മീനാക്ഷി (ഭാഗം -3) - Meenakshi Story







മീനാക്ഷി (ഭാഗം - 3)

-- --- --- --- --- ---

ഇതേ സമയം വരുൺ ട്രെയിനുള്ളിൽ ഇരുന്ന് കൊണ്ട് വിളിച്ചു പറഞ്ഞു. "എടാ ജിജോ. ട്രെയിൻ ഇപ്പോൾ എടുക്കും. നീ വേഗം കേറി വാ... " "ഇപ്പോൾ വരാടാ" എന്നും പറഞ്ഞ് ഞാൻ മീനാക്ഷി പറയുന്നത് ശ്രദ്ധിച്ചു. സംഭവം എന്താണെന്ന് വെച്ചാൽ, അവൾ ട്രെയിന്റെ സ്റ്റെപ്പിലൂടെ അകത്തേക്ക് കേറാൻ നോക്കിയപ്പോൾ സാരി ചെരുപ്പിൽ കുരുങ്ങി സ്ലിപ്പായി. ആ വെപ്രാളത്തിൽ വലത് കാലിലെ ചെരുപ്പ് ഊരി പ്ലാറ്റ്ഫോമിന്റെ ഇടയിലൂടെ പാളത്തിലേക്ക് വീണ് പോയി. ഇത് കേട്ട ഞാൻ പ്ലാറ്റ്ഫോമിന്റെയും, ട്രെയിന്റെയും ഇടയിലെ ചെറിയ ഗ്യാപ്പിലേക്ക് നോക്കി. അവൾടെ കൂട്ടുകാരി മീനാക്ഷിയെ നോക്കി. മീനാക്ഷി എന്നെ നോക്കി. ഞാൻ വീണ്ടും മീനാക്ഷിയെ നോക്കി. പിന്നെ ആ നോട്ടക്കളി മതിയാക്കി മീനാക്ഷി പറഞ്ഞു തുടങ്ങി. "അച്ഛൻ ഇന്നെന്നെ തല്ലി കൊല്ലും. ഉറപ്പാ... കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ വേണ്ടി ഇന്നലെ പുതുതായി വാങ്ങി തന്നതാ... ഇതില്ലാതെ ചെന്നാൽ നല്ല ചീത്തയും കേൾക്കും".


അവളുടെ വിഷമ അവസ്ഥ കണ്ട് കൂട്ടുകാരി ചെരുപ്പ് പോയ ഭാഗത്തേക്ക്‌ നോക്കിയിട്ട് ഒരു വഴി പറഞ്ഞു. " ഈ ട്രെയിൻ പോയിക്കഴിഞ്ഞിട്ട് അവിടെ കിടക്കുന്ന ചെരുപ്പും എടുത്തിട്ടോണ്ട് നമുക്ക് അടുത്ത ട്രെയിന് പോകാം. കുറച്ച് ലേറ്റ് ആകുമെന്നേ ഉള്ളൂ." കൂട്ടുകാരി സിക്സ് അടിച്ച് കേറുമെന്ന് ഉറപ്പായപ്പോൾ രണ്ടായിരം വോൾട്ടിന്റെ പുച്ഛഭാവം കൂട്ടുകാരിയുടെ മുഖത്തേക്ക് ചുഴറ്റി എറിഞ്ഞിട്ട് ഞാൻ ഒരു സാമൂഹിക തൊഴിലാളിയായി മാറാൻ തീരുമാനിച്ചു. മീനാക്ഷിയോടും കൂട്ടുകാരിയോടും ട്രെയിനിനകത്തേക്ക് കേറി നിൽക്കാൻ പറഞ്ഞു. അവർ കേറി നിന്നിട്ട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കി സ്റ്റെപ്പിന്റെ അടുത്ത് തന്നെ നിന്നു.


ഞാൻ ഒന്നൂടെ പ്ലാറ്റ്ഫോമിന്റെയും ട്രെയിന്റെയും ഗ്യാപ്പിലൂടെ ചെരുപ്പ് വീണ ഭാഗത്തേക്ക്‌ നോക്കി. ചെരുപ്പ് കിടക്കുന്നത് കാണാൻ പറ്റുന്നുണ്ട്. ഞാൻ പയ്യെ പ്ലാറ്റ്ഫോമിലേക്ക് കുത്തിയിരുന്ന് ചെരുപ്പ് വീണ ഭാഗത്തേക്ക്‌ കൈ എത്തി നോക്കി. രക്ഷയില്ല... പിന്നെ പ്ലാറ്റ്ഫോമിലേക്ക് അങ്ങ് കമഴ്ന്ന് കിടന്നു പരിശ്രമിച്ചു. ട്രെയിൻ പുറപ്പെടാനായി ഹോൺ മുഴക്കി. അപ്പോഴേക്കും വരുണും ഓടി സ്റ്റെപ്പിനടുത്ത് വന്നു. മീനാക്ഷിയും, കൂട്ടുകാരിയും, വരുണും ട്രെയിനുള്ളിൽ നിന്നവരും, റെയിൽവെ സ്റ്റേഷനിൽ ഉള്ളവരും എല്ലാരും കൂടി "എണ്ണീക്ക്, എണ്ണീക്ക്" എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അവസാനം ഞാൻ കൈയെത്തി ചെരുപ്പ് എടുത്ത് എണീറ്റിട്ട്, ഒളിമ്പിക്സിൽ വിജയിക്ക് ഗോൾഡ് മെഡൽ കൊടുക്കുന്ന ഗമയിൽ മീനാക്ഷിയുടെ കൈയിൽ കൊടുത്തു. അവളെന്താ പറയേണ്ടതെന്ന് അറിയാതെ, അമ്പരപ്പും, പേടിയും, സഹതാപവും, ചെരുപ്പ് കിട്ടിയതിന്റെ സന്തോഷവും, മിക്സ് ചെയ്ത് അവളുടെ മുഖത്ത് ഒരു തരം രസം വിരിയിച്ചു കാണിച്ചു. ആ രസം നോക്കി ഞാൻ അങ്ങനെ രസിച്ചു നിൽക്കുമ്പോൾ ട്രെയിൻ പയ്യെ നീങ്ങി. ആ സമയം സ്റ്റെപ്പിൽ മീനാക്ഷിയുടെയും കൂട്ടുകാരിയുടെയും പിറകെ നിന്ന വരുൺ അലറി വിളിച്ചു. "ടാ നിന്റെ ചങ്കാ പറയുന്നേ... ട്രെയിനിലോട്ട് കേറടാ...". ഞാൻ കേറാനായി മുന്നോട്ട് ആഞ്ഞപ്പോൾ എന്റെ പിറകിൽ നിന്നും ഷർട്ടിൽ ഒരു പിടുത്തം. "നീ എങ്ങോട്ടാ ഈ പോകുന്നേ... ഈ ട്രെയിൻ അങ്ങ് പോയിട്ട് ഇനി വരുന്ന അടുത്ത ട്രെയിന് നീ പോയാൽ മതി" എന്നും പറഞ്ഞ് കൊണ്ട് ഒരു റെയിൽവേ പോലീസ് എന്നെ പിടിച്ചു കൊണ്ട് പിറകിലേക്ക് കൊണ്ട് നിർത്തി. ഏതോ യാത്രക്കാരൻ എന്റെ കിടപ്പ് കണ്ടിട്ട് കുറച്ച് ദൂരെ മാറി ചായ കുടിച്ചോണ്ടിരുന്ന റെയിൽവേ പോലീസിനോട് പറഞ്ഞെന്ന്. "കാമുകിയോട് വഴക്കിട്ട് ഒരു പ്രാന്തൻ ആൽമഹത്യക്ക് ശ്രമിക്കുന്നു എന്ന്...". ഇത് കേട്ട് എന്റെ ജീവൻ രക്ഷിക്കാൻ ഓടി വരികയും, എന്നെ രക്ഷിച്ചതാണ് എന്ന് വിചാരിച്ച് സ്വയം അഭിമാന പുളകിത് ആയി എന്നെ ദയനീമായി നോക്കി നിന്ന് റെയിൽവേ പോലീസ് കിതപ്പ് മാറ്റുന്നു. ഞാൻ ആണെങ്കിൽ ഉടുപ്പിലും, പാന്റ്സിലും പ്ലാറ്റ് ഫോമിൽ കിടന്നപ്പോൾ പറ്റിയ പൊടിയും, അഴുക്കും തട്ടി തുടച്ച് കൊണ്ട്, പയ്യെ നീങ്ങുന്ന ട്രെയിനിന്റെ സ്റ്റെപ്പിൽ നിൽക്കുന്ന മീനാക്ഷിയെ നോക്കി. മീനാക്ഷി ആണേൽ ചെരുപ്പ് പിടിച്ചു കൊണ്ട് "പാവം പെട്ടു പോയല്ലോ" എന്ന ഭാവത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ എന്നെ നോക്കി നിക്കുന്നു. അവളുടെ കൂട്ടുകാരിയാണേൽ ഭൂലോക തോൽവിയെ നോക്കുന്ന ഭാവത്തിൽ എന്നെ അടിമുടി നോക്കി. വരുൺ ആണേൽ എന്നെയും റെയിൽവേ പോലീസിനെയും മാറി മാറി നോക്കി ചിരി തുടങ്ങി. ഇത് കേട്ട് മീനാക്ഷിയുടെ കൂട്ടുകാരിയും, ആ ബോഗിയിൽ നിന്ന് ഈ ഷോ കണ്ടോണ്ടിരുന്നവരും വരുണിന്റെ കൂടെ ചേർന്ന് ചിരിച്ചു... 


- തുടരും (Sat.Apr.13, 2024.വൈറ്റില്ല ഹബ്) 

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു