മീനാക്ഷി (ഭാഗം -4) - Meenakshi Story






ഞാൻ ആകെ ചമ്മി വിയർത്ത് വേറെ ആരെയും ശ്രെദ്ധിക്കാതെ ട്രെയിൻ പയ്യെ നീങ്ങുന്നതും നോക്കി നിന്നു. ഇടക്ക് മീനാക്ഷി നിന്ന ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോൾ അവൾ എന്നെ തന്നെ സങ്കടത്തോടെ നോക്കുന്നു. എന്നിട്ട് ഒരു നിമിഷം അവൾ കണ്ണടച്ച് തുറന്നിട്ട്, ഒരു ദീർഘനിശ്വാസം എടുത്ത് പയ്യെ റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുന്നു. മുന്നോട്ട് ചാടിയത് കൊണ്ട് വീഴാതെ ഓടി ഉലഞ്ഞു നിന്നു. ഇത് കണ്ട റെയിൽവേ പോലീസും, ഞാനും കൂടി ഒരുമിച്ച് വാ കീറി നോക്കി നിന്നു. അവളൊന്നു പേടിച്ചെങ്കിലും കോൺഫിഡൻസ് തിരിച്ച് പിടിച്ച് ചെറിയ ചിരിയോടെ കൈയിൽ ഇരുന്ന ചെരുപ്പ് താഴേക്കിട്ട് സാരി തുമ്പ് അല്പം പൊക്കി ചെരുപ്പും ഇട്ടോണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.


മയിൽപ്പീലി നീല കളറിലുള്ള സാരിയും, റോയൽ റെഡ് നിറത്തിലുള്ള ബ്ലൗസ്സും, സാരിയുടെയും ബ്ലൗസ്സിന്റെയും ബോർഡറിൽ കുഞ്ഞു തിളക്കമുള്ള കല്ലുകൾ കൊണ്ടുള്ള ഗോൾഡൻ, റെഡ്, ഗ്രീൻ കലർന്ന എംബ്രോയിടറിയും ഉള്ള മാച്ചിങ് ഡ്രെസ്സിൽ അവളെ കാണാൻ നല്ല രസമായിരുന്നു. മാല ഒന്നും ഇട്ടിരുന്നില്ലേലും, കാതിലെ ഞാത്തുള്ള വലിയ ബ്ലാക്ക് മെറ്റൽ കമ്മൽ അവളുടെ നടത്തത്തിനനുസരിച്ച് തുള്ളി ചിലച്ചു കൊണ്ടിരുന്നു. നല്ല ചുരുണ്ട മുടിയാണ് അവൾക്ക്. ഇടക്കിടക്ക് കൈകൾ കൊണ്ട് പറന്നുല്ലസിക്കുന്ന വഴങ്ങാത്ത മുടികളെ പിറകിലേക്ക് ഒതുക്കി കൊണ്ടിരുന്നു. മഴവിൽ വളവ് പോലത്തെ നേർത്ത പുരികത്തിനിടയിലെ ഒഴിഞ്ഞ നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടു കൂടിയുണ്ടായിരുന്നേൽ എന്ന് ഞാൻ ഒരു കാര്യമില്ലാതെ ആലോചിച്ചു...


അവൾ നേരെ എന്റെ ഇടതു വശത്തായി വന്നു നിന്നു. പോലീസ്കാരൻ അവളെ വഴക്ക് പറയാൻ തുടങ്ങുന്നതിനു മുൻപായി അവൾ കേറി പറഞ്ഞു. "എനിക്ക് വേണ്ടി, എന്റെ ചെരുപ്പ് എടുക്കാൻ പോയത് കൊണ്ടാണ് ഈ പുള്ളിക്കാരനെ സാർ ഇവിടെ പിടിച്ചു നിർത്തിയേക്കുന്നത്. അത് കൊണ്ട് എനിക്ക് അങ്ങനെ ഒറ്റക്ക് ഇട്ടേച്ച് പോകാൻ തോന്നിയില്ല. ഇപ്പോൾ ട്രെയിനിൽ നിന്ന് ഞാൻ ചാടി ഇറങ്ങിയതും തെറ്റായിരിക്കുമല്ലോ... എല്ലാത്തിനൂടെ ഒരുമിച്ച് നിൽപ്പ് സത്യാഗ്രഹം ആവാം"... ഇത്രേം പറഞ്ഞിട്ട് അവൾ അവരെ പാസ്സ് ചെയ്ത് പോകുന്ന എറണാകുളം കൊല്ലം പാസ്സഞ്ചറെ നോക്കി നിന്നു. പോലീസ്കാരൻ അവളെയും എന്നെയും ഒന്ന് കലിച്ച് നോക്കിയിട്ട് മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.. "കൊറച്ച് കഴിഞ്ഞ് എറണാകുളം കായംകുളം പാസ്സഞ്ചർ വരും. അത് വരെ അവിടെ നിക്ക്, അല്ലേൽ ഇടക്ക് റെയിൽവേ ട്രാക്കിലേക്ക് ചെരിപ്പ് ഇട്ടും, എടുത്തും കളിച്ചോണ്ടിരിക്ക്...". ഇത് കേട്ട് ഞാനും അവളും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നിട്ട് ഒറ്റ ചിരി.


 അൽപ നേരം കഴിഞ്ഞ് അവൾ ആദ്യമായി സ്വയം പരിചയപ്പെടുത്തി. "എന്റെ പേര്... മീനാക്ഷി"... ഇവിടെ ഗവൺമെൻ്റ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു... തന്റെ പേരെന്താ.. എന്ത് ചെയ്യുന്നു"... മീനാക്ഷി പഴയ പേരാണെങ്കിലും... കൊള്ളാം... എന്നാലോചിച്ചു നിക്കുമ്പോൾ അവൾ മുന്നോട്ട് നടന്നു കൊണ്ട്... "ഞാൻ പോയി രണ്ട് ചായ വാങ്ങി വരാം..." പിന്നെ ആക്കിയ ചിരി ചിരിച്ച് കൊണ്ട്... "പഞ്ചാര എങ്ങനാ... കുറവാണോ... കൂടുതലാണോ..." ഞാനും വിട്ട് കൊടുത്തില്ല... "കുറവുമില്ല... കൂടുതലുമില്ല... ആവശ്യത്തിന്...". "അതാണ് ആരോഗ്യത്തിന് നല്ലത്..". അവൾ പ്ലാറ്റ് ഫോമിന്റെ അടുത്തുള്ള ടീ ഷോപ്പിലേക്ക് നടന്നു...


ചായയും കൊണ്ട് ഞങ്ങൾ സ്റ്റേഷന്റെ കുറച്ച് മാറിയുള്ള ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു. എന്നിട്ട് ട്രെയിൻ വരുന്നിടം വരെ സംസാരിച്ചു. മീനാക്ഷിയാണ് കൂടുതലും പറഞ്ഞത്. അവൾ ഡിഗ്രിക്ക് നങ്യാർകുളങ്ങര ടി. കെ. എം. എം കോളേജിലാണ് പഠിച്ചതെന്നും. മൂന്ന് വർഷം ഒരു പ്രണയമുണ്ടായിരുന്നെന്നും... പിന്നീട് കോളേജ് കഴിഞ്ഞപ്പോൾ അത് ബ്രേക്ക്‌ അപ്പ്‌ ആയെന്നും, ഇപ്പോഴും അതിന്റെ സ്‌ട്രെസ്‌ പൂർണ്ണമായും മാറിയിട്ടില്ലെന്നും, വീണ്ടും പഠിക്കാൻ തുടങ്ങിയപ്പോളാണ് കുറയൊക്കെ മാറിയതെന്നും പറഞ്ഞു. എന്റെ കാര്യങ്ങൾ പങ്ക് വെക്കുന്നതിടയിൽ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും, ഇപ്പോഴും ആ റിലേഷൻ തുടരുന്നു എന്നും അവളോട്‌ പറഞ്ഞു. എനിക്ക് ഒരു പ്രണയം ഉണ്ടെന്ന് അവൾ കേട്ടിട്ട്.. പുഞ്ചിരിച്ച് കൊണ്ട് ആ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചറിഞ്ഞു...


പിന്നീട് എറണാകുളം കായംകുളം പാസ്സഞ്ചർ വന്നപ്പോൾ അതിൽ കേറിയതും, ഇരുന്നതും ഒരുമിച്ചായിരുന്നു. അതിനിടയിൽ ഞങ്ങൾ പരസ്പരം മൊബൈൽ നമ്പർ സേവ് ചെയ്തു. പിന്നെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവളെ കാത്ത് നിന്ന മീനാക്ഷിയുടെ അച്ഛനെ എനിക്ക് അവൾ പരിചയപ്പെടുത്തി. കായംകുളം പോലീസ് സ്റ്റേഷനിലെ എ. എസ്. ഐ ആയി വർക്ക് ചെയ്യുന്ന മാധവൻ. എന്റെ കാര്യങ്ങളൊക്കെ പുള്ളി ചോദിച്ചറിഞ്ഞിട്ട് ബൈക്കിൽ അവളെയും കൊണ്ട് പോയി. പിന്നിലിരുന്ന് കൊണ്ട് അവളുടെ ചെരുപ്പിലേക്ക് കൈ ചൂണ്ടിയിട്ട് താങ്ക്സ് എന്ന് പറഞ്ഞിട്ട് ടാറ്റ കാണിച്ച് പോയി.


- തുടരും (Sat.Apr.27, 2024. കൃഷ്ണപുരം)


Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു