ഈയലുകളെ തേടി - Eeyalukale Thedi

 


ഒരുപാട് വർഷത്തിന് ശേഷം അയാൾ നാട്ടിലേക്ക് വന്നു. കൈയിൽ ആകെ ചെറിയ ഒരു ബാഗ് മാത്രം. മാലതിയും, അപ്പുവും വന്നു. ഒരു ടാക്സി കാറിൽ അവർ വീട്ടിലേക്ക് തിരിച്ചു. നേരം വൈകി. അന്തരീക്ഷവും മൂടി കെട്ടി. പിന്നെ ചെറിയ മഴയും പെയ്തു. അപ്പുവും, മാലതിയും ഗ്ലാസ്സിലൂടെ ചാറ്റൽ മഴയും, പുറത്തെ കാഴ്ച്ചയും നോക്കുന്നു. അവരുടെ ആ സന്തോഷം അയാൾ നോക്കി ഇരുന്നു. 

"ഞാൻ വന്നത് കൊണ്ട് മഴ തകർത്ത് പെയ്യുമായിരിക്കും, അല്ലേ മാലതി"

മാലതി അയാളെ കൺകുളിർക്കെ നോക്കിയിട്ട്, അയാളുടെ കൈ വിരലുകളിൽ അവളുടെ വിരലുകൾ കോർത്തിട്ട് മുറുക്കി പിടിച്ചു.

"അച്ഛാ... മഴ പെയ്യുമ്പോൾ, മണ്ണീന്ന് ഈയാംപാറ്റകൾ എങ്ങോട്ടാണ് പറന്നു പോകുന്നത്"

"അവ മിന്നലിനെ തൊടാൻ പോകുന്നതാ...അപ്പൂ"

വീട്ടിൽ വന്ന് കേറിയപ്പോൾ തന്നെ കോരി ചൊരിയുന്ന മഴ പെയ്തു. ഇരുട്ടിനെ പൊന്നാട അണിയിച്ച് കൊണ്ടു മിന്നലുകൾ പതിച്ചു. കൂടെ നല്ല ഇടിയും... കത്തി തീർന്ന സിഗരറ്റ് കുറ്റി ജനലിലൂടെ കളഞ്ഞിട്ട് അയാൾ മഴയെ നോക്കി നിന്നു. പിന്നിലൂടെ പയ്യെ നടന്നു വന്ന മാലതി അയാളെ കെട്ടിപ്പുണർന്നു. വർഷങ്ങളുടെ കാത്തിരിപ്പിന്റെയും, സ്നേഹത്തിന്റെയും കൂടി ചേരൽ. ശക്തമായ കാറ്റിൽ ജനാലയിലൂടെ അവരിലേക്ക് തൂവാനമടിച്ചുകൊണ്ടിരുന്നു...

കറന്റ് പോയപ്പോൾ അവൾ വെളിച്ചം തെളിയിക്കാനായി അപ്പു കിടക്കുന്ന മുറിയിലേക്ക് പോയി. അയാൾ വീടിന്റെ തിണ്ണയിലേക്ക് നിന്നുകൊണ്ട് മിന്നൽ തെളിയിക്കുന്ന വെട്ടത്തിലേക്ക് നോക്കി. മിന്നി മറയുന്ന ആ വെളിച്ചത്തിൽ അങ്ങു ദൂരെയായി ഈയാംപാറ്റകളുടെ കൂട്ടം ഭൂമിയോടു വേർപെട്ട് മോളിലേക്ക് പറക്കുന്നു. അയാൾ അങ്ങോട്ടേക്ക് ഇറങ്ങി ഓടി. 

പിന്നീട് മാലതിയും, അപ്പുവും അയാളെ കാണുമ്പോൾ ശരീരം മുഴുവൻ ഈയ്യലുകൾ പറ്റിപ്പിടിച്ചിരുന്നു.

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു