ടുണ്ട്. വളരെ തന്മയത്വത്തോടെ ചായകൊടുക്കുകയും, പലഹാരങ്ങൾ എടുത്തു കൊടുത്തും കൂടെ നാട്ടുവർത്തമാനവും പറഞ്ഞു ഉടമസ്ഥനും. അവിടുണ്ടായിരുന്ന എല്ലാ അഴുക്കും പേറികൊണ്ട് ഒരു കുട്ടി ആ പലഹാര കുപ്പിയിലും, ചായയിലും നോക്കി കൊതി വിട്ടുകൊണ്ട് നടക്കുന്നു.

ഇതേ സമയം കാലുകൾ വേച്ചു വേച്ചു ഇപ്പോൾ താഴെ വീഴും എന്നായി കൊണ്ട് ദൂരെ നിന്നും അവൻ നടന്നു വരുന്നു. തൊട്ടരുകിൽ തന്നെ കാലടികൾ മുന്നോട്ടു വെയ്ക്കാൻ പ്രയാസപെട്ടുകൊണ്ട് വേറെയും രണ്ടു കാലുകൾ അവനെ പിന്തുടരുന്നുണ്ട്. അവന്റെ കാലുകളിൽ ചെരുപ്പില്ല. കീറി  പറിഞ്ഞ പാന്റ്സിന്റെ ഉള്ളിൽ അവന്റെ കാലുകൾ വിറകൊണ്ടു. പണ്ട് വെള്ള ഷർട്ട്‌ ആയിരുന്നു എന്നു തോന്നുന്നു. ഇന്നിപ്പോൾ ചെളി നിറത്തിലുള്ള എന്തോ ഒന്ന്. അവന്റെ തോളിലൂടെ വേറെയും രണ്ടു കാലുകൾ തൂങ്ങി കിടക്കുന്നു. കാലുകൾ  എന്നു  പറയാൻ കഴിയില്ല. കുടകമ്പിയും, അതിന്റെ പിടിയെയും ഓർമിപ്പിക്കുന്ന തരത്തിൽ ഉള്ള ശോഷിച്ച കാൽ തണ്ടകൾ. ഞരമ്പുകൾ രക്തം കിട്ടാതെ തളർന്നുലഞ്ഞിരിക്കുന്നു. അവന്റെ കഴുത്തിനെ വരിഞ്ഞു കൊണ്ട് രണ്ട് ശോഷിച്ച കൈകൾ പിണഞ്ഞു കിടപ്പുണ്ട്. അവന്റെ തലയിൽ താങ്ങി വെച്ചിരിക്കുന്ന വേറെ ഒരു തലയും. ആ തലയിൽ കുറച്ചു നരയുള്ള മുടി അവശേഷിക്കുന്നുണ്ട്. കൂടാതെ കുറെ മീശ രോമങ്ങളും, താടി രോമങ്ങളും ഇടം കാലിയാക്കാതെ ഒട്ടിയ കവിളിൽ പറ്റിയിരിപ്പുണ്ട്. പിന്നെ കുഴിഞ്ഞു അകത്തു പോയ കണ്ണുകളും, ശ്വാസം കിട്ടാൻ വേണ്ടി ആഞ്ഞു വലിക്കുന്ന മൂക്കും, കുറു കുറു എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ഒരു വായും കൂടി ഉള്ള അയാൾ അവന്റെ അച്ഛനായിരുന്നു. കൂടെയുള്ളത് അവന്റെ അമ്മയും. അച്ഛനെ ചുമന്നു കൊണ്ടു വരുന്ന മകൻ. വളരെ ദയനീയ മായ കാഴ്ച... " ഇതെല്ലാം കാണാനായി ഖുത്തബ് മിനാർ തല പൊക്കി തന്നെ അവിടെ നിൽപ്പുണ്ട് ". വേച്ചു വേച്ചു അവൻ ആ പെട്ടി കടയുടെ അരികിൽ നിന്നു. വിറച്ചു വിറച്ചു അവൻ പതിയെ മുട്ടുകൾ മടക്കി കുത്തി ഇരുന്നു. പതിയെ അച്ഛനെ താഴേക്ക്‌ ഇറക്കി. അയാൾ ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ആ ദുർബലമായ കാലുകൾ ഒടിഞ്ഞാലോ എന്ന ഭയത്താൽ അവിടെ തന്നെ ഇരുന്നു. അപ്പോൾ അവന്റെ അമ്മ പതിയെ നടന്ന് അവിടെ എത്തി അയാളോടൊപ്പം കുത്തിയിരുന്നു. അവൻ പതിയെ ആ ദുർഗന്ധം വമിക്കുന്നതും, വൃത്തികേടായാതുമായ ആ റോഡിൽ മലർന്നു കിടന്നു. വെള്ളം കയറാത്ത ആ മുടിയിൽ ചെളികൾ ഒട്ടിപ്പിടിച്ചു ജടയായി തുടങ്ങുന്നു. ബ്ലേഡ് എന്താണെന്നറിയാത്ത കുറെ രോമങ്ങൾ അവന്റെ മുക്കിനു താഴെയും, താടിയിലും തളർന്നു കിടക്കുന്നു. കണ്ണു നീരിന്റെ ഉപ്പിൽ വളർന്നു വന്ന കൺപീലികൾ കൂടെ കൂടെ പിടക്കുന്നുണ്ട്. 22വയസ്സ് വരുന്ന ഒരു ചെറുപ്പക്കാരൻ ബാധ്യതയിൽ നിറഞ്ഞ മനസ്സുമായി അവൻ മയക്കത്തിലേക്ക് വഴുതുന്നു. ചോര നിറഞ്ഞത്തും, വെള്ളമയമില്ലാത്തതുമായ കുറുകിയ കഫം പുറപ്പെടുവിക്കുന്ന ഒരു ചുമയുടെ ശബ്ദത്തിൽ അവൻ ഞെട്ടി ഉണർന്നു. റോഡിലേക്ക് വീണു കിടന്നു ആ അച്ഛൻ ശ്വാസത്തിനായി വെമ്പി കൊണ്ട് ദുഷിച്ച കഫം പുറത്തേക്ക് വിടാൻ പ്രയാസപ്പെട്ടുകൊണ്ട് ചുമയ്ക്കുന്നത് കണ്ടു കൊണ്ട് അവൻ ബാധ്യതയിലേക്കും, കടമയിലേക്കും തിരിച്ചു  വന്നു. ഉണങ്ങിയ തൊലിയും, അതിലേറെ ഉണങ്ങിയ ഞരമ്പുകളും, അഞ്ചു എല്ലുകളും പുറത്തേക്കു കാണിക്കുന്ന കൈ കൊണ്ടു ആ അമ്മ അയാളുടെ പുറം തടകുകയാണ്. അവരും കൂടെ കൂടെ ചുമയ്ക്കുന്നുണ്ട്. അവൻ പതിയെ അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് നോക്കി. സ്ഥലം കാലിയായി പോയ കുറെ ഗുളികകളുടെ കവറുകളും, അതിനിടയിൽ കീറലുകളും, ഒട്ടിപ്പുകളും, ചെളിയും, നിറഞ്ഞ അഞ്ചാറു നോട്ടുകളും മാത്രം. അവൻ അച്ഛനെ ഒന്ന് നോക്കി. ആ വീർപ്പുമുട്ടലിന് ഒരു ഇടവേള കിട്ടിയപ്പോൾ അച്ഛൻ അവനെയും നോക്കി. പക്ഷെ അയാളുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നു. പതിയെ തലയാട്ടി അവനെ അടുത്തേക്ക് വിളിച്ചു. അവൻ അച്ഛന്റെ അരുകിൽ ചെന്നിരുന്നു. അയാൾ അവനെ അടിമുടി  ഒന്നു നോക്കി. "എന്റെ മോൻ നന്നായി ക്ഷീണിച്ചിരിക്കുന്നു. എന്നെക്കാളും വയസ്സായി" അയാൾ ചുമച്ചും, തുപ്പിയും കൊണ്ട് അവന്റെ കണ്ണുകളിലേക്ക്, നോക്കി ഇരുന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണീർ അടർന്നു വീണു... 

ചുമയുടെ ഇടയിൽ ഒരിടവേള വന്നപ്പോൾ അച്ഛൻ അവനോടു പറഞ്ഞു. "മോനേ അച്ഛന് ഒരു ചായ വാങ്ങി താ... പിന്നെ ഒരു കാര്യം പറയാനും ഉണ്ട് " അവൻ അതുകേട്ട് കൊണ്ട് മുഷിഞ്ഞ അഞ്ചു രൂപ നോട്ടുമായി പോയി ഒരു ഗ്ലാസ് ചായയുമായി വന്നു. അവൻ വേറെ ഒരു ഗ്ലാസിലേക്കും ചായ ആറ്റി കൊണ്ട് അച്ഛന് കൊടുത്തു. പകുതി അമ്മയ്ക്കും. അവർ അതു ഊതി കുടിക്കുന്നു. അവൻ നിറകണ്ണുകളോടെ നോക്കി നിൽക്കുന്നു. അവന്റെ വലതു കൈ, ഷർട്ടിന്റെ പോക്കറ്റിൽ ആയിരുന്നു. "പെട്ടെന്ന് പോകണം... ഇപ്പോൾ തന്നെ ക്യൂ കൂടി കാണും. ഇന്നു കണ്ടില്ലെങ്കിൽ ആ ഡോക്ടറെ ഇനി അടുത്ത ആഴ്ചയിലേ കാണാൻ പറ്റൂ" അവൻ അവരോട് പറഞ്ഞു. ഇത് കേട്ട അച്ഛൻ ചായ വേഗം മൊത്തി കുടിച്ചിട്ട്  അവനെ നോക്കിയിട്ട് വിറച്ചു വിറച്ചു പറഞ്ഞു...  "മോൻ ഇനി എന്നെ ഒരു ഡോക്ടറെയും കാണിക്കേണ്ട. മതിയായി... നീ എന്നെ ഈ  റോഡിന്റെ അരുകിലോട്ടു നീക്കി ഇരുത്തിയേരെ... ഞാൻ അവിടെ കിടന്നോളാം... നീ അമ്മയെയും കൊണ്ട് പൊയ്ക്കോ... എന്റെ മോൻ പെട്ടെന്ന് വയസ്സായി.... ഇനി എന്നെ നീ സഹിക്കേണ്ട... ഞാൻ ആ തല പൊക്കി നിൽക്കുന്ന ഖുത്തബ് മിനാർ നോക്കി കൊണ്ട് ഇവിടെ കിടന്ന്  കൊള്ളാം.. എന്റെ മോൻ  പൊയ്ക്കോ..." അയാളുടെ ശബ്ദം ഇടറി. 

അവൻ ഒന്നും മിണ്ടാതെ രണ്ട് പേരുടെയും കൈയിൽ നിന്നും ചായ ഗ്ലാസ്‌ വാങ്ങി കൊടുത്തിട്ട് തിരികെ അച്ഛന്റെ അരുകിൽ വന്നിട്ട് മുട്ട് കുത്തിയിരുന്നു. ഒന്നും മിണ്ടാതെ അയാൾ അവന്റെ മുതുകിലേക്ക് ഇഴഞ്ഞു കയറി. അവൻ വളരെ പാടുപ്പെട്ടു നിവർന്നു നിന്നു. വിറയ്ക്കുന്ന കാലുകളും, ശൂന്യമായി കൊണ്ടിരിക്കുന്ന മനസ്സുമായി കാലടികൾ മുന്നോട്ട് ആക്കുന്നു. ഏന്തിയും പതറിയും അച്ഛനെ തോളിലേറ്റി മകൻ ടി.ബി ഹോസ്പിറ്റലിലേക്ക് നടക്കുന്നു. കൂടെ ആ അമ്മയും. 

അച്ഛൻ നിർത്താതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ചോരയിൽ നിറഞ്ഞ കഫം അവന്റെ തലയിൽ കുമിയുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിന്റെ  വാതിൽക്കൽ എത്തിയിരുന്നു അവർ. അപ്പോഴേക്കും ഡോക്ടറെ കാണാനുള്ള ക്യൂ തുടങ്ങിയിരുന്നു. "അമ്മ പോയി ആ ക്യൂവിൽ നിന്നോ. അച്ഛനെ ആ വരാന്തയിലോട്ടു ഇരുത്തിയിട്ട് ഞാൻ വന്ന് നിൽക്കാം." അവൻ പറഞ്ഞു. അമ്മ പതിയെ ആ ക്യൂവിന്റെ പിറകിൽ പോയി നിന്നു. ഇടയ്ക്കു അച്ഛനെയും, മോനേയും നോക്കുന്നുണ്ടായിരുന്നു. അവൻ അവിടെ നിന്നും വരാന്തയിലേക്ക് ഒരടി എടുത്തു വെച്ചു. നന്നേ ക്ഷീണിച്ചിരിക്കുന്നു. അച്ഛനെ ക്ഷീണം അറിയിക്കാതെ അവൻ ശ്വാസം അടക്കിപിടിച്ചു മുന്നോട്ട് നടന്നു. വലിഞ്ഞു വലിഞ്ഞു അവൻ വരാന്തയ്ക്കരുകിൽ എത്തി. വളരെ കഷ്ടപ്പെട്ടു അവൻ കുത്തിയിരുന്നു. പതിയെ അച്ഛനെ ആ വരാന്തയുടെ ഭിത്തിയിലേക്ക് ചാരി ഇരുത്തിയതും, അച്ഛൻ മറിഞ്ഞു താഴത്തേക്ക് വീണതും ഒരുമിച്ചായിരുന്നു. അച്ഛൻ മരിച്ചിരിക്കുന്നു. അവൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ശബ്‌ദം പുറത്തേക്ക് വന്നില്ല... വിശ്വസിക്കാനാവാതെ അവൻ വീണ്ടും വീണ്ടും അച്ഛനെ കുലുക്കി നോക്കി... അതെ മരിച്ചിരിക്കുന്നു. 

"അതേ സമയം അച്ഛന്റെ പേര് വിളിക്കുന്നതും  കാതോർത്തു കൊണ്ട് അമ്മ ആ ക്യൂവിൽ തളർന്നു നിൽക്കുകയാണ്."

Comments

Unknown said…
പക്ഷെ പ്രജി...
Preji PK said…
പറഞ്ഞോളൂ സുഹൃത്തേ

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു