നാല് ചായയും നാല് പെണ്ണുങ്ങളും - Nalu chayayum nalu pennungalum














ഓഫീസിലെ ടീ ടൈമിൽ അവർ നാല് പേരും നാല് ചായയുമായി മുഖാ മുഖം വന്നിരുന്നു. ജാനകി, സുശീല, ദെലീമ, രഹ്‌ന. ഇവര് പല പല സെക്ഷനിൽ ആണെങ്കിലും ചായക്കും, ലഞ്ചിനും ഒരുമിച്ചാണ് ഇരിപ്പ്. കുട്ടികൾ, ഭർത്താവ്, കുടുംബം, ഓഫീസ് ഇതൊക്കെ തന്നെയാണ് ഇവരുടെ ലോകം. നാല് പേരും ജോലിയും കുടുംബവും നന്നായി കൊണ്ട് പോകുന്നുമുണ്ട്. വർക്ക്‌ ചെയ്യുന്ന കംപ്യൂട്ടറിന്റെ സ്‌ക്രീനിന്റെ വെട്ടമോ, വീട്ടിലെ ട്യൂബ് ലൈറ്റിന്റെ വെട്ടമോ സ്ഥിരമായി ഏശുന്നതോ കൊണ്ടോ ആവാം കറുത്ത മുടികൾക്കിടയിൽ അകാല വെളുപ്പ് അങ്ങിങ്ങായി പതുങ്ങി വരുന്നുണ്ട്.

അങ്ങനെ അവർ പതിവ് ഗോസിപ്പുകൾക്ക് ശേഷം, കുടിച്ച് കൊണ്ടിരിക്കുന്ന ചായയുടെ രുചിയെപ്പറ്റി സംസാരിച്ചു തുടങ്ങി. രഹ്‌നയാണ് തുടക്കമിട്ടത്. 'നമ്മള് ഇപ്പോൾ നാല് പേരും കുടിച്ച് കൊണ്ടിരിക്കുന്ന ചായക്ക്‌ ഒരേ രുചി ആണ് ഉള്ളത്. കാരണം ഇത് ഒരെ മെഷീനിൽ നിന്നെടുത്ത മെഷീൻ ചായ ആണ്'. എല്ലാവരും പയ്യെ ചായ കുടി നിർത്തിയിട്ട് രഹ്‌ന എന്താണ്‌ പറഞ്ഞു വരുന്നത് എന്നതിന് കാതോർത്തു. 'ഞാൻ ഇടക്ക് എന്റെ ഉമ്മ വീട്ടിൽ ഉണ്ടാക്കി തരുന്ന ചായയുടെ രുചി മിസ്സ്‌ ചെയ്യാറുണ്ട്. എങ്ങനൊക്കെ ഉണ്ടാക്കിയാലും ആ ടേസ്റ്റ് ഉണ്ടാവില്ല' രഹ്‌ന ഒരു നെടുവീർപ്പിട്ടു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു. ദെലീമ ടേബിളിലേക്കു കൈ മുട്ട് കുത്തി കൊണ്ട് പറഞ്ഞു തുടങ്ങി. 'എന്റെ സംശയം എന്തെന്ന് വെച്ചാൽ നമ്മള് നാല് പേരും ഒരേ കടയിൽ നിന്നും പാലും, തേയിലയും, പഞ്ചസാരയും വാങ്ങി അവരവരുടെ വീട്ടിൽ കൊണ്ട് പോയി ചായ ഉണ്ടാക്കിയാലും നാല് ചായക്കും നാല് രുചി ആയിരിക്കില്ലേ'. 'അത് പിന്നെ തേയിലയുടെയും, പഞ്ചസാരയുടെയും അളവ് വ്യത്യാസമായിരിക്കില്ലേ' സുശീല ഇടക്ക് കേറി മറുപടി പറഞ്ഞു. അപ്പോഴേക്കും ഷാൾ ഒക്കെ ഒതുക്കി പയ്യനെ ജാനകി തുടർന്നു. 'നമ്മള് എടുക്കുന്ന വെള്ളത്തിന്റെ അളവിന്റെ വ്യത്യാസത്തിലും ചായയുടെ രുചി മാറും. 'അതൊക്കെ ശെരിയായിരിക്കും, എന്നാലും നമ്മുടെ അമ്മ ഉണ്ടാക്കി തന്നിരുന്ന എല്ലാ  ചായക്കും എന്നും ഒരേ രുചിയായിരുന്നു... ല്ലേ'. സുശീലയുടെ പറച്ചിലിൽ മറ്റുള്ളവർ ശെരി വെച്ച് കൊണ്ട് അവർ പരസ്പ്പരം നോക്കി മിണ്ടാതെ ഇരുന്നു. അവരുടെ വിചാരങ്ങൾ ആ കെട്ടിടത്തിന്റെ പടവുകൾ ഇറങ്ങി, പാർക്കിംഗ് ഏരിയയും കടന്ന്, റോഡിലേക്ക് വന്നിട്ട് തിരിഞ്ഞു നോക്കാതെ ഓടി തുടങ്ങി...

"ജാനകിയുടെ വിചാരം"
°°°°°°°°°°°°°°°°°°°°°°°°°°°
ഈ കഴിഞ്ഞ ഞായറാഴ്ച  കോളേജിൽ പഠിച്ചിരുന്ന ജാനകിയുടെ കൂട്ടുകാരിയും ഭർത്താവും കുഞ്ഞും കൂടി ജാനുവിനെയും ഫാമിലിയെയും കാണാൻ എത്തിയിരുന്നു. ഒരുപാട് കാലത്തിന് ശേഷമുള്ള കൂടി കാഴ്ച. വന്നപ്പോൾ  അവൾ തന്നെ ഉണ്ടാക്കിയ കുറച്ച് ഉണ്ണിയപ്പം ചൂടോടെ ഒരു അലൂമിനിയം പാത്രത്തിൽ കൊണ്ട് വന്നു. വീട്ടിലുള്ള എല്ലാവരും കഴിച്ചിട്ട് നല്ല രുചിയുണ്ടായെന്ന് പറഞ്ഞപ്പോൾ അവൾക്ക് നല്ല സന്തോഷം തോന്നി. അതേ സമയം ജാനകിയുടെ കണ്ണും മനസ്സും പോയി ഉടക്കിയത് ആ ഭംഗിയുള്ള അലൂമിനിയം ചൂടാറപ്പെട്ടിയിലായിരുന്നു. മുൻപ് എങ്ങും അത്തരം പാത്രം കണ്ടിട്ടില്ല. ഉച്ചഭക്ഷണം കൊടുക്കുമ്പോഴും, വിശ്രമിച്ചുള്ള സംസാരങ്ങൾക്കിടയിലും ഉണ്ണിയപ്പത്തിന്റെ മേന്മകൾ പറഞ്ഞ് അവളെ പാത്രത്തിൽ നിന്ന് അകറ്റി കൊണ്ടിരുന്നു. അങ്ങനെ വിജയശ്രീലാളിതയായി ജാനകി അവരെ അവർ വന്ന കാറിനരികിൽ കൊണ്ട് യാത്രയാക്കി. പോകുന്നതിനു മുൻപ് "ഉണ്ണിയപ്പം കേമമായിരുന്നു" എന്ന്‌ കൂടി വെച്ച് കൊടുത്തു. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. കരച്ചിലിനിടയിൽ "വാവേടെ പാത്തം ബേണം ഇച്ച്"... ങ്ങീ...ങ്ങീ... "വാവേടെ പാത്തം ബേണം ഇച്ച്"... അപ്പോഴാണ് കൂട്ടുകാരിക്ക് ഉണ്ണിയപ്പം കൊണ്ട് വന്ന പാത്രം ഓർമ വന്നത്. അല്പം പരുങ്ങലോടെ ജാനകി "ശോ... സംസാരിച്ചിരുന്ന് പാത്രത്തിന്റെ കാര്യം ഞാനും മറന്നു. ദോ... ഇപ്പോൾ കൊണ്ട് വരാം... വാവേടെ പാത്രം" ജാനകി പെട്ടെന്ന് അകത്തു പോയി പാത്രം കഴുകി തുടച്ചു തിരികെ വന്ന് കുഞ്ഞിന്റെ കൈയിൽ കൊടുത്തപ്പോഴാണ് കരച്ചിൽ നിർത്തിയത്. അപ്പോൾ കൂട്ടുകാരി കുഞ്ഞിനോട് പറഞ്ഞു... "ആന്റിക്ക് താങ്ക്സ് പറ". പാത്രത്തിൽ പിടിച്ച് കടിച്ചും, തുറക്കാൻ ശ്രമിച്ചും കൊണ്ട് കുഞ്ഞ് ചിരിച്ചു കാണിച്ചു. ഇനിയും ഇടക്ക് വരണമെന്നും പറഞ്ഞു ടാറ്റാ കൊടുത്തു വിട്ടു.
ജാനകി ഇപ്പോഴും ആലോചിക്കുന്നത് ഇനി അവൾ കൊച്ചിനെ പിച്ചി കരയിച്ചതാണോ?

"സുശീലയുടെ വിചാരം"
°°°°°°°°°°°°°°°°°°°°°°°°°°°
ഓഫീസിലേക്കുള്ള ബസിൽ കേറിയപ്പോൾ തന്നെ ഒരു പയ്യൻ സുശീലയെ തന്നെ നോക്കുന്നുണ്ടായിരുന്നു. മുഖത്ത് നോക്കുന്നതിനേക്കാൾ അവളുടെ ശരീര ഭാഗങ്ങളുടെ അളവുകൾ തിട്ടപ്പെടുത്തുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. അവന്റെ നോട്ടം ശെരിയല്ലെന്നു തോന്നിയ സുശീല അവനെ നോക്കാതെ നിന്നു. കണ്ടക്ടർ അത് വഴി വന്നപ്പോൾ അയാളോട് പറയാനായി ചെന്നപ്പോൾ, "സ്റ്റോപ്പ്‌ ആയിട്ടില്ല, ചേച്ചീടെ സ്റ്റോപ്പ്‌ അടുത്തതാ... അങ്ങോട്ട്‌ നീങ്ങി നിക്ക്". എന്നും പറഞ്ഞ് കണ്ടക്ടർ തിരക്കിലേക്ക് പോയി. ഇത് ആ പയ്യൻ കേട്ടോ എന്നറിയാൻ നോക്കിയപ്പോൾ കണ്ണ് കൊണ്ട് ചോര ചൂഴ്ന്നെടുക്കുന്ന വൃത്തികെട്ട നോട്ടവും ചിരിയുമായി സുശീലയെ നോക്കി തന്നെ നിൽക്കുന്നു. അവൾ ഫോൺ എടുത്ത് ഭർത്താവിനെ വിളിച്ചപ്പോൾ ബിസി ടോൺ അടിക്കുന്നു. അപ്പോഴേക്കും സുശീലക്കു ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി. ഫോൺ ബാഗിലിട്ടേച്ചു ചാടി ഇറങ്ങി. കുറച്ച് നടന്നതിന് ശേഷം തിരിഞ്ഞു നോക്കി. ആരുമില്ല പിന്നിൽ. സമാധാനത്തോടെ അവൾ ഓഫീസിലേക്ക് നടന്നു. മെയിൻ റോഡിൽ നിന്നും ഒരു പോക്കറ്റ് റോഡും കൂടി കടന്നാൽ ഓഫീസെത്തി. മോബൈലെടുത്ത് ഭർത്താവിനെ ഒന്നൂടെ വിളിച്ചു. വീണ്ടും ബിസി ടോൺ തന്നെ. ദേഷിച്ചു കാൾ കട്ട്‌ ചെയ്‌തിട്ട്‌ ബാഗിൽ വെക്കാതെ കൈയിൽ തന്നെ വെച്ച് ഞെരുക്കി ദേഷ്യത്തോടെ നടന്നു. പോക്കറ്റ് റോഡിലേക്ക് കടന്നതും, എതിർ വശത്ത് നിന്ന് ആ പയ്യൻ ചൂഴ്ന്ന നോട്ടവുമായി നടന്ന് വരുന്നു. സുശീല ഇടത് വശവും, പയ്യൻ വലത് വശവും. വേറെ ആരുമില്ല റോഡിൽ. അവൻ നടപ്പിന്റെ വേഗത കൂട്ടി റോഡിന്റെ നടുക്കെത്തി. സുശീല മുന്നോട്ട് തന്നെ നടന്നു. അൽപ നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ മൊബൈലിൽ അമർത്തി കൊണ്ട് സ്റ്റക്ക് ആയി പോയി. അവൻ റോഡിന്റെ നടുവിൽ നിന്നും അവളുടെ സൈഡിലേക്ക് നടക്കുന്നു. പെട്ടെന്ന് അവൾ ഫോൺ എടുത്ത് നമ്പർ കുത്തി ചെവിക്ക് സൈഡിൽ വെച്ച് ഉറക്കെ അവൻ കേൾക്കെ സംസാരിച്ചു തുടങ്ങി. "ഹലോ പോലീസ് സ്റ്റേഷൻ അല്ലേ. സാറെ ജഗതാംബ സ്റ്റോപ്പ്‌ കഴിഞ്ഞുള്ള കോൺവെന്റ് റോഡിൽ നിന്ന് കൊണ്ടാണ് വിളിക്കുന്നത്‌. കുറച്ചു നാളായി ഒരു പയ്യൻ സ്ഥിരമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. അവനെ ഞാനും നാട്ടുകാരും ചേർന്ന് പിടിച്ച് വെച്ചിട്ടുണ്ട്. വേഗം വന്ന് അവനെ കൊണ്ട് പോയി വെടി വെച്ച് കൊല്ലണം സാർ... ഓക്കേ... ശെരി സർ... പെട്ടെന്ന് വരണേ..." സുശീലയുടെ അടുത്തെത്തിയ പയ്യൻ ഇത് കേട്ടിട്ട് വിരണ്ട്‌, വിറച്ചും കൊണ്ട് സൂപ്പർ ഫാസ്റ്റ് സ്പീഡിൽ വളഞ്ഞും പുളഞ്ഞും ഓടി, ഓടുന്നതിന് ഇടയിൽ ഒരു മതിലിൽ പോയി ഇടിച്ച്‌ തെറിച്ചു വീണും, ചാടി എണ്ണീറ്റ് തിരിഞ്ഞു പോലും നോക്കാതെ പറന്ന് ഓടിപ്പോയി. ഓഫീസിലെ കഫറ്റീരിയയിലെ ടേബിളിൽ ഇരുന്ന അവളുടെ ചായ കുടിച്ച് കൊണ്ട് അവൾ ആ പയ്യന്റെ ഓട്ടം ഓർത്ത് സുശീല ഉള്ളിൽ ചിരിച്ചു.

"രഹ്‌നയുടെ വിചാരം"
°°°°°°°°°°°°°°°°°°°°°°°°°
ഉച്ചയ്ക്കുള്ള ഭക്ഷണം രഹ്‌ന വീട്ടിൽ നിന്നുമാണ് കൊണ്ട് വരുന്നത്. അത് ഈ നാൽവർ സംഘം ഒപ്പമിരുന്നാണ് കഴിക്കുന്നത്‌. ചില ദിവസം ലഞ്ചിന്‌ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് ആയിരിക്കും. ആ ദിവസങ്ങളിൽ ഒരു ചെറിയ മടുപ്പോടാണ് രഹ്‌ന കഴിക്കാനിരിക്കുന്നത്. ഇന്നലെ അത് പോലൊരു ദിവസം ആയിരുന്നു രഹ്‌നക്ക്. അപ്പോം കടലേം ആയിരുന്നു കഴിക്കാൻ കൊണ്ട് വന്നത്. അപ്പം ഇത്തിരി കൂടി വേവാനുണ്ടായിരുന്നു. ഓഫീസിലെത്താൻ സമയം വൈകിയത് കൊണ്ട് കടലക്കറി പ്രത്യേകം എടുക്കാൻ പറ്റിയില്ല. അപ്പത്തിലോട്ടു തന്നെ ഒഴിച്ച് അടച്ചെടുത്തോണ്ടു പോന്നു. രഹ്‌നക്ക് കറി നേരത്തേ ഫുഡിൽ ഒഴിച്ചാലും കഴിക്കാൻ മടുപ്പാ. അത് കൊണ്ട് അത് എടുക്കാതെ അങ്ങനെ തന്നെ ബാഗിൽ വെച്ചേക്കാമെന്നു തീരുമാനിച്ചു. കൂടെ ഉള്ളവരോട് ഫുഡ്‌ എടുത്തില്ലെന്നും, ഇന്ന് പുറത്ത് പോയാണ് കഴിക്കുന്നതെന്നും പറഞ്ഞൊപ്പിച്ചു. അപ്പോൾ ദെലീമ പറഞ്ഞ് നമുക്ക് ഷെയർ ചെയ്യാമെന്ന്. ഇന്ന് നല്ല വിശപ്പുണ്ടെന്നും, രാവിലെ നന്നായി കഴിക്കാൻ പറ്റിയില്ലെന്നും, ഇന്നത്തേക്ക് ഞാനൊന്നു പുറത്ത് പോയി കഴിച്ചോട്ടെ എന്നുമൊക്കെ പറഞ്ഞ് രഹ്‌ന ഓഫീസിനടുത്തുള്ള ഹോട്ടലിൽ കേറി ഒരു കുഴിമന്തി കഴിച്ചു. കൂടെ ഒരു ജിൻജർ ലൈമും കുടിച്ചു. വയറ് നിറഞ്ഞ ആശ്വാസത്തിൽ ചെറിയ മയക്കം തടസ്സപ്പെടുത്തി കൊണ്ട് അന്നത്തെ ഓഫീസ് പണി തീർത്തു വീട്ടിൽ പോയി. വീട്ടിലെത്തി ബാഗ്‌ നോക്കിയപ്പോളാണ് അപ്പോം കടലേം കളയാൻ മറന്നു പോയെന്നറിഞ്ഞത്. വീട്ടിലെ മറ്റുള്ളവരോട് പാത്രം എടുക്കാൻ മറന്നു പോയി എന്ന്‌  പറഞ്ഞ് അത് ബാഗിൽ തന്നെ സൂക്ഷിച്ചു. ചായ അടങ്ങിയ കപ്പ് ടേബിളിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരസ്സി നീക്കി കൊണ്ട് ഓഫീസിലെ കഫറ്റീരിയയിൽ ഇരുന്നു രഹ്‌ന ആലോചിച്ചത്, ഇവള്മാര് കാണാതെ എങ്ങനെ ഇന്നലത്തെ അപ്പോം കടലേം കളയുന്നതിനെക്കുറിച്ചായിരുന്നു.

"ദെലീമയുടെ വിചാരം"
°°°°°°°°°°°°°°°°°°°°°°°°°°
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബോസ്സ്  പ്രോഗ്രാമിനെകുറിച്ചാണ് ദെലീമ ആലോചിച്ചു കൊണ്ടിരിക്കുന്നത്. പല തരത്തിലുള്ള, പല ജോലി ചെയ്യുന്ന കുറെ ആൾക്കാരെ കുറച്ച് മാസത്തേക്ക് ഒരു സ്ഥലത്ത് കൊണ്ട് അടച്ചിടുക. മൊബൈലില്ല, ടിവി ഇല്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ഗെയിം കളിപ്പിക്കുക, വഴക്കിടുക, അവിടെ ഉള്ളവരും, പുറത്തുള്ളവരുടെയും തീരുമാനം അനുസരിച്ച് ഓരോരുത്തരായി പുറത്ത് പോകുക. വീണ്ടും വലിയ സ്വാതന്ത്ര്യത്തിൽ ജീവിക്കുക. ഇതിന്റെ ഒരു സ്ട്രക്ചർ ആലോചിക്കുക ആണെങ്കിൽ ചില സ്ത്രീകളുടെയെങ്കിലും കുടുംബ ജീവിത സ്ട്രക്ചർ ചിലപ്പോഴെങ്കിലും ഇങ്ങനെയൊക്കെ അല്ലേ ഡിസൈൻ ചെയ്ത് വെച്ചിരിക്കുന്നത്. ചിലർ ആ സ്ട്രക്ചർ ഭേദിച്ചു പുറത്ത് വരുന്നു. മറ്റ് ചിലർ ആ സ്ട്രക്ച്ചറിൽ തന്നെ പിടിച്ച് നിൽക്കുന്നു. അതിപ്പോൾ സ്ത്രീകൾ മാത്രമല്ല. ഈ രീതി അല്ലേ വേൾഡ് ബോസ്സ് ആയ ഭൂമി അല്ലെങ്കിൽ പ്രകൃതി നടത്തുന്നത്. അവരുടെ എലിമിനേഷൻ എന്ന്‌ പറയുന്ന രീതികൾ ആണ് പ്രളയം, ഉരുൾ പൊട്ടൽ, സുനാമി, ഭൂകമ്പം, ഭൂമി കുലുക്കം എന്നിങ്ങനെ. ചായ കുടിച്ചു കഴിഞ്ഞെങ്കിലും ദെലീമയുടെ വിചാരം എലിമിനേഷൻ റൗണ്ട് വരെ പോയി.
•••
അങ്ങനെ നാല് പെണ്ണുങ്ങളും നാല് ചായ കുടിച്ച് കഴിഞ്ഞ് എണ്ണീച്ചപ്പോഴേക്കും പടവുകൾ ഇറങ്ങി പോയ വിചാരങ്ങൾ പൊടി തട്ടിക്കളഞ് തിരിച്ച് വന്ന്  പെണ്ണുങ്ങളോടൊപ്പം കൂടെ പോയി.

- പ്രജി.PK

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു