മീനാക്ഷി (ഭാഗം - 2) - Meenakshi - Short Story




മീനാക്ഷി (ഭാഗം - 2)

-- --- --- --- --- ---

ആലപ്പുഴ ഇൻസ്റ്റിട്യൂട്ടിലെ മൾട്ടിമീഡിയ ക്ലാസ്സും കഴിഞ്ഞ് വൈകുന്നേരം ഞാനും വരുണും കൂടി ഇരുമ്പ് പാലം കടന്ന് മെഡിക്കൽ ജംഗ്ഷൻ വഴി നടന്ന്  റെയിൽവേസ്റ്റേഷൻ പോകാനുള്ള സ്റ്റോപ്പിൽ ചെന്ന് പ്രൈവറ്റ് ബസ് കേറി പോകാറാണ് പതിവ്. റെയിൽവേ സ്റ്റേഷൻ എത്തും മുൻപ് ബസിലെ കണ്ടക്ടർ 'കടപ്പുറം' 'കടപ്പുറം' എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. നേരെയുള്ള വഴി വന്ന് ഈ കടപ്പുറം സ്റ്റോപ്പിന്റെ ഇടത്തൂടെ പോകുമ്പോൾ ആണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ എത്തുന്നത്. അതിന് മുൻപുള്ള കടപ്പുറം സ്റ്റോപ്പിൽ നിന്ന് ബസിലൂടെ നോക്കിയാൽ കടൽത്തീരം കാണാം. ചുമന്ന് തുടുത്ത സൂര്യനെ, ആകാശം മെല്ലെ, ആഴക്കടലിലെ വെള്ളം പുതപ്പിച്ച് ശാന്തനാക്കി കടലിലേക്ക് ഒളിപ്പിച്ചു വെക്കുന്ന ആ മനോഹര കാഴ്ച, വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ഈ വഴി പോകുമ്പോൾ ചെറുതായി കാണാം. ഞാനും വരുണും കൂടി പല തവണ അങ്ങോട്ടേക്ക് പോകാൻ പ്ലാൻ ഇട്ടെങ്കിലും ഒന്നും നടന്നില്ല. ഒന്നുകിൽ അവധി ദിവസം ഇതിനായി വരണം. അല്ലേൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യണം. അത് രണ്ടും നടക്കാൻ സാധ്യത കുറവും.


ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ കുറച്ചു മാറി ഇടത് വശത്തായി ഒരു ചായക്കടയുണ്ട്. വല്ലപ്പോഴും ഞങ്ങൾ അവിടെ കേറി ചായ കുടിക്കും. നല്ല പൊക്കവും വണ്ണമുള്ള ഒരു ചേട്ടനാണ് ഓർഡർ എടുക്കുന്നതും വിളിച്ചു പറയുന്നതും. ആ ചായക്കട മുഴുവനും, പിന്നെ വെളിയിലും കേൾക്കാം പുള്ളീടെ വിളിച്ച് പറച്ചിൽ ശബ്ദം. ആ ചായക്കടയിൽ വർഷങ്ങളായിട്ടുള്ള നിൽപ്പും നടപ്പും കാരണമാകാം കാലിൽ വേരിക്കോസ് വെയിൻ വന്നു ചുരുണ്ടു കൂടിയിരിപ്പുണ്ട്. അതിന്റെ വേദനയും, വളവ് കൂടിയ കാലും വെച്ച് ചെറുതായി ഏന്തിയാണ് നടപ്പ്. സാധാരണ ഞങ്ങള് ലൈറ്റ് ചായ ആണ് കുടിക്കാറ്. ചെന്നിരുന്നിട്ട് ചേട്ടനോട് പറയും. രണ്ട് ലൈറ്റ് ചായ എന്ന്. പുള്ളി അത് കേട്ടിട്ട്, ആ ചായക്കട മുഴുവനും കാലിലെ വേരിക്കോസ് വെയിൻ കൊണ്ട് ചുറ്റി എടുത്ത് ഒന്ന് കുലുക്കി തോർത്തി നാല് ദിക്കും കേൾക്കെ പോലെ വിളിച്ച് പറയും."നൂറ് ട്യൂബ് ലൈറ്റേയ്... തൊണ്ണൂറ്റിഎട്ട് ക്യാൻസൽ... " രണ്ട് ചായക്ക്‌ ആണ് പറഞ്ഞതെന്ന് ചായ അടിക്കുന്ന ചേട്ടന് മനസ്സിലാകും. രണ്ട്... മൂന്ന് തവണ ചായക്കടയിൽ കേറി ഇറങ്ങി കഴിഞ്ഞാണ് ഞങ്ങൾക്ക് നൂറ് ട്യൂബ് ലൈറ്റ് ചായയുടെ ഗുട്ടൻസ് പിടികിട്ടിയത്. ആരേലും ഒരു ചായ ആണ് പറയുന്നതെങ്കിൽ പുള്ളി പറയും. "നൂറ് ചായേയ്... തൊണ്ണൂറ്റിഒൻപത് ക്യാൻസൽ..." നല്ല രുചിയുള്ള ചായ ആയിരുന്നു. വർഷം കൊറേ കഴിഞ്ഞെങ്കിലും ഇപ്പോൾ ആ രുചി നാക്കിൻ തുമ്പത്ത് വിരുന്ന് വന്നു.


അന്നൊരു ഞായറാഴ്ച ദിവസം ആയിരുന്നു. സാധാരണ ഞായറാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സില്ല. ഇത് പ്രിന്റ് മീഡിയ സെമെസ്റ്റർ തീരുന്നതിന്റെ പ്രൊജക്റ്റ്‌ ചെയ്യാൻ പോയതായിരുന്നു. അതും കഴിഞ്ഞ് വൈകുന്നേരം ഞങ്ങൾ കായംകുളത്തേക്ക് തിരിച്ചു പോകാനായി ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ എത്തി. എറണാകുളം കൊല്ലം പാസ്സഞ്ചർ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ എത്തിയിട്ടുണ്ട്. വേറെ ഏതോ ട്രെയിൻ ലേറ്റ് ആയത് കൊണ്ട് ഈ പാസ്സഞ്ചർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഞാനും വരുണും കൂടി റെയിൽവേ സ്റ്റേഷന്റെ എൻട്രൻസിനോട്‌ ചേർന്നുള്ള ബോഗിയിൽ കേറി സൈഡിലുള്ള ഓരോ സീറ്റിൽ ഇരിപ്പായി. ഓരോന്നൊക്കെ പറഞ്ഞു ഇങ്ങനെ ഇരുന്ന് എൻട്രൻസിലേക്ക് നോക്കുമ്പോൾ റെയിൽവേ സ്റ്റേഷന്റെ പടി കേറി ഓടി വരുന്നു "മീനാക്ഷി". അവളുടെ മുന്നേ വേറൊരു പെങ്കൊച്ചും ഓടി വരുന്നുണ്ട്. അന്ന് ലേഡീസ് കമ്പാർട്മെന്റിൽ കണ്ട പോലെ അല്ലായിരുന്നു. ഏതോ കല്യാണത്തിനോ, ഫങ്ഷനോ പോയിട്ട് വരുന്ന പോലെ സാരിയൊക്കെ ഉടുത്ത് ഒരുങ്ങിയിട്ടുണ്ട്. ഞങ്ങൾ കേറിയ അതെ ബോഗി ലക്ഷ്യമാക്കിയാണ് വരവ്. മുൻപേ ഓടി വന്ന കുട്ടി ട്രെയിനുള്ളിൽ കേറി. മീനാക്ഷി ഓട്ടത്തിന്റെ സ്പീഡ് കുറച്ച് പയ്യെ ട്രെയിനിന്റെ ബോഗിയിലെ സ്റ്റെപ്പിൽ കേറാൻ നോക്കിയതും സ്റ്റെപ്പിൽ ചെരുപ്പും സാരിയും കുരുങ്ങി വീഴാൻ പോയി. അവൾ സൈഡിൽ പിടിച്ച് വീഴാതെ ഒരുവിധം നേരെ നിന്നു. പക്ഷെ അവൾ ട്രെയിനിൽ കേറാതെ തിരികെ പ്ലാറ്റ്ഫോമിൽ തന്നെ നിന്നു. മുഖത്ത് ചെറിയ വെപ്രാളം ഉണ്ട്. കൂട്ടുകാരി തിരികെ ഇറങ്ങി അവളോട് സംസാരിക്കുന്നുണ്ട്. ഇത് കണ്ട ഞാൻ വരുണിനെ വിളിച്ച് മീനാക്ഷിയെ ചൂണ്ടി കാണിച്ച് കൊടുത്തിട്ട് അന്ന് ലേഡീസ് കമ്പാർട്മെന്റിൽ കണ്ട കുട്ടി അതാണെന്ന് പറയുന്നു. അവർക്കെന്തോ പറ്റിയിട്ടുണ്ട് ഞാനൊന്ന് നോക്കി വരാം എന്ന് പറഞ്ഞ് അങ്ങോട്ട് പോയി.


ഞാൻ ചെന്നിട്ട് കാര്യം അന്വേഷിച്ചു. ഇത് കേട്ട കൂട്ടുകാരി എന്നെ ആയിരം വോൾട്ട് പുച്ഛ ഭാവം മുഖത്ത് ഫിറ്റ്‌ ചെയ്ത് ആട്ടിപ്പായിക്കാൻ നോക്കി. പക്ഷെ മീനാക്ഷി ആ ഫ്യൂസ് ഊരിയെറിഞ്ഞിട്ട് എന്നെ ഒരു ഗിനിക്കോഴിയെ നോക്കുന്ന പോലെ നോക്കിയിട്ട് സംഭവം എന്താണെന്ന് പറഞ്ഞു.


- തുടരും (Sun.Apr. 07, 2024. കൃഷ്ണപുരം)


Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു