മീനാക്ഷി (ഭാഗം - 1) - Meenakshi - Short Story

 







മീനാക്ഷി (ഭാഗം - 1)

--- --- --- --- --- ---

'മീനാക്ഷി' എന്നാണ് അവളുടെ പേര്. അവൾ എന്നെ വിളിക്കുന്നത് 'ജിജോ' എന്നാണ്. അന്നൊരിക്കൽ അവളെന്റെ ബുക്കിലെഴുതിയത് ഇപ്പോൾ വീണ്ടും ഓർമ്മ വന്നു. "മീനുജിജോ". ഇതിന് മുൻപ് ആ എഴുത്തും, ബുക്കും കണ്ടത് 'വിനു' എന്റെ ഭാര്യ ആ താള് കീറി കത്തിക്കുന്നതിന് മുൻപാണ്. വിനുവിന്റെ മൂന്ന് ദിവസത്തെ മൗനവും, പണി മുടക്കും, പിന്നെ എന്റെ നിരന്തര മാപ്പ് പറച്ചിലും കഴിഞ്ഞാണ് ആ സംഭവബഹുലമായ പിണക്കം ഒത്തു തീർപ്പായത്.


എന്റെ കൂട്ടുകാരനായ "വരുൺ" പറഞ്ഞിട്ടാണ് അവനൊപ്പം ആലപ്പുഴയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ പഠിക്കാൻ പോകുന്നത്. 3ഡി അനിമേഷൻ പഠിച്ച് വലിയ ആനിമേറ്റർ ആകണമെന്നാണ് ആഗ്രഹം. ആലപ്പുഴ മെഡിക്കൽ ജംക്ഷൻ കഴിഞ്ഞുള്ള അയൺ ബ്രിഡ്ജിന് അടുത്തുള്ള ക്രിസ്റ്റിൻഫോടെക് ഇൽ ആണ് ആ കോഴ്സ് പഠിക്കുന്നത്. വരുൺ നേരത്തെ മൾട്ടിമീഡിയക്ക് അവിടെ ചേർന്നതാണ്. രാവിലെ ഞാനും വരുണും കൂടി സൈക്കിളിൽ കായംകുളം റെയിൽവേസ്റ്റേഷനിൽ ചെന്നിട്ട് സൈക്കിൾ പാർക്കിങ്ങിൽ വെച്ചിട്ട് കായംകുളം - എറണാകുളം പാസ്സഞ്ചറിനാണ് ആലപ്പുഴ പോകുന്നത്.


രാവിലെയും വൈകിട്ടത്തെയും ഉള്ള ആ സൈക്കിൾ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹര ഓർമ്മകൾ ആണ്. ഞാൻ കൃഷ്ണപുരത്ത് നിന്നും കല്ലുമൂട് KPAC ജംഗ്ഷൻ വഴി വരുണിന്റെ വീട്ടിൽ ചെല്ലും. പിന്നെ അവൻ അവന്റെ സൈക്കിളുമായി റെഡി ആയി വരും. കായംകുളം ടൌൺ ചുറ്റാതെ വരുണിന്റ വീടിനത്തൂടെ ഒരു എളുപ്പവഴിയിൽ ആണ് പോക്ക്. "ഫൈൻഡിംഗ് നിമോ" എന്ന 3ഡി അനിമേഷൻ സിനിമയെക്കുറിച്ചാണ് കൂടുതൽ നേരവും വർത്തമാനം.


കൊഴിഞ്ഞു പോയ വർഷങ്ങളിലെ ഏതോ ഒരു ദിവസം രണ്ട് യുവാക്കൾ തനി നാടൻ വഴിയിലൂടെ സൈക്കിൾ ചവിട്ടികൊണ്ട് ഇന്നത്തെ "വിഷ്വൽ എഫക്ടസ്" എന്ന് വിളിക്കുന്ന ഗ്രാഫിക്സ് ന്റെ സാധ്യതകളെയും, അനിമേഷൻ ജോലിയെപ്പറ്റിയുള്ള സ്വപ്നങ്ങളെയും കുറിച്ച് പറഞ്ഞു കൊണ്ട് കായംകുളം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പോകുന്നു.


ട്രെയിന്റെ ഓരോ ബോഗികളിൽ കേറി മാറി ഇറങ്ങി പോകുന്ന പോലെ ദിവസങ്ങളും പഠിത്തവും അങ്ങനെ പോയിക്കൊണ്ടിരുന്നു. ഒരു ദിവസം വരുൺ ക്ലാസ്സിന് വരാൻ ഇല്ലായിരുന്നു. ഞാൻ ആണേൽ കുറച്ച് താമസിക്കുകയും ചെയ്തു. സൈക്കിൾ പാർക്ക് ചെയ്ത് വന്നതും കായംകുളം - എറണാകുളം പാസ്സഞ്ചർ മൂവ് ആയി. ഞാൻ കൂടെ ഓടി. വെപ്രാളത്തിന് ഓടി ചാടി കേറിയത്‌ ലേഡീസ് കമ്പാർട്മെന്റിൽ. അത്യാവശ്യം തിരക്ക് ഉണ്ട്. ഒരുവിധം എല്ലാവരും കൂടി വഴക്ക് പറയാൻ തുടങ്ങി. ഇവൻ മനപ്പൂർവം കേറിയതാ. ഇത് പോലുള്ള സൂക്കേട് കൊണ്ട് ഓരൊരുത്തന്മാർ ഇറങ്ങിയിട്ടുണ്ട്. പോലീസിനെക്കൊണ്ട് നല്ല ഇടി കൊള്ളിക്കണം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കേട്ട് ഞാൻ ഉരുകി ഒലിച്ചു നിക്കുവാണ്. തിരിച്ചു ചാടിയാൽ, ഉറപ്പാണ്... പപ്പടമാകും, പിന്നെ പടമാകും... ചെയിൻ വലിച്ചാലോ എന്ന് വരെ ആലോചിച്ചു ബ്ലിങ്കി നിക്കുമ്പോൾ... ഒരു കിളി നാദം... "അതേ... പുള്ളിക്കാരൻ ബോഗി മാറി കേറിയതാവും... ട്രെയിൻ ഇപ്പോൾ തന്നെ ചേപ്പാട് സ്റ്റോപ്പ്‌ എത്തും... അന്നേരം പാവം ഇറങ്ങിക്കോളും..." ഇത് കേട്ടപ്പോൾ എല്ലാരും ഒന്നടങ്ങി. എനിക്ക് നേരിയ ആശ്വാസം ആയി. ഞാൻ ആ വിളിച്ചു പറഞ്ഞ ആളെ കാണാനായി ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി. രണ്ടു വശത്തുള്ള സീറ്റുകളുടെ നടുവിൽ കൂടിയുള്ള വഴിയിൽ നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു പുഞ്ചിരിച്ച മുഖമായി ഒരവൾ. ആ പുഞ്ചിരിയിൽ പരിഹാസം ഇല്ലാരുന്നു. ഞാൻ ചമ്മിയ മുഖത്തോടെ ഒരു ചിരി ആ കൂട്ടത്തിനിടയിലെ അന്തരീക്ഷത്തിലേക്ക് ലയിപ്പിച്ചയച്ചു. അവൾ തിരിച്ച് ഒരു ചെറു ചിരിയോടെ കണ്ണുകളൊരു നിമിഷം ചിമ്മിയടച്ച് തുറന്നു. എന്നിട്ട് നോട്ടം വെളിയിലേക്ക് തിരിച്ചു വിട്ടു . അവളാണ് ഞാൻ ആദ്യമേ പറഞ്ഞ 'മീനാക്ഷി'


- തുടരും (March 31, 2024. കൃഷ്ണപുരം)



Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു