പഞ്ഞികുരുവിന് കൊന്നപ്പൂവിനോട് പ്രണയം - Panjikuruvinu Konnapoovinodu Pranayam









പഞ്ഞി മരം ഉച്ചവെയിൽ കൊണ്ട് മയക്കം കിട്ടാതെ വിളറി നിൽക്കുവാണ്. പഞ്ഞി മരത്തിന്റെ കിഴക്കേ വശത്ത് മഹാഗണി, അടക്കാമരം, ആഞ്ഞിലി, തെങ്ങ് എന്നുള്ളവർ താമസിക്കുന്നു. വലത് വശത്ത് ആഞ്ഞിലി, മഹാഗണി, തെങ്ങ് ജീവിക്കുന്നു. പഞ്ഞി മരം ഇലകളെല്ലാം പൊഴിച്ച് ഒത്തിരി പഞ്ഞി കായ്കൾ ഓരോ ചില്ലയിലും തൂങ്ങി തൂങ്ങി തലയെടുപ്പോടെ നിൽക്കുന്നു. പായല് മൂടിയ ഒരു കുളത്തിന്റെ തെക്കേ അരികിലാണ് ഈ വീരന്മാർ നിൽക്കുന്നത്. കുളത്തിന്റെ പടിഞ്ഞാറേ അരികത്താണ് കൊന്നമരം പൂത്തു സുന്ദരിയായി വാഴുന്നത്. കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊന്നമരത്തിന്റെ ചില്ലകളിൽ ഒരു ചില്ലയിൽ തുഞ്ചത്തായി ഒരു കൊന്നപ്പൂ മാത്രം വിലസുന്നു. മറ്റ് ചില്ലകളിൽ നിറയെ കൊന്നപ്പൂക്കൾ ഉണ്ട്. അവയെല്ലാം ഒറ്റക്ക് സുന്ദരിയായി നിൽക്കുന്ന ഒറ്റകൊന്നപ്പൂവിനെ അസൂയയോടെ നോക്കി.

പഞ്ഞി മരത്തിലെ കായ്കൾ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം പച്ചയായാണ് നിൽപ്പ്. ആ ഒരെണ്ണമായ ഉണങ്ങിയ പഞ്ഞികായുടെ തവിട്ട് നിറമുള്ള തോടിന്റെ ഒരു വശം ചെറുതായി വിണ്ടു കീറി അല്പം പഞ്ഞി ഉരുണ്ട് പുറത്തേക്ക് വന്നിരുപ്പുണ്ട്. ആ ചെറിയ പഞ്ഞികൂട്ടത്തിൽ നിന്നും ഒരു കറുത്ത പഞ്ഞിക്കുരു തിക്കി തിരക്കി ഞ്ഞൂഴ്ന്നിറങ്ങി പഞ്ഞിയുടെ അറ്റത്ത് വന്നിരുന്നു. ഇരുട്ടിൽ നിന്നും വെളിച്ചം കണ്ട പഞ്ഞിക്കുരു സന്തോഷത്തോടെ ചുറ്റും നോക്കി. ചുറ്റുമുള്ള കാഴ്ചകളിൽ അവന് ഏറെ ഇഷ്ടമായത് കുളത്തിന്റെ പടിഞ്ഞാറേ വശത്ത് നിന്ന കൊന്നമരത്തിലെ ആ ഒറ്റകൊന്നപൂ സുന്ദരിയെ ആയിരുന്നു. അവൻ അവളെ കണ്ണെടുക്കാതെ നോക്കി. ഒറ്റ നോട്ടത്തിൽ തന്നെ പഞ്ഞികുരുവിന് ആ കൊന്നപ്പൂവിനോട് പ്രണയം തോന്നി. ഇതൊന്നുമറിയാതെ ഒറ്റകൊന്നപ്പൂ സുന്ദരി  ചെറിയ മയക്കമുണർന്ന് ഇതളുകൾ വിടർത്തി ആകാശത്തിലേക്ക് നോക്കി. ആകാശത്തിലെ മേഘങ്ങളിൽ നിന്ന് ഒരു കുഞ്ഞു കഷ്ണം ഇളകി പറന്ന് അവളുടെ അടുക്കലേക്ക് വരുന്ന പോലെ തോന്നി. അത് പയ്യെ പയ്യെ അവളുടെ നെറുകിൽ വന്നിരുന്നു. അവൾ ചെറിയ പേടിയോടെ തല കുമ്പിട്ടു. അപ്പോൾ ആ കുഞ്ഞു മേഘ കഷ്ണം ഊർന്നിറങ്ങി അവളുടെ തൊട്ടുമുൻപിലെ ഒരു തളിരിലയിൽ ചെന്നിരുന്നു. അതൊരു ചെറിയ പഞ്ഞി കഷ്ണമായിരുന്നു എന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്. ഇതെവിടുന്നു വന്നു എന്ന ഭാവത്തിൽ കൊന്നപ്പൂ, ചുറ്റിനും നോക്കിയപ്പോൾ, പഞ്ഞിമരത്തിലെ ഉണങ്ങിയ പഞ്ഞിക്കായിൽ നിന്നും അവളെ നോക്കിയിരിക്കുന്ന പഞ്ഞിക്കുരുവിനെ കണ്ടത്. അവൾ പെട്ടെന്ന് അങ്ങോട്ടുള്ള നോട്ടം മാറ്റി അടുത്തുള്ള ചില്ലകളിലെ മറ്റ് കൊന്നപ്പൂക്കളോട് കുണുങ്ങി കുണുങ്ങി എന്തോ പറഞ്ഞു കൊണ്ടിരുന്നു.

പഞ്ഞിക്കുരുവിനു വിഷമമൊന്നും വന്നില്ല. തന്നെ അവൾ കണ്ടു കാണില്ല എന്ന് സമാധാനിച്ചിരിക്കുമ്പോളാണ് പഞ്ഞി മരത്തിന്റെ മുകളിൽ വട്ടമിട്ടു പറന്ന് കൊണ്ടിരുന്ന പരുന്ത് ചിറക് വശങ്ങളിലേക്ക് നിവർത്തി വെച്ച് താഴേക്ക്  പറന്ന് പറന്ന് പഞ്ഞി കുരുവിന്റെ അടുത്തുള്ള ചില്ലയിൽ വന്നിരുന്നത്. പഞ്ഞിക്കുരു പയ്യെ പഞ്ഞിക്കിടയിലേക്ക് ഒളിച്ചിരുന്നു. ഇതേ സമയം കുണുങ്ങി കുണുങ്ങി സംസാരിച്ചു കൊണ്ടിരുന്ന കൊന്നപ്പൂവ് ഇടക്ക് കാണാത്ത ഭാവത്തിൽ  പഞ്ഞി കുരുവിനെ ഒളിച്ചു നോക്കി. അവനെ കാണാഞ്ഞപ്പോൾ അവൾക്ക് തെല്ല് വിഷമം കൊണ്ടു. പക്ഷെ തൊട്ടടുത്തിരിക്കുന്ന പരുന്തിനെ കണ്ട് അവൾ ഞെട്ടി. അപ്പോൾ പഞ്ഞിക്കിടയിൽ നിന്നും പഞ്ഞിക്കുരു പയ്യെ ചെറുതായി പുറത്തേക്ക് വന്നിട്ട് കൊന്നപ്പൂവിനെ നോക്കി. അവൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൻ കുറച്ചു കൂടി പുറത്തേക്ക് വരാൻ ശ്രമിച്ചു. ഇത് കണ്ട കൊന്നപ്പൂ വരല്ലേ വരല്ലേ എന്ന് ആംഗ്യം കാണിച്ചു. അവൾ വീണ്ടും വീണ്ടും പുറത്തേക്ക് വരാൻ അവനോട് പറയുന്ന പോലെയാണ് അവന് തോന്നിയത്. അവൾ പേടി കൊണ്ട് ഇതളുകൾ മടക്കി കുമ്പിട്ടിരുന്നു. അവനെ നോക്കാതെ തല കുമ്പിട്ടിരിക്കുന്നത് കണ്ട പഞ്ഞിക്കുരു എന്തോ ആലോചിച്ചു അവളെയും നോക്കി ഇരുപ്പായി.

പരുന്ത് ഇതൊന്നുമറിയാതെ ചിറകുകൾ ഒതുക്കി ശാന്തമായി ഇരിക്കുകയായിരുന്നു. പഞ്ഞിക്കുരു ധൈര്യം സംഭരിച്ച് പരുന്തിനോട് സംസാരിക്കാൻ തുടങ്ങി.

"പരുന്തച്ചാ...  പരുന്തച്ചാ... എനിക്ക് ഒരു സഹായം ചെയ്യാമോ...?"

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ പരുന്ത് പഞ്ഞിക്കുരുവിനെ കണ്ടു.

"ആഹാ... ഇത്തിരി പോന്ന നിനക്ക് സഹായമോ... എന്നോട് മിണ്ടാൻ തന്നെ നിനക്ക് എങ്ങനെ ധൈര്യം വന്നു.?

ആ.. പറ... എന്ത് സഹായമാണ് വേണ്ടത്...?"

പഞ്ഞിക്കുരു ഉത്സാഹത്തോടെ കുറച്ച് കൂടി പുറത്തേക്ക് വന്ന്  കൊന്നമരത്തിലേക്ക് നോക്കി കൊണ്ട്

"ആ കൊന്നമരത്തിലെ കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലയിൽ ഒറ്റക്ക് നിൽക്കുന്ന ആ സുന്ദരി കൊന്നപ്പൂവിന്റെ അടുക്കലേക്ക് എന്നെ കൊണ്ടു പോകാമോ..?"

തല കുമ്പിട്ടിരിക്കുന്ന കൊന്നപ്പൂവിനെ ഒന്ന് നോക്കിയിട്ട്, പഞ്ഞിക്കുരുവിനെയും മാറി നോക്കി പരുന്ത് പൊട്ടിച്ചിരിച്ചുകൊണ്ട്

"നീയും അവളും പ്രേമമാണോ?"

പഞ്ഞിക്കുരു പേടിച്ചു കൊണ്ട്

"അതേ.."

"എന്ന് മുതൽ?"

"കുറച്ച് മുൻപ് മുതൽ"

"ഓഹോ... അങ്ങനെയാണോ... എങ്കിൽ ഞാൻ അവളോട്‌ ചോദിച്ചും വരാം"

ചിറകുകൾ വിടർത്തി പരുന്ത് കൊന്ന മരത്തിലേക്ക് പറന്നു. കൊന്നമരത്തിന്റ ഒരു വലിയ ചില്ലയിൽ പരുന്ത് പറന്ന് വന്നിരുന്നു. കൊന്നമരം ഒന്ന് ആടി ഉലഞ്ഞു. തല കുമ്പിട്ടിരുന്ന ഒറ്റ കൊന്നപ്പൂ പേടിച്ചു വിറച്ചു പരുന്തിനെ ഒന്ന് നോക്കി. അവളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് വീണ്ടും കൊന്നമരത്തിൽ നിന്നും മുകളിലോട്ട് പറന്നിട്ട് താഴ്ന്ന് വന്ന് കൊന്നമരത്തിന് ചുറ്റിനും പറന്നു. പിന്നെ ശക്തിയായി ചിറകടിച്ചു കൊന്നമരത്തിനടുത്തേക്ക് പാഞ്ഞു വന്ന് ഓരോ ചില്ലയിലേയും പൂക്കൾ കൊത്തി പറിച്ചു കളയാൻ തുടങ്ങി. നിമിഷ നേരം കൊണ്ട് ആ ഒറ്റ സുന്ദരി കൊന്നപ്പൂ ഒഴികെ ബാക്കി എല്ലാവരെയും കൊത്തി അടർത്തി കളഞ്ഞു. വാവിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന ഒറ്റ കൊന്നപ്പൂവിന്റെ അടുക്കലേക്ക് കണ്ണുരുട്ടിയും പരുന്തിന്റെ കൂർത്ത് വളഞ്ഞ കൊക്ക് ഒറ്റ കൊന്നപ്പൂവിന്റെ ഇതളിൽ കോറിക്കൊണ്ട്

"നിനക്ക് ആ ഒണക്ക പഞ്ഞിക്കുരുവിനെ ഇഷ്ടമാണോ...?

പേടിച്ചരണ്ട കൊന്നപ്പൂ പഞ്ഞിക്കുരുവിനെ ഒന്ന് നോക്കിയിട്ട് തല ഉയർത്തി പരുന്തിന്റെ കണ്ണിലേക്കു നോക്കി കൊണ്ട്  പറഞ്ഞു

"ഇഷ്ടമാണ്"

പരുന്ത് ഒന്ന് കണ്ണടച്ചു തുറന്നിട്ട്‌ തിരികെ പഞ്ഞിക്കുരുവിന്റെ അടുക്കലേക്ക് പറന്നു.

ഇതെല്ലാം കണ്ടു കൊണ്ട് വിറച്ചു വിറച്ചിരിക്കുന്ന പഞ്ഞികുരുവിന്റെ അടുക്കലേക്ക് വന്നിരുന്നിട്ട് അവനോടായി

"അവൾ നിന്നെപ്പോലെയല്ല... നല്ല ധൈര്യമുള്ളവളാണ്... നിന്നെ ഇഷ്ടമാണെന്ന് അവൾ എന്നോട് പറഞ്ഞു."

ഇത് കേട്ട പഞ്ഞിക്കുരു കൊന്നപ്പൂവിനെ വിറച്ചു കൊണ്ട് സ്നേഹത്തോടെ നോക്കി. അവൾ പേടിയും ഇഷ്ടവും കലർന്ന ഭാവത്തിൽ അവനെയും നോക്കി. അൽപ നേരം അവർ അങ്ങനെ പരസ്പരം നോക്കിയിരുന്നു...

പരുന്ത് വളഞ്ഞ കൂർത്ത ചുണ്ടിൽ പറ്റിയിരുന്ന കൊന്നപ്പൂക്കളുടെ ഇതളുകൾ ഉരുമ്മി തെറുപ്പിച്ച് കൊണ്ട് പഞ്ഞിക്കുരുവിനോട് ചോദിച്ചു

"ടാ പഞ്ഞിക്കുരു... നിനക്ക് നിന്റെ ജീവൻ ആണോ... അതോ എന്നെങ്കിലും വാടി ഉണങ്ങി താഴെ വീഴേണ്ടി വരുന്ന ആ കൊന്നപ്പൂവിന്റെ ജീവനാണോ വലുത്"

അവനെ നോക്കിയിരിക്കുന്ന കൊന്നപ്പൂവിനെ നോക്കിക്കൊണ്ട് പഞ്ഞിക്കുരു പരുന്തിനോട് പറഞ്ഞു

"എനിക്ക് ആ കൊന്നപ്പൂവിന്റെ ജീവനാണ് വലുത്"

പൊട്ടിച്ചിരിച്ചു കൊണ്ട് പരുന്ത് പറഞ്ഞു...

"എങ്കിൽ നീ കണ്ണുകൾ അടച്ചോ... ഞാൻ നിന്നെ കൊത്തി വിഴുങ്ങാൻ പോകുന്നു."

പരുന്ത് കൂർത്ത കൊക്കുകൾ തുറന്നു. പഞ്ഞിക്കുരു കരഞ്ഞു കൊണ്ടു കൊന്നപ്പൂവിനെ നോക്കിയിരുന്നു... കൊന്നപ്പൂ പേടിയോടെ പൊട്ടിക്കരഞ്ഞ് കണ്ണുകൾ അടച്ച് ഇതളുകൾ മടക്കി തല കുമ്പിട്ടിരുന്നു. പരുന്ത് പഞ്ഞിക്കുരുവിനെ കുറച്ച് പഞ്ഞിയോട് കൂടി കൊത്തിപ്പറിച്ചു.

കൊന്നപ്പൂവിന്റെ കണ്ണീര് ചില്ലയിലൂടെ ഒലിച്ചിറങ്ങി കൊന്നമരത്തിലെ പൊരിഞ്ഞടർന്ന തൊലിയിലൂടെ ഒഴുകി ചേർന്ന് കൊന്നമരത്തിന്റെ ചുവട്ടിലൂടെ മണ്ണിലേക്ക് പോയ വേരുകളിൽ കേട്ടു പിണഞ്ഞ് പോയി. കൊന്നമരം ദീർഘനിശ്വാസത്തോടെ അപ്പോൾ പെയ്ത ഒരു കുഞ്ഞു കാറ്റിലാടി കരയുന്ന കൊന്നപ്പൂവിനെ തഴുകി സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു.

തല കുമ്പിട്ടു കരഞ്ഞു കൊണ്ടിരുന്ന കൊന്നപ്പൂവിന് തന്റെ ഇതളിനെ തൊട്ടു തഴുകുന്ന സ്പർശനം അറിഞ്ഞു കൊണ്ട് ഇതളുകൾ വിടർത്തി തല മുകളിലോട്ടാക്കി കൊന്നപ്പൂവ് കണ്ണുകൾ പയ്യെ തുറന്നു നോക്കി. അവൾക്ക് അവളുടെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല. പരുന്തിന്റെ കൊക്കിനുള്ളിൽ പഞ്ഞി കൂട്ടത്തിനുള്ളിൽ കണ്ണടച്ച് വിറച്ച് പഞ്ഞിക്കുരു ഇരിക്കുന്നു. അവൾ മുന്നോട്ട് ആഞ്ഞ് അവളുടെ ഇതളുകൾ കൊണ്ട് അവനെ തഴുകി. അവൻ കണ്ണ് തുറന്ന് നോക്കുമ്പോൾ അവന്റെ ഇഷ്ടമായ കൊന്നപ്പൂവിനെ തൊട്ടടുത്ത് കാണുന്നു. കരയണോ ചിരിക്കണോ എന്നറിയാതെ രണ്ടുപേരും നോക്കിയിരിക്കുമ്പോൾ പഞ്ഞിക്കുരുവിനെ ആ കുഞ്ഞു പഞ്ഞികെട്ടിനോട് ചേർത്ത് കൊണ്ട് കൊന്നപ്പൂവിന്റെ ഇതളുകളിലേക്ക് വെച്ചിട്ട് പരുന്ത് പറന്നകന്നു...

Preji. PK - 23.01Jan. 2022

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു