നാട്ടിലേക്കുള്ള സ്വപ്‌നം - Nattilekkulla Swapnam
















ഡൽഹിയിലെ ഒരിടത്ത് നിന്നും  മറ്റൊരിടം ഫേസ് 2 ലേക്ക് പോകുന്ന 003നമ്പർ ബസ്സിൽ  ഇടയിലെ സീറ്റിൽ സ്വപ്നൻ കയറി ഇരുന്നു. കൂടുതലും ഹിന്ദിക്കാരായിരുന്നു. വലതു വശത്ത് മുൻസീറ്റിന് പുറകിലായി മലയാളികളായ അപ്പച്ചനും, അമ്മച്ചിയും ഇരുപ്പുണ്ടായിരുന്നു. സ്വപ്നൻ പതിയെ സീറ്റിന്റെ പിന്നിലേക്ക് ചാരി ഇരുന്നു. സീറ്റിന്റെയും അവന്റെ പുറത്തിന്റെയും ഇടയിലായി എന്തോ ഒന്ന് ചെറുതായി അമരുന്നതായി തോന്നി. അത് പിന്നിൽ ഇരുന്ന ഒരു മധ്യ വയസ്കന്റെ കൈകൾ  ആയിരുന്നു. സ്വപ്നൻ തിരിഞ്ഞു നോക്കിയതുമില്ല. ആരും ഒന്നും മിണ്ടിയതുമില്ല. സ്വപ്നൻ പതിവുപോലെ ബസ്സിന്റെ പുറത്തേക്ക് കണ്ണോടിച്ചു. അവന്റെ  സീറ്റിന്റെ ഇടതുവശത്ത് ആരോ വന്നിരുന്നതും, കൂടെ രണ്ട് പിള്ളേർ വന്ന് സ്ഥലം പിടിച്ചതും, ഒന്ന് അവന്റെ മടിയിലേക്ക് ചാടിയിരുന്നതും പെട്ടെന്നായിരുന്നു. സ്വപ്നൻ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. ബസ്സ് പതിയെ നീങ്ങി തുടങ്ങി. പരസ്പരം അറിയാവുന്നവരും, അറിയാത്തവരും കല  പിലാന്ന്‌ ചിലക്കാൻ തുടങ്ങി.

ബസ്സ് സാധാരണ പോലെ വേഗതയിൽ പോകാൻ തുടങ്ങി. പതിയെ എവിടെ നിന്നോ ചെണ്ട മേളത്തിന്റെയും, ചെങ്കിലയുടെയും, ശബ്ദം കേട്ടത് പോലെ തോന്നി. പതിയെ പതിയെ ആ ശബ്ദത്തിന്റെ സാമിപ്യം അടുത്ത് കൊണ്ടിരുന്നതും പെട്ടെന്ന് ദൂരേക്ക് അകന്ന് പോയി നിലച്ചതും ഒരുമിച്ചായിരുന്നു. ബസ്സിലെ കല പില എന്നുള്ള ശബ്ദം നിലച്ചിരുന്നു. "നാട്ടിലെ പോലെയുള്ള ഒരു പ്രകമ്പനം ഇല്ല ഈ ഡൽഹിയിലെ മേളത്തിന്. " മുന്നിലിരുന്ന ആ അപ്പച്ചനെ സ്വപ്നൻ ആളുകളുടെ ഇടയിലൂടെ കണ്ടു. അപ്പച്ചൻ തുടരുകയാണ്...... ഇവിടെയൊക്കെ ഒരു ചടങ്ങിന് വേണ്ടി ഓരോന്ന് തട്ടി കൂട്ടുന്നു... പോകുന്നു... അങ്ങനെ തന്നെ. " ഇതിന് മറുപടി എന്നോണം പിറകിൽ നിന്നും ഒരു മധ്യവയസ്കന്റെ ശബ്ദം "എന്നാലും ഇവിടെയും നമ്മളെപ്പോലെയുള്ളവർക്ക് ഇടയ്കൊക്കെ എങ്കിലും നാടിനെ ഓർക്കാനും, ഇതൊക്കെ കാണാനും, കേൾക്കാനും  കഴിയുന്നുണ്ടല്ലോ....... അങ്ങനെ സഹിക്കാം." 'ശ്ശോ ', സ്വപ്നൻ അതിശയിച്ചു. അവർ കുറച്ചു പേരല്ലാതെ ബാക്കി എല്ലാം ഹിന്ദിക്കാരാണ്. അവരാണേൽ ഇത് ശ്രദ്ധിക്കുന്നുമില്ല. മലയാളത്തിൽ ഭയങ്കര വാദവും. സ്വപ്നൻ ഉള്ളിൽ ഒരു ചിരിയും പാസ്സാക്കി മേളം കേട്ട ഭാഗത്തേക്ക്‌ നോക്കിയിരുന്നു. ബസ്സിനുള്ളിലെ വെട്ടം കുറഞ്ഞു കുറഞ്ഞു വന്നു. പവർ കട്ടിന് മുൻപ് ബൾബ് മിന്നി അണയുന്നതു പോലെ.  ശ്ശോ... ഒരു മഴ പെയ്‌തിരുന്നെങ്കിൽ ഈ കൊടും ചൂടിൽ നിന്നും ആശ്വാസമായേനെ. മധ്യവയസ്‌കൻ പുലമ്പി.

"കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ......"
പെട്ടന്ന് പിന്നിലിരുന്ന മധ്യവയസ്കന്റെ മൊബൈലിൽ നിന്നും ഈ പാട്ട് റിങ്ടോൺ ആയി അടിക്കുന്നു. അതും ആ ബസ്സ് മുഴുവൻ കേൾക്കേ ഉച്ചത്തിൽ, ആൾക്കാരെല്ലാം ആ പാട്ട് ശ്രദ്ധിക്കാൻ തുടങ്ങി. ആ മനുഷ്യൻ ആണേൽ ഫോൺ എടുക്കുന്നുമില്ല. അവനാണേൽ ചമ്മലും, ചിരിയും വന്ന് അടക്കി പിടിച്ചിരിക്കുകയായിരുന്നു. അവന്റെ മടിയിലിരുന്ന ഒരു കുട്ടി മറ്റേ കുട്ടിയെ നോക്കി ചിരി തുടങ്ങി. അവരുടെ അമ്മ തൊട്ടരുകിൽ നിന്നും മധ്യവയസ്സനെ നോക്കി ചെറുതായി മന്ദഹസിച്ചു. അവരും മലയാളികൾ. സ്വപ്നൻ പതിയെ തിരിഞ്ഞു 'അങ്കിൾ എന്താ ആ ഫോൺ എടുക്കാത്തേ...... 'ഹും... അങ്കിളോ.... ചേട്ടാന്ന് വിളിയെടാ..... പിന്നെ ഇവിടെയുള്ളവർ കേൾക്കേട്ടടാ നമ്മുടെ പാട്ട്. "കുട്ടനാടൻ പുഞ്ചയിലെ......."പാട്ടു നിൽക്കാറായപ്പോൾ അയാൾ ഫോൺ എടുത്ത് സംസാരിച്ചു. അതും ഉച്ചത്തിൽ മലയാളത്തിൽ.... പെട്ടന്ന് എന്തോ ഒന്ന്  സ്വപ്നന്റെ മടിയിലുരുന്ന കുട്ടിയുടെ ദേഹത്ത് വന്നിരുന്നു. അവൻ ഒരു തട്ട് വെച്ച് കൊടുത്തു. അതു ബസ്സിന്റെ ഷട്ടറിന്റെ കമ്പിയിൽ ചാടി ഇരുന്നു. അവൻ വീണ്ടും ഒരു തട്ട് കൊടുത്തു. അത് വീണ്ടും ചാടി കുറച്ചും കൂടി മുകളിലായി ഇരുന്നു. ഒരു തവള. നാട്ടിൽ മഴപെയ്തു തുടങ്ങുമ്പോൾ കാണുന്ന പച്ച തവള. ഇത് പോലെ ഒരെണ്ണം ഇതെവിടെന്നു വരാനാ.... സ്വപ്നൻ അതിശയിച്ചു. അത് അവിടെ ഇരുന്നു കരയാൻ തുടങ്ങി. കുട്ടികളും ചിരി തുടങ്ങി. അവൻ പയ്യെ അതിന്റെ മുതുകിൽ ഒന്നു മൃദുവായി തട്ടി. ഹും... അതു പോകുന്ന ലക്ഷണം ഇല്ല. അതിലെ ഒരു കുട്ടി പറഞ്ഞു. അതിനെ പിടിച്ചു കൊടുക്കാൻ.... സ്വപ്നൻ മനസ്സില്ലാ മനസ്സോടെ പിള്ളേരെ മാറ്റിയിട്ട് എഴുന്നേറ്റ് രണ്ട് കൈയ്യും പൊക്കി ഒറ്റ പിടുത്തം. നോക്കിയപ്പോൾ അത് ഒരു ബലൂൺ രൂപത്തിലുള്ള പാവയാണ്. ഹായ്.. ഹായ്... മാജിക്‌... മാജിക്‌... അമ്മേ ഈ മാമന് മാജിക്‌ അറിയാം.... തവളയെ  പാവയാക്കി. സ്വപ്നൻ എന്താണ് സംഭവിച്ചെന്ന് അറിയാതെ അന്തം വിട്ട് നിൽക്കുവാ. പെട്ടന്ന് ബസ്സിന്റെ രണ്ട് സൈഡിൽ നിന്നും പല നിറത്തിലുള്ള ബലൂണുകൾ താഴെ നിന്നും പതിയെ മുകളിലോട്ട് പറക്കുന്നു. കുട്ടികൾ ബലൂണിനു പിറകെ ഓടി. ഒരു വലിയ ബലൂൺ പതിയെ അവന്റെ അടുത്തേക്ക്  വന്നു. സ്വപ്നൻ എടുത്തു കടിച്ചു പൊട്ടിച്ചു. ബലൂൺ എല്ലാം അവിടെ ഇവിടെ പറന്നു നടക്കുകയാണ്....

കുറെ ബലൂണുകൾ അടുക്കി വെച്ച് അതിന്റെ മുകളിലാണ് സ്വപ്നൻ കിടക്കുന്നത്. ചുമന്ന പുള്ളികളുള്ള ഒരു ബലൂൺ എടുത്തു കൈയിൽ വെച്ചു. റിമോട്ട് എടുത്തു ടി വി യുടെ ഒച്ച കൂട്ടി. ബലൂൺ കൊണ്ട് തന്നെ ഉണ്ടാക്കിയ കോപ്പയിൽ ചൂട് ചായ എടുത്തു ഊതി കുടിച്ചു. അപ്പോൾ കൂട്ടുകാരൻ സ്വപ്നൻ കിടന്ന ഹാളിലേക്ക് വന്നു. ഒരു വലിയ ബലൂൺ എടുത്തു അതിന്റെ മുകളിൽ അവനിരുന്നു. ചേച്ചി എനിക്കും കൂടി താ.... ചായ. അവൻ അടുക്കയിലേക്കു നോക്കി പറഞ്ഞു. ആരാടാ... അത്... മോങ്കുട്ടൻ ആണോ... ഇപ്പോൾ കൊണ്ടു വരാമെടാ..... അന്നേരം അവന്റെ മൊബൈൽ റിംഗ് ചെയ്‌തു. അവൻ വെളിയിലേക്കു ഇറങ്ങി. സ്വപ്നൻ ടീവി കാണൽ തുടർന്നു. ചേച്ചി ചായയുമായി വന്നു. വന്നപ്പോൾ സ്വപ്നൻ അവിടെ കിടക്കുന്നത് കണ്ടില്ല. ചായ ചോദിച്ചിട്ട് അവൻ അങ്ങ് പോയോ... എന്ന് പറഞ്ഞു ചേച്ചി തിരികെ പോകാൻ നേരം സ്വപ്നനെ കണ്ടു.. ആരാ..... മനസ്സിലായിലല്ലോ.... മോങ്കുട്ടന്റെ കൂട്ടുകാരനാണോ.... അല്ല സ്വപ്നൻ പറഞ്ഞു. 'പിന്നെ 'നിങ്ങളെ ഇതിനു മുൻപ് ഇവിടെകണ്ടിട്ടില്ലല്ലോ...... ഞാൻ ഇവിടെ ആദ്യമായിട്ടാണ്....... ചേച്ചിക്ക് പേടി വരുന്നുണ്ടോ..... പേടിയോ എന്തിന് നിങ്ങൾ പോയാട്ടെ ഇവിടെ നിന്ന്.....  ഇവിടെ ആണുങ്ങൾ ഇല്ലാത്ത വീടാ......  ഞാനും എന്റെ മോളും മാത്രം താമസിക്കുന്നത്. എന്നും പറഞ്ഞു അവർ അകത്തേക്ക് കയറി പോയി. അവന്  സങ്കടം വന്നു. സ്വപ്നൻ ടീവി ഓഫ്‌ ചെയ്തു.

പതിയെ എഴുന്നേറ്റു ആ എ സി കംപാർട്മെന്റ്ൽ നിന്നും പുറത്തിറങ്ങി. പട്ടിയുടെ രൂപവും, പോത്തിന്റെ ശരീരവും പോലെയുള്ള ആ മൃഗം സ്വപ്നൻന്റെ കാലിൽ നക്കി. അവന് പേടി തോന്നിയില്ല. പെട്ടന്ന് ആ മൃഗം അവന്റെ കഴുത്തിൽ കടിച്ചു പിടിച്ചു. അതിന്റെ രണ്ട് കൈയും കൊണ്ട് അവന്റെ രണ്ട് കൈയും പിടിച്ചു വലിച്ചു. അവന്റെ രണ്ട്  കാൽ പാദവും, അതിന്റെ കാലിന്റെ അടിയിൽ ഞെരിഞ്ഞമങ്ങി. അവന് ശ്വാസം മുട്ടി.... സ്വപ്നൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിട്ടും ആ വേദനയും ശ്വാസം മുട്ടലും പെട്ടന്ന് വിട്ടു പോയില്ല.....

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു