ഉരുളകൾ - urulakal



ഉരുളകൾ - urulakal
-----------------------
കാക്കയുടെ കാറൽ അങ്ങിങ്ങായി ഏങ്ങലടിച്ചുണർന്നു. തൂവാനം വിതറിയ സ്ഫടിക തുള്ളികൾ പുല്ലുകളിലും മരങ്ങളിലൂടെയും പറ്റിചേർന്നൊഴുകി ഇറങ്ങി. നേരം വെളുത്തപ്പോൾ പെയ്ത പുതുവെള്ളത്തിന്റെ ചെറുതണുപ്പു ചിതറിക്കാനായി കുസൃതികുണുക്കുകൾ  കണ്ണുവെട്ടിച്ചു ഓടി തിമിർക്കുന്നു. ഒരു വളർത്തു നായ കൂടെ ഓടി ചാടി ആ തളം കെട്ടിയ വെള്ളത്തിലേക്ക് വാലും ചുരുട്ടി തെന്നി വീഴുന്നു. അതിന്റെ മുകളിലൂടെ ചൂടു പത്രം ഉന്നം തെറ്റാതെ വീടിന്റെ തിണ്ണയിലേക്കു വന്ന് വീഴുന്നു. പല വീടുകളിലും ചൂടു ചായയുടെ ആവി കപ്പിലൂടെ ഉയരുന്നു. ഇതേ നേരം രാജീവിന്റെയും ആമിയുടെയും വീട്ടിലെ ചായ കോപ്പയിലെ ആവി ചിതറി പറക്കുന്നു.

ർണിം ......ർണിം ......ർണിം ....ർണിം....

രാജിവന്റെ നോക്കിയ 2620-ൽ  നിന്ന് അലാറം വിതറി കൊണ്ടിരുന്നു . ആമി..... എടി.. ആമി .....
ആ തൊള്ള തൊറക്കുന്ന അലാറം ഒന്ന് ഓഫ് ചെയ്യടി.....
പിന്നെ ഫുഡ്‌ എടുത്തു വെച്ചോ.... കഴിക്കാനും കൂടി....
ആ അംബികേശരി വരാൻ സമയമായി. അവസാന മഗ്
വെള്ളം കൂടി കോരി ഒഴിച്ചതിനുശേഷം തോർത്തുന്നതിനിടയിൽ രാജിവൻ പറഞ്ഞൊപ്പിച്ചു .

ർണിം..... ർണിം..... ർണിം... ർണിം....

രാജിവന്റെ നോക്കിയ 2620-ൽ  നിന്ന് അലാറം വീണ്ടും..... വിതറി കൊണ്ടിരുന്നു.

ആമി..... എടി.. ആമി .....
എവിടെ തൊലയാൻ പോയി കിടക്കുവാടി..... പണ്ടാരമടങ്ങാൻ ആ നാശം ഒന്ന് നിർത്തി തൊലയ്ക്കടി....
രാജീവനും കാറി തുടങ്ങി....
പുട്ട് കുറ്റിയിൽ നിന്നും ആവിയിൽ വെന്ത ആദ്യത്തെ പുട്ട്; നീക്കി ഇറക്കി പ്ലേറ്റിൽ വീഴാൻ പോകുമ്പോളായിരുന്നു രാജീവന്റെ കാറൽ ആമി കേട്ടത്. ആ ഞെട്ടലിൽ പ്ലേറ്റിന്റെ അരികിൽ തട്ടി പുട്ട് എട്ട് നിലയിൽ പൊട്ടി തെറിച്ചു തറയിൽ പൂത്തിരി വിരിയിച്ചു. ആമിയുടെ നെഞ്ചിലുടെ ഒരു കൊള്ളിയാൻ മിന്നി. ഇന്ന് പൂരപ്പാട്ട് കേട്ടത് തന്നെ. ആമി പിറു പിറുത്തു. അടുത്ത പുട്ടിനായി കുറ്റിയിൽ പുട്ടുപൊടി നിറച്ചുകൊണ്ട്... ഗുരുവായുരാപ്പാ... ആ അംബികേശ്വരി ഇത്തിരി താമസിച്ചു വന്നിരുന്നെങ്കിൽ ശനിയാഴ്ച പട്ടിണി കിടന്ന് നോമ്പ് നോറ്റാളാമേ...

ർണിം...ർണിം.....ർണിം....ർണിം...

രാജീവന്റെ നോക്കിയ -2620-ൽ നിന്നും അലാറം വീണ്ടും വീണ്ടും വിതറി പറന്നു കൊണ്ടിരുന്നു.

പുട്ട് പൊടി നിറച്ച കുറ്റി അടുപ്പിൽ ഇരിക്കുന്ന പുട്ടു കുടത്തിൽ വെച്ചതിനുശേഷം ആമി അലാറം ഓഫ് ചെയ്യാൻ അടുക്കളയിൽനിന്നും ബെഡ് റൂമിലേക്ക്‌ ഓടുന്നു... ഇതേ സമയം കുളി കഴിഞ്ഞ രാജീവൻ സകല ദേഷ്യവും എടുത്ത് ആമിയെ ചീത്ത പറഞ്ഞു കൊണ്ട് ബെഡ് റൂമിലേക്ക്‌ ഓടുന്നു. ആമിയും രാജീവനും കൂടി ഇടിച്ചു ഇടിച്ചില്ലാ എന്ന മട്ടിൽ അലാറം ഓഫ് ചെയ്യാനായി ബെഡ്റൂമിലേക്ക് ഓടി കയറുകയും അലാറം നിൽക്കുകയും ഒരുമിച്ചായിരുന്നു. മൊബൈൽ വെച്ചിരിക്കുന്ന ചെറിയ മേശയുടെ ഇരുവശത്തുമായി ഓടി അവശരായി അവർ മുഖത്തോടു മുഖം നോക്കി നിൽപ്പായി.

ആ സമയത്ത് ആമിയുടെ മനസ്സിൽ മൂന്ന് കൊള്ളിയാൻ ഒരുമിച്ച് മിന്നി മറഞ്ഞു. ആ സമയം റോഡിലൂടെ പോയ ഫയർഎൻജിന്റെ മരണമണിയും, രാജീവന്റെ പൂരപ്പാട്ടും ആമിയുടെ ചെവിയുടെ കർണ്ണപടത്തിൽ പെരുംമ്പറ മുഴക്കി. ആമി പരുങ്ങലോടെ പിറുപിറുത്തു കൊണ്ട് നിൽക്കുന്നു. എന്തോന്നാടി ഇത്ര പിറുപിറുക്കാൻ.....
പെട്ടെന്ന് വല്ലതും എടുത്തോട്ടു വാ... ഇനിയും താമസിച്ചാൽ അംബികേശ്വരി പോകും... ഓഫീസിലും ലേറ്റ് ആകും. രാജീവൻ പെട്ടെന്ന് തന്നെ ഫോർമൽ ഡ്രെസ്സിൽ റെഡിയായി. ആമി  എന്തു പറയണമെന്ന് അറിയാതെ അടുക്കളയിലേക്ക്  വേഗം നടന്നു. രാജീവൻ ബാഗും അന്നത്തെ ന്യൂസ്‌ പേപ്പറും എടുത്തു കൊണ്ട് ഡയനിംഗ് ടേബിളിൽ ഭക്ഷണം കഴിക്കാനായി വന്നിരുന്നു. തറയിൽ ചിതറി കിടക്കുന്ന പുട്ടും പുട്ടുകുറ്റിയിൽ പാതിവേവറായി കൊണ്ടിരിക്കുന്ന പുട്ടിനേയും അവൾ മാറി മാറി നോക്കി. അവളുടെ രണ്ട് ചെവിയുടെ ചുറ്റിനും കൊതുക്‌ മൂളിപറക്കുന്ന ശബ്ദം പോൽ രാജീവന്റെ പൂരപ്പാട്ട് മൂളിക്കൊണ്ടിരുന്നു. അവൾ രണ്ടും കല്പ്പിച്ചു തറയിൽ കിടക്കുന്ന പുട്ട് വാരി ഒരു പ്ലേറ്റിൽ വെച്ചു. കുറച്ച് കടല കറിയും കോരി ഒരു ചെറിയ
പാത്രത്തിൽ എടുത്തു നടന്നു. അവൾ അത് രാജീവന്റെ മുന്നിൽ വെച്ചു ."സാധാരണ പുട്ട് പുട്ടായിട്ടാണല്ലോ കൊണ്ടു വന്ന് വെയ്ക്കാറ്... ഇന്നെന്താ... പൊടിച്ചു
കഴിക്കാൻ പാകത്തിൽ കൊണ്ടു വെച്ചേക്കുന്നത്?" രാജീവൻ കുറച്ച് കടലക്കറി എടുത്തു പുട്ടിൽ കുഴച്ചു കൊണ്ട് ചോദിച്ചു. "അത്... അത്.... പിന്നെ സമയം ഒത്തിരി ആയില്ലേ!!! പെട്ടെന്ന് ഓഫീസിൽ പോകാൻ വേണ്ടി ഞാൻ അങ്ങനെ ചെയ്‍തതാ... പെട്ടെന്ന് കഴിച്ചേച്ചും ഈ ഗ്ലാസ്‌ പാലും കുടിച്ചിട്ട് ഇറങ്ങിക്കോ!!! അംബികേശ്വരി എത്താറായെന്ന് തോന്നുന്നു." ആമി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. രാജീവൻ ഇരുത്തി ഒന്നു മൂളിയതിനുശേഷം കടലയും പുട്ടും ഒരുമിച്ച് കുഴച്ചു ഒരു ഉരുള ആക്കി വായിലേക്ക് ഇട്ട് ഇത്തിരി പാലും കൂടി കുടിച്ച് ഉരുള പതിയെ ഇറക്കി. ആമി പുട്ടും കടലയും പാലും ഇല്ലാതെ തന്നെ എന്തോ ഒന്ന് തൊണ്ടയിലൂടെ ഇറങ്ങി പോകുന്ന വിഷമത്തോടെ
കണ്ണും മിഴിച്ചു നിന്നു. രാജീവൻ അടുത്ത ഒരു ഉരുളയും കൂടി ഉണ്ടാക്കി അതേ പടി വായിലേക്കാക്കി പാലും കൂട്ടി ഇറക്കി. ആമിക്ക് വാവിട്ട്  കരയണമെന്നുണ്ടായിരുന്നു. അവൾ എന്തോ പറയാനായി ഓങ്ങിയപ്പോൾ രാജീവൻ കഴിപ്പ് നിർത്തിയിട്ട്,  ഇന്നിത്രയും മതി!!! മുഴുവൻ കഴിക്കാനായി നിന്നാൽ താമസിക്കും. രാജീവൻ കൈ കഴുകാനായി വാഷ് ബേസ്ന്നരുക്കിലേക്ക് നടന്നു."ശനിയാഴ്ച വ്രതം ഏറ്റെന്നു തോന്നുന്നു" ആമി ഒരു ദിർഘനിശ്വാസം വിട്ടേച്ചു പെട്ടെന്ന് പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് വെയ്ക്കാനായി ധൃതി വെയ്ക്കുന്നു. രാജീവൻ കൈ കഴുകാനായി പൈപ്പിന്റെ ടാപ്പ് തുറക്കുന്നു. എന്നിട്ട്.... "ആമി... അംബികേശ്വരി പോകുന്നെകിൽ പോകട്ടെ.... അതിനു പിറകെത്തന്നെ സെയിന്റ് ആന്റണീസ് ഉണ്ട്. ആ ബസിൽ കയറിയാൽ ഓഫീസിന്റെ അടുത്തിറങ്ങാം... കുറച്ചു ലേറ്റ് ആകും എന്നുള്ളു... എന്തായാലും നല്ല വിശപ്പുണ്ട്... ബാക്കി പുട്ടും കൂടി കഴിച്ചേക്കാം..."

Comments

ഉരുളകൾ കൊള്ളാം. .
Unknown said…
ഇത് എല്ലാ ഭർത്താക്കന്മാർ വായിക്കേണ്ട കഥ
"ഇന്നത്തെ പുട്ടിനെന്തോ, പതിവില്ലാത്ത ടേസ്റ്റ്"- ഈ ഡയലോഗ് കൂടി പ്രതീക്ഷിച്ചു ::)
Preji PK said…
നന്ദി സുഹൃത്തേ 😍😍😍
Preji PK said…
Thanks for the read and comment 😍😍😍
Preji PK said…
ശെരിയാണല്ലോ....Thanks for the read and comment 😍😍😍
Preji PK said…
Thanks for the read and comment 😍😍😍
Preji PK said…
Thanks for the read and comment 😍😍😍

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു